കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇ.എൻ. ശ്രീകാന്തിനെയാണ് സർവീസിൽനിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം കവർന്ന സംഭവമാണ് പ്രശ്‌നമായത്.

ഗോകുൽ എന്നയാളെ നേരത്തെ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് പൊലീസുകാരനായ ശ്രീകാന്ത് കൈക്കലാക്കിയത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചിരുന്നു. എന്നാൽ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മനോജ് കുമാർ പി.വിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ കേസ് ഹൈക്കോടതിയിൽ ഇരു വിഭാഗവും ചേർന്ന് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ പൊലീസുകാരനെതിരേ വകുപ്പുതല കേസന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്‌പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ മറ്റു പൊലിസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു. ആ അന്വേഷണമാണ് ശ്രീകാന്തിന് വിനയായത്.

മോഷണ കേസിൽ പൊലീസ് പിടിയിലായ പുളിമ്പറമ്പിലെ ഗോകുലി(26)ന്റെ കൈയിലുണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാർഡിലെ പിൻ നമ്പർ ഉപയോഗിച്ചാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചെറുതാഴം അതിയടം ശ്രീസ്ഥ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇ.എൻ ശ്രീകാന്ത് നമ്പൂതിരി അരലക്ഷത്തിലധികം രൂപ പിൻവലിച്ചത്. പണം തട്ടം തട്ടിയ കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. അതുകൊണ്ട് തന്നെ ഈ പൊലീസുകാരന് ഇനി സർവ്വീസിൽ തിരിച്ചു കയറാനും കഴിയും എന്ന വിലയിരുത്തലുമെത്തി. പരാതിക്കാരൻ പിൻവാങ്ങിയതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പായത്.

പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധമാണ് ശ്രീകാന്ത് പ്രവർത്തിച്ചതെന്ന അതൃപ്തി സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. അപഹരിച്ച പണം ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇവരുടെ മൊബൈൽ ഫോണിൽ ശ്രീകാന്ത് പണം പിൻവലിച്ചപ്പോൾ മെസെജ് വന്നതിനെ തുടർന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ തന്നെ ഇവർ പരാതിയുമായെത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ശ്രീകാന്ത് ഒളിവിൽ പോവുകയായിരുന്നു.

സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന മണൽ ലോറി ആരുമറിയാതെ ആക്രികച്ചവടർക്കാക്ക് വിറ്റ സംഭവത്തിനു ശേഷം തളിപ്പറമ്പ് പൊലിസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാർഡുപയോഗിച്ച് പൊലിസുകാരൻ പണംതട്ടിയ സംഭവം. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ഈ പൊലീസുകാരനെതിരേ അച്ചടക്ക നടപടിയെടുത്തിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ അനുഭാവിയാണ് ശ്രീകാന്ത്.