കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്ന് പ്രസിഡന്റ് ഗോട്ടാബയ രജപക്‌സെ. പുതിയ മന്ത്രിസഭയും ഉടൻ നിലവിൽവരും. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗോട്ടാബയ പറഞ്ഞു. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ ചുമതലയേൽക്കുമെന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജപക്‌സെമാർ ഇല്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റിനു കൂടുതൽ അധികാരം നൽകുന്ന രീതി നിർത്തലാക്കുന്നതിനുള്ള വഴികൾ തേടും. രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കർമപരിപാടികൾ തയാറാക്കാൻ പുതിയ പ്രധാനമന്ത്രിക്ക് അധികാരം നൽകുമെന്നുംഗോട്ടാബയ വ്യക്തമാക്കി.

കലാപം ആരംഭിച്ചശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് ഗോട്ടാബയ രാജപക്‌സെ, സ്ഥാനമൊഴിയണമെന്ന സമരക്കാരുടെ ആവശ്യം പൂർണമായി തള്ളുകയാണ്. എന്നാൽ പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളയുന്ന നിയമഭേദഗതിക്കു തയാറാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തു സ്ഥിരത കൈവന്നാൽ പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതി ചർച്ച ചെയ്യാമെന്നാണു നിലപാട്. ജന വിശ്വാസം ആർജിക്കാൻ കഴിയുന്ന പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്നും ഗോട്ടാബയ പറഞ്ഞു. വൈകിട്ട് പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഗോട്ടാബയ ഓൺലൈനായി ചർച്ച നടത്തിയിരുന്നു.

അതിനിടെ കലാപം അടിച്ചമർത്താൻ സൈന്യത്തിനും പൊലീസിനും പ്രസിഡന്റ് കൂടുതൽ അധികാരങ്ങൾ നൽകി. പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ വെടിവയ്ക്കാനാണ് ഉത്തരവ്. ഇതോടെ കവചിത വാഹനങ്ങളും ടാങ്കുകളും കൊളംബോയിലെ നിരത്തുകളിൽ നിറഞ്ഞു. പിന്നാലെ പ്രതിഷേധക്കാർ താൽക്കാലികമായി പിൻവാങ്ങി.

അതിനിടെ, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ രാജ്യം വിട്ടെന്ന അഭ്യൂഹം ശ്രീലങ്കൻ അധികൃതർ തള്ളി. മഹിന്ദയും കുടുംബാംഗങ്ങളും ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഹൈകമ്മീഷനും വ്യക്തമാക്കി.