ദമാമം: സൗദി അറേബ്യയിൽ വീട്ടുജോലിക്ക് പോകുന്ന സത്രീകളുടെ ദുരിതങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പലർക്കും മതിയായ ശമ്പളമെന്നല്ല, ശമ്പളം പോലും കിട്ടാറില്ല. ശ്രീലങ്കൻ സ്വദേശിയുടെ കഥ ഇതിനൊരു അപവാദമാണ്.ഒറ്റ ദിവസം കൊണ്ടാണ് ഇവർ കോടീശ്വരിയായി മാറിയത്.

17 വർഷത്തെ ശമ്പള കുടിശിക ഒരുമിച്ചു ലഭിച്ചതാണ് ഇതിനു കാരണം. 88,600 സൗദി റിയാൽ, (3.6 മില്ല്യൺ ശ്രീലങ്കൻ രൂപ)യാണ് കെജി കുസുമവതി (41) എന്ന് സ്ത്രീയ്ക്ക് ലഭിച്ചത്. ഇവർ 2000 ത്തിലാണു സൗദിയിൽ വീട്ടു ജോലിക്ക് എത്തിയത്. തുടക്കത്തിലെ 8 വർഷം 400 റിയാൽ ആയിരുന്നു ഇവരുടെ ശമ്പളം. എന്നാൽ പിന്നീട് സ്‌പോൺസർ ഇവർക്ക് ശമ്പളം നൽകിയില്ല.

ആറുമാസം മുമ്പ് ശ്രീലങ്കൻ ബ്യൂറോ ഓഫ് ഫോറിൻ എംപ്ലോയിമെന്റ് ആൻഡ് ജസ്റ്റിസിൽ ഇതു സംബന്ധിച്ച് പരാതി നൽകി. തുടർന്ന് അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഇവർക്കു മുഴുവൻ തുകയും ലഭിക്കുകയായിരുന്നു. വീട്ടിൽ പോകാൻ അനുവദിക്കാതിരുന്നു എന്നതിനപ്പുറം കുസുമവതിക്ക് മറ്റു പീഡനങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ശമ്പള കുടിശിക ലഭിച്ചതോടെ നാട്ടിലേയ്ക്കു തരിച്ചുവരാനൊരുങ്ങുകയാണ് ഇവർ.