തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ച പൊലീസ് അനുകൂലികൾക്ക് വൻ തിരിച്ചടി. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കിയതാണ് ഇതിന് കാരണം. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധൻ സഹായത്തോടെ കളവാണെന്ന് തെളിഞ്ഞ അതേ കത്താണ് വീണ്ടും ശ്രീജിത്തിന്റെ സമരത്തെ താറടിക്കാനായി പൊലീസ് വീണ്ടും ഉയർത്തുന്നത്. പൊലീസിന്റെ കള്ളക്കളി ജസ്റ്റീസ് നാരയണക്കുറപ്പ് തന്നെ തുറന്നു പറഞ്ഞതോടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർ കരുക്കിലുമായി.

കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ്‌ 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോൾ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സർക്കാർ തന്നെ സ്ഥിരീകരിച്ച് കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സർക്കാർ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പൊലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പൊലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കിയത്. ഇതോടെ നിൽക്കള്ളി ഇല്ലാതെ പൊലീസുകാർ മാറി. ശ്രിജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ സിഐ ഗോപകുമാർ അടക്കമുള്ളവർക്ക് വേണ്ടി സൈബർ ലോകത്ത് ഇടപെടൽ ശക്തമാക്കി. അതും പൊളിയുകയാണ്.

ശ്രീജീവിന്റെ ശരീരത്തിൽ ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കിയ എസ് ഐയ്‌ക്കെതിരേയും നടപടി വേണമെന്ന് ജസ്റ്റീസ് നാരയണക്കുറുപ്പ് വ്യക്തമായി തന്നെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്തരമൊരു വിഷയത്തിലാണ് പുതിയ അജണ്ട സെറ്റ് ചെയ്യാനും പൊലീസിന് കാര്യങ്ങൾ അനുകൂലമാക്കാനും ശ്രമം നടക്കുന്നത്. ഇതിനേയും രേഖകൾ കൊണ്ടു തന്നെ പൊളിക്കാൻ ശ്രീജിത്തിന് കഴിയുന്നു. അതുകൊണ്ട് തന്നെ വലിയ പിന്തുണ വരും ദിവസങ്ങളിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് കിട്ടും. അതിനിടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തിൽ ഇടപെടാനുള്ള സാധ്യതയും ഏറെയാണ്.

സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ പിടിക്കണമെന്ന ആവശ്യവുമായി സത്യാഗ്രഹ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ ഏറുമ്പോഴാണ് പുതിയ കഥകളുമായി പൊലീസ് എത്തിയത്. ഇവിടെ ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മറ്റൊരു വിഷയം. ഇതൊന്നും പുറത്തുവരില്ലെന്ന പ്രതീക്ഷയിലായിരുന്നു കള്ളക്കഥകളുമായി പൊലീസ് എത്തിയത്. ആരോപണവിധേയനായ എസ് ഐയും അതേ നാട്ടുകാരനായിരുന്നുവെന്നും അയാൾ നല്ല ആളാണെന്നും പറഞ്ഞായിരുന്നു ചിലർ സോഷ്യൽ മീഡിയയിൽ പൊലീസ് അനുകൂല തരംഗം സൃഷ്ടിക്കാനെത്തിയത്. എത്രയും പെട്ടന്ന് നിഷ്പക്ഷ അന്വേഷണം നടത്തി യാധാർത്ഥ്യം പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നാണ് സംഭവത്തിൽ ഉൾപെട്ട പൊലീസുകാരുടേയും ആഗ്രഹംമെന്നും അവർ വിവരിച്ചു. ആത്മഹത്യക്കുറിപ്പ് ചർച്ചയാക്കാനും ശ്രമിച്ചു. ഇതാണ് ജസ്റ്റീസ് നാരാണക്കുറിപ്പിന്റെ ഇടപെടൽ പൊളിച്ചതും.

ഇതിൽ ആരോപണ വിധേയനായ ഇൻസ്‌പെക്ടർ എനിക്ക് പരിചയമുള്ള ആളാണ്. നാട്ടുകാരനുമാണ്. വളരെ മാന്യനും സൗമ്യനുമായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അന്ന് സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന സുഹൃത്തായ ഒരു പൊലീസുദ്യോഗസ്ഥനോട് അന്വേഷിച്ചതിൽ. അയാൾ പറഞ്ഞത് മരിച്ചയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണന്നാണ്. ജൂവനൈൽ ആയിരിക്കുമ്പോൾ തന്നെ മോഷണ കേസുകളിൽ പ്രതിയായ ആൾ. അന്ന് അറസ്റ്റിലാവുന്നത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറ്റത്തിനാണ്. (മറ്റ് രണ്ട് മോഷണ കേസ് കൂടി അപ്പോൾ അയാളുടെ പേരിലുണ്ടായിരുന്നു.കൂടാതെ പെണ്ണുകേസും) മോഷ്ടിച്ച മൊബൈലുകൾ കമ്പനി റെപ്രസെന്റേറ്റീവ് എന്നു പറഞ്ഞ് മറ്റ്പല കടകളിലും വിൽക്കുവാനും അയാൾ ശ്രമിച്ചിരുന്നു. ആ കടക്കാരൊക്കെയും പൊലീസിന് തെളിവ് നൽകിയിട്ടുണ്ട്. പിടിയിലായപ്പോൾ തന്നെ കുറ്റം സമ്മതിച്ചതിനാൽ ഒന്ന് നുള്ളിപ്പോലും നോവിച്ചിട്ടില്ലെന്നാണ് സംസാരിച്ച പൊലീസുകാരൻ പറഞ്ഞത്.-ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.

അയാളുടെ സ്വഭാവം കാരണമാവാം പ്രയബന്ധം തകരുകയും ആ കുട്ടി വേറെ വിവാഹിതയാവുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് പരാതിയും ചില പൊലീസ് ഇടപെടലുമൊക്കെ ഉണ്ടായിട്ടുണ്ട്. അതാവാം പിന്നീട് പൊലീസുപിടിച്ചാൽ അത്മഹത്യ ചെയ്യുമെന്ന് അയാൾ പലരോടും പറഞ്ഞിരുന്നു. ഇത് രേഖപ്പെടുത്തിയ അയാളുടെ ഡയറിയും കിട്ടിയിരുന്നു. അതിലെ കൈയക്ഷരം അയാളുടെ തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബോഡിസെർച്ചിനു ശേഷമാണ് അയാളെ ലോക്കപ്പിൽ ഇട്ടത്. എന്നാൽ അടിവസ്ത്രം ഊരി പരിശോധിച്ചിരുന്നില്ല.സാധാരണ അത് പതിവുള്ളതുമല്ലല്ലോ.... ആ പൊലീസുകാരൻ പറഞ്ഞത് ഒരു സെന്റീമീറ്ററോളം വീതിയിൽ മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്യൂരഡാൻ അയാൾ അണ്ടർവെയറിന്റെ അകത്തെ ഇലാസ്റ്റിക്കിൽ പിൻചെയ്ത് വച്ചിരുന്നു എന്നാണ്. ലോക്കപ്പിൽ വച്ച് അതെടുത്ത് കഴിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.

ഈ സമയം പൊലീസുകാരെക്കൂടാതെ മറ്റൊരു കേസിലെ പ്രതിയും സ്റ്റേഷനിൽ ഹാജരുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നുള്ള മരണം തന്നെയാണ് പറഞ്ഞിരിക്കുന്നത്.. പൊലീസ് വിഷം കൊടുത്തു കൊന്നു എന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. ഞാനും നിങ്ങളുമൊക്കെ പൊലീസുകാരാണ്. അവനവന്റെ കരിയറും ജീവിതവും തുലച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ ലോക്കപ്പ് ചെയ്യപ്പെട്ടിരിക്കുന്ന പ്രതിക്ക് ആരെങ്കിലും വിഷം കൊടുക്കുമോ .. അതും സമൂഹത്തിൽ നിലയും വിലയുമുള്ള സിഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ..???? അതിനേക്കാൾ നല്ലത് ട്രെയിന് തല വയ്ക്കുന്നതല്ലേ ..? അല്ലെങ്കിൽ സ്വജീവൻ കളഞ്ഞും കൊല്ലാൻ മാത്രം ശത്രുതയുള്ള ആളായിരിക്കണം...-ഇങ്ങനെ പോകുന്നു വിശദീകരണം.

പൊലീസുകാരെ കണ്ണെടുത്താൽ കണ്ടു കൂടാത്ത ജ:നാരായണക്കുറുപ്പായിരുന്നു കംപ്ലയിയിന്റ് അഥോറിറ്റിയിൽ. അവർ പ്രത്യേക അന്വേഷണ കമ്മീഷനെ വച്ച് പൊലീസിനെതിരേ എന്തോ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. (പൊലീസ് കംപ്ലയിന്റ് അഥോറിറ്റി പോലെയുള്ള മർമ്മ പ്രധാന സ്ഥാനങ്ങളിൽ നിഷ്പക്ഷരായവരെയാണ് ഇരുത്തേണ്ടത്. അല്ലാതെ പണ്ടേ തന്നെ പൊലീസ് വിരോധത്തിന് പേര് കേട്ടവരെയല്ല. അല്ലെങ്കിൽ നീതി നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പൊലീസും ഉണ്ടാവും. എത്രയും പെട്ടന്ന് സിബിഐ പോലെയുള്ള ഒരു ഏജൻസി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നു തന്നെയാണ് പൊലീസിന്റെയും ആഗ്രഹം. കള്ളനെ പിടിക്കാതിരുന്നാൽ ആ പഴി കേട്ടാൽ മതിയല്ലോ .. പിടിച്ചിട്ട് വെറുതേ ജീവിതം കോഞ്ഞാട്ടയാക്കുന്നതെന്തിനെന്ന് ഏതെങ്കിലും പൊലീസുകാർ കരുതിയാൽ അവരെ കുറ്റം പറയാൻ കഴിയുമോ ..??-ഇങ്ങനെയാണ് ചർച്ച കൊണ്ടു പോകാൻ അവരുടെ ആഗ്രഹം.