കൊച്ചി: നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂർ സ്വദേശിനി അർച്ചന ഗോപിനാഥാണ് വധു. കൊച്ചിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വെഡ്ഡിങ് ഡിസൈൻ പ്ലാനർ ആണ് അർച്ചന. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ഫാസിൽ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തുന്നത്. പിന്നീട് ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത രതിനിർവേദത്തിലൂടെ ശ്രദ്ധേയനാവുകയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത് 1978ൽ റിലീസായ രതിനിർവേദം പുനർനിർമ്മിച്ചപ്പോൾ പപ്പുവായെത്തിയത് ശ്രീജിത് ആയിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീജിത്ത് മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കണ്ണൂർ ആണ് അർച്ചനയുടെ സ്വദേശമെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലാണ്.

'രതിനിർവേദം' റീമേക്ക് ചെയ്തപ്പോൾ അത് വലിയ വിജയമായി. ഫാസിലിന്റെ ലിവിങ് ടുഗെദറിൽ അഭിനയിച്ചെങ്കിലും അത് ശ്രീജിത്തിന് ഗുണം ചെയ്തില്ല. ചെറുക്കനും പെണ്ണും, എന്നെന്നും ഓർമ്മയ്ക്കായ്, ഓടുതളം(തമിഴ്) എന്നീ സിനിമകളിലും ശ്രീജിത്ത് അഭിനയിച്ചു.