മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂർ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോക്കി നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ സുഹൃത്തും മറ്റു കേസുകളിൽ ഉൾപ്പെട്ട പ്രതികളും കൂടി ക്രൂരമായി മർദ്ദിച്ചത്.

ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33) , കടുവിനാൽ മലവിള വടക്കേതിൽ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെ വളാഞ്ചേരി സിഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികൾ സ്ഥാപനത്തിൽ യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി തോക്ക്, മോപ്പ്, ഫ്ലാസ്‌ക്, കസേര എന്നിവ ഉപയോഗിച്ച് മർദിക്കുകയും, മുദ്ര പേപ്പറിലും, മറ്റ് പല രേഖകളിലും നിർബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗ്ൾ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.

ശ്രീലാൽ ഈ സ്ഥാപനത്തിൽ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയിൽ മറ്റൊരു സ്ഥാപനം ആരംഭിക്കാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികൾ ശ്രീലാലിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടർന്ന് സ്ഥാപനത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. താൻ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയിൽ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികൾ അയച്ചുകൊടുക്കുകയും , ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി പെടുത്തി. നൽകുവാനുള്ള 5 ലക്ഷം രൂപ തിരിച്ചു നൽകി എന്ന് രേഖകൾ ഉണ്ടാക്കി.