മാവേലിക്കര: ജോലി ചെയ്യുന്ന വിദേശ കമ്പനിയിൽ നിന്നും അവധി ലഭിക്കാത്തതിനാൽ വിവാഹം നീളുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം തേടി വിദേശകാര്യമന്ത്രാലയത്തിൽ അഭയം തേടി. എന്നിട്ടും ഫലമില്ല.

അവധി കിട്ടാത്തതിനാൽ നാട്ടിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് തഴക്കര ഇറവങ്കര ഗീതാഭവനിൽ ശ്രീജിത്ത് യശോധരൻ. കമ്പനിയിൽ നിന്ന് അവധി ലഭിക്കാത്തതിനാൽ വിവാഹത്തിന് വരാൻ കഴിയാതിരുന്നത്. നാട്ടിൽ കുടുംബം വിവാഹ ഒരുക്കങ്ങളെല്ലാം നടത്തി കാത്തിരിക്കുമ്പോൾ വരാൻ കഴിയാതെ വിഷമിക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്.

കുവൈത്തിൽ ഗൾഫ് റെന്റ് കാർപ്പോ കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്നാൽ ഇപ്പോൾ അവധി നൽകാൻ തയാറല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതേത്തുടർന്ന് ശ്രീജിത്തിന്റെ വീട്ടുകാർ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് ഇ-മെയിൽ വഴി പരാതി നൽകി. ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടതോടെ അവധി നൽകാമെന്ന് അധികൃതർ സമ്മതിച്ചു.

അതേസമയം കമ്പനി വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ രണ്ടാമതും വിദേശകാര്യമന്ത്രിക്ക് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കം പൂർത്തീകരിച്ച് ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം. സുഷമാ സ്വരാജ് കനിഞ്ഞാലേ ഇനി ശ്രീജിത്തിന്റെ വിവാഹം നടക്കൂ എന്നതാണ് വസ്തുത.

ഇതിനകം അനേകം വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുള്ള സുഷമാ സ്വരാജ് ശ്രീരാജിന്റെ കാര്യത്തിലും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.