- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കൻ വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നത് തിരുവനന്തപുരത്ത് നിറുത്തി ഇന്ധനം നിറച്ച്; പെട്രോളിയം കമ്പനികൾക്കൊപ്പം അദാനിക്കും വരുമാന നേട്ടം; രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളം ഇനി മാറിയേക്കാം? ശ്രീലങ്കയിലെ ദുരിതം തിരുവനന്തപുരത്തിന് നേട്ടമാകുമ്പോൾ
തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകൾ ഇന്ധനം അടിക്കുന്നത് തിരുവനന്തപുരത്ത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടായതോടെയാണു ശ്രീലങ്കയിലെ വിമാനങ്ങൾ ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളം എന്ന നിലയിൽ തിരുവനന്തപുരത്തെത്തി ഇന്ധനം നിറയ്ക്കുന്നത്. ഇത് വിമാനത്താവളത്തിന് സാമ്പത്തിക നേട്ടമായി മാറും. നികുതിയായ സർക്കാരുകൾക്കും വരുമാന വർദ്ധനവുണ്ടാകും.
കൊളംബോയിൽ നിന്ന് ഓസ്‌ട്രേലിയയിലെ മെൽബണിലേക്കു സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ എയർബസ് 330 വിമാനമാണ് ഇന്ധനം നിറയ്ക്കാൻ ഇന്നലെ തിുവനന്തപുരത്ത് ഇറങ്ങിയത്. കൊളംബോയിൽ നിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള എയർബസും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറച്ചിരുന്നു.
ജൂൺ 1, 2 തീയതികളിലായി മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും സർവീസ് നടത്തുന്ന നാലു വിമാനങ്ങൾ കൂടി തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറയ്ക്കും. ഇന്ധനക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്നു പല രാജ്യാന്തര വിമാന സർവീസുകളും നിർത്തലാക്കിയെങ്കിലും ലാഭകരമായ സർവീസ് എന്ന നിലയിലാണു മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കുമുള്ളതു തുടരുന്നത്.
ചെന്നൈ വിമാനത്താവളത്തെ അപേക്ഷിച്ചു കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുമെന്നതും ദൂരം കുറവാണെന്നതുമാണു തിരുവനന്തപുരത്തേക്കു ശ്രീലങ്കൻ എയർലൈൻസിനെ ആകർഷിച്ചത്. തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്ന വിമാനങ്ങൾക്കു നൽകുന്ന അതേ നിരക്കിലാണ് ഇവർക്കും ഇന്ധനം നൽകുന്നത്. നിലവിൽ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഇവിടെ ഇന്ധന വിതരണം നടത്തുന്നത്. ഇന്ധനം നിറയ്ക്കാൻ വിമാനം എത്തുമ്പോൾ വിമാനത്താവള നടത്തിപ്പുകാരായ അദാനിക്കും കോളടിക്കും. വിമാനം പാർക്ക് ചെയ്യുന്നതിലൂടേയും ലാൻഡ് ചെയ്യുന്നതിലൂടേയും വാടക ഇനത്തിൽ അവർക്കും ലാഭം കിട്ടും.
അധിക വരുമാനം കണ്ടെത്താൻ രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന നിർദ്ദേശം നേരത്തേ തന്നെ കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനു രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ ആവശ്യമാണ്. ഈ ചർച്ചകളിൽ നിർണ്ണായകമാണ് ശ്രീലങ്കൻ വിമാന കമ്പനികളുടെ വരവ്. ശ്രീലങ്ക അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യ ഇടപെടലുകൾ നടത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് ഇപ്പോൾ എന്തിനും ഏതിനും സഹായം അഭ്യർത്ഥിക്കാൻ ഇന്ത്യ മാത്രമാണ് തൊട്ടുമുൻപിലുള്ളത്. ശ്രീലങ്കയിലെ ജനങ്ങൾക്ക് കഴിക്കാൻ അരി മുതൽ വാഹനങ്ങളിൽ നിറക്കാനുള്ള പെട്രോളും, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുമെല്ലാം ഇന്ത്യയാണ് നൽകുന്നത്. വിമാനത്തിൽ എണ്ണ നിറയ്ക്കാനും കേന്ദ്രം സൗകര്യമൊരുക്കുന്നു. ഇതാണ് തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളുടെ വരവിന് കാരണം.
അവശ്യ ചരക്കുകൾക്കും ഇന്ധനത്തിനും വായ്പയായിട്ടാണ് ഇന്ത്യ പണം അനുവദിക്കുന്നത്. ഇത്തരത്തിൽ അനുവദിക്കുന്ന വായ്പകൾ തങ്ങൾ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ തുടരണമെന്നാണ് ശ്രീലങ്ക ഇപ്പോൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുമായി സഹായത്തിനായുള്ള ചർച്ചകൾ തുടരുന്ന ശ്രീലങ്ക ഈ സഹായം ലഭിക്കുന്നത് വരെ ഇന്ത്യ തങ്ങളെ പരിഗണിക്കുന്നത് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ