വെള്ളാപ്പള്ളി നടേശന്റെ ഭാരത ധർമ ജന സേനയെന്ന രാഷ്ട്രീയ പാർട്ടിയുമായി കൈകോർത്ത ബിജെപി ശ്രീനാരായണ ഗുരവിനെ ആർ.എസ്.എസുകാരനാക്കി കൂടെനിർത്താനുള്ള ശ്രമം തുടങ്ങി. ഹിന്ദു ഐക്യത്തിനുവേണ്ടി ഗുരുവിന്റെ ആദർശങ്ങൾ മുന്നോട്ടുവെയ്ക്കാനാണ് ബിജെപിയുടെ നീക്കം.

എസ്.എൻ.ഡി.പിയുമായുള്ള കൈകോർക്കലിലൂടെ ഹിന്ദുവോട്ടർമാർക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ 201 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിലൂടെ ആർഎസ്എസ്. അവരുടെ പ്രചാരണത്തിന് ഗുരുവിനെ ഉപയോഗിക്കാനുള്ള നീക്കവും തുടങ്ങി. പ്രതിമയ്ക്കുവേണ്ടിയുള്ള ലോഹശേഖരണം വലിയ ജനപങ്കാളിത്തമുള്ള പരിപാടിയാക്കി മാറ്റാനാണ് സംഘത്തിന്റെ ലക്ഷ്യം.

ആർഎസ്എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരും ബിജെപിയുടെ ബൗദ്ധിക സമിതിയുടെ കൺവീനറുമായ ആർ ബാലശങ്കർ അധ്യക്ഷനായുള്ള ശ്രീനാരായണ ഗ്ലോബൽ മിഷൻ അടുത്തിടെ ഡൽഹിയിൽ ചേർന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ഗുരുവിന്റെ സന്ദേശങ്ങൾ രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുവാനും യോഗം തീരുമാനിച്ചു.

ഇന്ത്യൻ ഫിലോസഫിയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനുമായുള്ള ആഗോള നിലവാരത്തിലുള്ള കേന്ദ്രം ശിവഗിരിയിൽ തുടങ്ങാൻ യോഗം തീരുമാനിച്ചു. ഡൽഹിയിലോ മുംബൈയിലോ ശ്രീനാരായണ ഗുരുവിന്റെ പേരിൽ അന്താരാഷ്ട്ര സർവകലാശാലയും നിലവിൽ വരും.

പാർലമെന്റിന്റെ സെൻട്രൾ ഹാളിൽ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം സ്ഥാപിക്കുക, അദ്ദേഹത്തിന്റെ പേരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തിരുന്നു. ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയ്ക്കുവേണ്ടി രാജ്യവ്യാപകമായി നടത്തിയ പ്രചാരണം പോലൊന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുവേണ്ടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തെക്കൻ കേരളത്തിൽനിന്ന് വടക്കൻ കേരളത്തിലേക്ക് നീളുന്ന യാത്രയാണ് പ്രതിമയ്ക്കുവേണ്ടി നടത്തുക. പഞ്ചലോഹത്തിൽ നിർമ്മിക്കുന്ന പ്രതിമയ്ക്കാവശ്യമായ ലോഹം സമാഹരിക്കുന്നതിനാണ് ഈ യാത്രയെങ്കിലും ജനപങ്കാളിത്തമാണ് ആർഎസ്എസ്സിന്റെ ലക്ഷ്യം. പത്തുലക്ഷം പേരെങ്കിലും ഈ യാത്രയിൽ പങ്കെടുക്കുമെന്ന് ഗ്ലോബൽ മിഷന്റെ മുംബൈ ഘടകത്തിലെ ഗിരിജൻ നായർ പറഞ്ഞു