- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ഇടത്തിലെ ശ്രീകണ്ഠൻ നായർ ഷോ വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണി മുതൽ; ചാനൽ തിരക്കുകൾക്കിടയിലും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുമെന്ന് പ്രഖ്യാപനം; വിവാദങ്ങളുടെ മറുപടികൾക്ക് കാതോർത്ത് പ്രേക്ഷകരും; വിനോദ - വാർത്താ അവതരണ രംഗത്ത് 'ഷോമാൻ സൈബർ ഇടത്തിലും സജീവമാകുന്നു
തിരുവനന്തപുരം: മലയാളം ചാനൽ ചരിത്രത്തിലെ ഷോമാനാണ് ശ്രീകണ്ഠൻ നായർ. ഏഷ്യാനെറ്റിലെ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹത്തെ മലയാളം പ്രേക്ഷകർക്കിടയിൽ ജനകീയനാക്കിയത്. തുടർന്നിങ്ങോട്ട് നിരവധി മാധ്യമ സ്ഥാപനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ യാത്ര. ഇതിനിടെയിലും മലയാളം മാധ്യമങ്ങൾക്കിടയിലെ മികച്ച ഷോമാനെന്ന പേര് ശ്രീകണ്ഠൻ നായർ തുടർന്നു പോന്നു. ഇപ്പോൾ ഫ്ളവേഴ്സ് ചാനലിന്റെയും 24 ന്യൂസ് ചാനലിന്റെയും തലപ്പത്തുള്ള ശ്രീകണ്ഠൻ നായർ സൈബർ ഇടത്തിലും ഷോമാൻ ആകാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 24 ന്യൂസ് ചാനലിൽ ശ്രീകണ്ഠൻ നായരുടെ മോണിങ് ഷോയിൽ ഉണ്ടായി. നാളെ മുതൽ എല്ലാ വെള്ളിയാഴ്ച്ചയും സൈബർ ഇടത്തിലൂടെ അദ്ദേഹം സജീവമായി നെറ്റിസൺസിനോട് സംവദിക്കാൻ ഉണ്ടാകും. നാളെ വൈകീട്ട് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ എത്തി സംവദിക്കുമെന്നാണ് ശ്രീകണ്ഠൻ നായർ അറിയിച്ചിരിക്കുന്നത്. ഡിജിറ്റൽ മീഡിയാ രംഗത്ത് കൂടുതൽ സജീവമായി താൻ ഉണ്ടാകുമെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ചാനലിനെതിരെ കൂടി ഉയരുന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി പറയുമോ എന്ന് നാളെ വൈകുന്നേരം അറിയാം.
അതേസമയം ശ്രീകണ്ഠൻ നായരുടെ ഷോയെ സംബന്ധിച്ച് നേരത്തെ മറുനാടൻ വാർത്ത നല്കിയപ്പോൾ സമയം സംബന്ധിച്ച് ഒരു പിഴവ് ഉണ്ടായിരുന്നു. ഇന്ന് ഷോ അവതരിപ്പിക്കുമെന്ന് തെറ്റായി റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഈ സംഭവത്തിൽ തിരുത്തൽ വരുത്തി പ്രേക്ഷകരോട് നിർവ്യാജം ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ഇത് സംബന്ധിച്ച തുടർവാർത്ത മറുനാടൻ പബ്ലിഷ് ചെയ്യുന്നത്. നാളെ വൈകുന്നേരം നാല് മണിയോടെയാണ് ശ്രീകണ്ഠൻ നായർ സൈബർ ഇടത്തിൽ സംവദിക്കാൻ എത്തുന്നത് എന്ന് വായനക്കാരെ ഒരിക്കൽ കൂടി അറിയിക്കുന്നു.
ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയുന്ന എന്ന ഉദ്ദേശ്യത്തോടെയാണ് ശ്രീകണ്ഠൻ നായരുടെ രംഗപ്രവേശനം എന്നും സൂചനകളുണ്ട്. മലയാള ചാനൽ രംഗത്തെ ഷോമാൻ സൈബർ ഇടത്തിൽ എങ്ങനെ വിമർശനങ്ങൾക്കും മറുപടി പറയും എന്ന ആകാംക്ഷയും ഇതോടെ ഉയർന്നിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ഈ റോമാ നഗരം ഒരു ദിനം കൊണ്ട് നിർമ്മിച്ചതല്ല...... തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിക്കട്ടേ..... ഇതാണ് ശ്രീകണ്ഠൻനായർക്ക് കുറച്ചു ദിവസം മുമ്പ് ചാനലിലൂടെ വിശദീകരിച്ചത്. ഇതിനൊപ്പം ആത്മകഥാ രചനയുടെ വിശദാംശങ്ങളു പുറത്തു വിട്ടു.
ഒരു ടിവി അവതാരകന്റെ കുമ്പസാരമെന്നാകും ആത്മകഥയുടെ പേര്. 30 കൊല്ലത്തെ യാത്രയ്ക്കിടെ കണ്ട കൊട്ടാര വിപ്ലവങ്ങളും മാധ്യമ ഗൂഢാലോചനയും എല്ലാം എഴുതുമെന്ന് പറയുന്നു. എന്നാൽ എല്ലാം എഴുതാനാകുമോ എന്ന് ഉറപ്പില്ലെന്ന സമ്മതവും. മാധ്യമ രംഗത്തെ കള്ളനാണയങ്ങളെ തുറന്ന് കാണിക്കുന്നതാകും തന്റെ ആത്മകഥാ ബ്ലോഗെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. സത്യമേ എഴുതൂവെന്നും കൂട്ടി ചേർത്തു. ബ്ലോഗിൽ എഴുന്ന ആത്മകഥ പിന്നീട് പുസ്തക രൂപത്തിലാക്കുമെന്നും ശ്രീകണ്ഠൻ നായർ ഷോയിൽ വിശദീകരിച്ചിട്ടുണ്ട്. സങ്കീർണ്ണതയുണ്ടാക്കൽ അല്ല ലക്ഷ്യമെന്നാണ് പറയുന്നത്. കണ്ടു മുട്ടിയ കള്ളനാണയങ്ങളെ തുറന്നു കാണിക്കുമെന്ന് പറയുന്ന ആത്മകഥ കേരള പിറവി ദിനത്തിൽ എത്തും. ഇപ്പോഴാണ് അതിന് സമയം കിട്ടിയതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.
എസ് വി പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായരുടെ പങ്ക് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയിലുമുണ്ട്. ഇതിനൊപ്പം 24ന്യൂസിലെ ചീഫ് സി ഉണ്ണികൃഷ്ണന്റെ ഭാര്യ സിജി പി ചന്ദ്രൻ നൽകിയ പരാതിയും ചർച്ചയിലുണ്ട്. അതിനിടെ 24 ന്യൂസിൽ സിജി അതിക്രമിച്ച് കയറിയെന്ന് ചാനലിലെ വാർത്താ അവതാരകയായ സുജയ്യയും പൊലീസിൽ കേസ് കൊടുത്തു.
1984 നവംബർ 27നാണ് താൻ മാധ്യമ പ്രവർത്തനം തുടങ്ങിയത്. അതിന് മുമ്പ് അച്ഛൻ റേഷൻ കടയിൽ കണക്കെഴുതാൻ ഇരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ ഷോയിൽ ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. അന്ന് എല്ലാ സഹായവും ചെയ്ത വ്യക്തിയുടെ ചരമവാർത്തയും അവതരിപ്പിച്ചാണ് ജീവിത പ്രാരാബ്ദങ്ങൾ വിശദീകരിച്ചത്. അതിന് ശേഷം നാടകീയമായാണ് മാധ്യമ ലോകത്തെ കള്ളനാണയങ്ങളെ തുറന്നു കാണിക്കാനുള്ള ആത്മകഥാ പ്രഖ്യാപനം വരുന്നത്.
ശബരിമലയിലെ ചെമ്പോല വിവാദം 24 ന്യൂസിനെ വെട്ടിലാക്കിയിരുന്നു. മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടവും മോൻസൺ മാവുങ്കൽ കേസിൽ സഹീൻ ആന്റണിയും പെട്ടത് വിവാദമായിരുന്നു. ഈ വിവാദങ്ങളിൽ ഉഴലുന്ന 24 ന്യൂസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ കൂടിയാണ് ശ്രീകണ്ഠൻ നായർ സൈബർ ലൈവിലൂടെ ലക്ഷ്യമിടുന്നത്.
മറുനാടന് ഡെസ്ക്