- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുരിലെ പൊലിസ് ഇങ്ങനെയാണ് ഭായി; കടുവയെ പിടിക്കുന്ന കടുവകൾ! സോഷ്യൽ മീഡിയയിൽ കണ്ണുരിലെ പൊലീസിനെ തേച്ചോട്ടിച്ച് ട്രോളന്മാർ; ഒരു യൂണിഫോം ഇട്ട മോഷ്ടാവ് പൊലീസിനുണ്ടാക്കിയ നാണക്കേടിന്റെ കഥ
കണ്ണുർ : കണ്ണുരിലെ പൊലിസ് ഇങ്ങനെയാണ് ഭായിയെന്നാണ് തളിപ്പറമ്പിൽ കള്ളന്റെ കൈയിൽ നിന്നും എ.ടി.എം കാർഡ് കവർന്ന സംഭവത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ പിടിയിലായതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ടോളന്മാരുടെ കമന്റുകൾ. 'പൊലിസുകാരുടെ കൊള്ളയ്ക്കിരയായ പലരും തങ്ങളുടെ സമാന അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.
വർഷങ്ങൾക്കു മുൻപ് ഇതിനു സമാനമായി ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ വിലയേറിയ സ്മാർട്ട് ഫോൺ തട്ടിയ സംഭവത്തിൽ ഒരു പൊലിസുകാരൻ കുടുങ്ങിയിരുന്നു സംഭവം വിവാദമായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പോയി ഫോൺ തിരികെ കൊടുത്ത് കരഞ്ഞും കാലു പിടിച്ചുമാണ് പരാതി പിൻവലിപ്പിച്ചത്.
ആക്സിഡന്റ് കേസുകളിൽ ഇടനിലക്കാരായി നിന്ന് പണം തട്ടുന്നതാണ് എസ്ഐ റാങ്കിൽ നിന്നും മുകളിലോട്ടു വരെയുള്ളവരുടെ പ്രധാന പണി യെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്ന ആരോപണം. എന്നാൽ ഇപ്പോൾ തളിപ്പറമ്പിൽ മോഷ്ടാവിന്റെ എ.ടി.എം കാർഡ് കവർന്ന് പൊലിസുകാർ തന്നെ പണം തട്ടിയത് സേനയ്ക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.
പിടിയിലായ സിവിൽ പൊലിസ് ഓഫിസർക്കു മാത്രമല്ല മറ്റു പലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ വിഷയം അന്വേഷണ പരിധിയിൽ വരുമെന്ന് റൂറൽ ജില്ലാ പൊലിസ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രതിയായ സിവിൽ പൊലിസ് ഓഫിസറെ കേസിൽ നിന്നും രക്ഷിക്കാനായുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.
മോഷ്ടാവിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരലക്ഷം രൂപയോളം കൈക്കലാക്കിയെന്നാണ് കേസ്. എടിഎം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന കേസിലെ യുവാവിന്റെ എടിഎം കാർഡ് കൈക്കലാക്കിയ തളിപ്പറമ്പ് സിവിൽ പൊലീസ് ഓഫീസറായ ഇ.എൻ. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ശ്രീകാന്തിനെ വകുപ്പ് തല അന്വേഷണത്തിന് വിധേയമാക്കി സസ്പെൻഡ് ചെയ്തു കേസ് ഒതുക്കാൻ ശ്രമിച്ചുവെങ്കിലും ഇപ്പോഴും വിവാദം അടങ്ങിയിട്ടില്ല.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന സംഭവത്തിൽ ഏപ്രിൽ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാർഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. പിന്നീട് കാർഡ് ഉപയോഗിച്ച് ഏപ്രിൽ ഏഴുമുതൽ വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുകയായിരുന്നു.
എടിഎം കാർഡിന്റെ പിൻ നമ്പർ കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണിൽ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ നിർദ്ദേശാനുസരണം സിഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് റൂറൽ എസ്പി മുൻപാകെ സമർപ്പിച്ചതിനെ തുടർന്നാണ് കുറ്റാരോപിതനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിന് പിന്നിൽ ഒരാളോ ഒന്നിൽ കൂടുതൽ പേരോ ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ