കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ തിരുത്തൽ വരുന്നു. ശ്രീനാരായണ ഗുരുവിന്റെ ചിത്രം ലോഗോയിൽ വരും. വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധസമിതി തിരിഞ്ഞെടുത്ത ലോഗോ അടച്ച കവറിൽ സർവകലാശാലയ്ക്ക് സമർപ്പിച്ചു.

ലോഗോയിൽ ഗുരുവചനം ഉൾപ്പെടുത്തിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുന്നതോടെ ലോഗോ പ്രകാശനം ചെയ്യും. 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുവചനമാണ് ലോഗോയിലുള്ളത്. പഴയ ലോഗോയിൽ 'വിദ്യയിലൂടെ വിമോചനം' എന്ന് അർഥംവരുന്ന തരത്തിലാണ് ഇത് ഇംഗ്ലീഷിലേക്ക് മാറ്റിയിരുന്നത്. പുതിയ ലോഗോയിൽ ഇത് തിരുത്തി.

ഫൈൻ ആർട്‌സ് കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽനിന്നടക്കം ലഭിച്ചതിൽനിന്ന് തിരിഞ്ഞെടുത്ത ലോഗോ, വിദഗ്ധസമിതി നിർദേശിച്ച ചില പരിഷ്‌കാരങ്ങൾ വരുത്തിയാണ് അന്തിമരൂപത്തിലാക്കിയത്. ഇ-മെയിലിലൂടെ മാത്രം 127 ലോഗോ ലഭിച്ചിരുന്നു. നേരിട്ടും അയച്ചവരുണ്ട്.

ആദ്യ ലോഗോ, വിവാദത്തെത്തുടർന്ന് ജനുവരി 11-ന് മരവിപ്പിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധസമിതി ഇക്കാര്യം പരിശോധിക്കുമെന്നായിരുന്നു സർവകലാശാലയുടെ അറിയിപ്പ്. കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി.മനോജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

ആദ്യ ലോഗോയിൽ ഗുരുവിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതായിരുന്നു വിവാദ കാരണം. ഗുരുവചനം വികലമായി രേഖപ്പെടുത്തിയെന്നും ലോഗോ കോപ്പിയടിച്ചതാണെന്നും പരാതിയുണ്ടായി. ഗഇതേത്തുടർന്നാണ് ആദ്യ ലോഗോ മരവിപ്പിച്ചത്. എല്ലാവശങ്ങളും പരിഗണിച്ച്, സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ലോഗോ തിരിഞ്ഞെടുത്തത് എന്ന് അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ലോഗോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും പരാതികൾ ഉണ്ടാകില്ലെന്നുമാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് ഓപ്പൺ സർവകലാശാല നിലവിൽ വന്നത്. നിലവിലെ നാല് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല ആംരഭിച്ചത്. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാനാകും. കോഴ്സ് പൂർത്തിയാക്കാനാകാത്തവർക്ക് അതുവരെയുള്ള പഠനമനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ദേശീയ- അന്തർദേശീയ തലത്തിലെ ,പ്രഗൽഭരായ അദ്ധ്യാപകരുടേയും വിദഗ്ധരുടേയും ഓൺലൈൻ ക്ലാസുകൾ സർവകലാശാലയുടെ പ്രത്യേകതയായാണ്.