കൊച്ചി: ഒടിയൻ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ സമൂഹ മാധ്യമത്തിലൂടെ സംവിധായകൻ ശ്രീ കുമാർ മേനോൻ നടത്തിയ വാക്കുകകൾക്ക് റിലീസിന് ശേഷം വിമർശന ശരങ്ങൾ നേരിട്ടിരുന്നു. ഇതിനൊപ്പം തന്നെയാണ് നടി മഞ്ജു വാര്യർക്കും നേരെ വാക്ശരങ്ങൾ പുറത്ത് വന്നത്. എന്നാൽ ഇതിനുള്ള മറുപടിയുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചത്.

സമൂഹ മാധ്യമത്തിലൂടെ തനിക്ക് നേരെയുള്ള ആക്രമണത്തിന് കാരണം ചിലർക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും ശ്രീകുമാർ മേനോൻ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടു.

വിവാദങ്ങളോട് അഭിപ്രായം പറയാൻ മഞ്ജു വാര്യർ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്‌സണൽ അറ്റാക്കിന് അവർ കൂടി കാരണമാണ്. അവരുടെ ബ്രാൻഡിങ്ങിനും വളർച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാൻ. അവർ ഇപ്പോൾ കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യർ എന്ന പരിവർത്തനം നടത്തിയത് എന്നിൽ കൂടെയാണ്. അല്ലെങ്കിൽ എന്റെ കമ്പനിയിൽ കൂടെയാണ്. മഞ്ജു വാര്യരെ ഞാൻ എന്ന് സഹായിക്കാൻ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവർക്കും അറിയാവുന്ന വിഷയമാണ്.

അതു കൊണ്ട് ഇക്കാര്യത്തിൽ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാർ മേനോൻ പറയുന്നു. വലിയ രീതിയിലുള്ള സംഘടിതമായ ആക്രമണമാണിത്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം. ഫാൻസുകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമർശനം നടത്തുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ഒടിയൻ റിലീസായതോടെയാണ് ശ്രീകുമാർ മേനോനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമായത്.