കോട്ടയം: സംഘപരിവാർ അനുകൂലവും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുന്നതിനും നടൻ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. ശ്രീനിവാസന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന ട്വിറ്റർ അക്കൗണ്ടുമായി താരത്തിന് ഒരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.

ജൂൺ പത്തിനാണ് വ്യാജ ട്വിറ്റർ അക്കൗണ്ട് പ്രവർത്തനം തുടങ്ങിയത്. ഇതിനകം ഇരുപതോളം ട്വീറ്റുകൾ വന്നിട്ടുണ്ട്. കിലോയ്ക്ക് 300 രൂപ വിലയുള്ള ബീഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട് എന്നതാണ് ആദ്യ ട്വീറ്റ്. മറ്റ് ട്വീറ്റുകളും സമാനമായ രീതിയിൽ സി.പി.എം വിരുദ്ധ പ്രചാരണമാണ്. കോൺഗ്രസിനേയും കുറ്റപ്പെടുത്തുന്നു. സംഘപരിവാർ ആശയങ്ങൾക്കാണ് പിന്തുണ.

തനിക്ക് ഫേസ്‌ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ലെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. അക്കൗണ്ടിലെ ട്വീറ്റുകളുമായി തനിക്ക് യോജിപ്പില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. സുഹൃത്ത് പറഞ്ഞാണ് ഈ അക്കൗണ്ടിനെക്കുറിച്ച് അറിഞ്ഞത്. ഇങ്ങനെ തോന്നിയപോലെ നമ്മുടെ പേരിൽ കാര്യങ്ങൾ പറഞ്ഞാൽ എന്തു ചെയ്യുമെന്നും ശ്രീനിവാസൻ ചോദിച്ചു. പറഞ്ഞ കാര്യങ്ങളുടെ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്, അപ്പോഴാണ് പറയാത്ത കാര്യങ്ങളുമായി ചിലർ വരുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.

നേരത്തെയും തന്റെ പേരിൽ ചിലർ വ്യാജ അക്കൗണ്ടുകൾ തുറക്കുകയും അതിനെതിരെ പരാതി നൽകുകയും ചെയ്തതായി ശ്രീനിവാസൻ പറഞ്ഞു. അന്ന് ഡി.ജി.പി ടി.പി സെൻകുമാറിനാണ് പരാതി നൽകിയത്. അന്ന് അക്കൗണ്ട് തുടങ്ങിയത് അമേരിക്കയിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അധികാര പരിധിക്ക് പുറത്തായതിനാൽ ഒന്നും ചെയ്യാനായില്ല. പുതിയ വ്യാജ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയ സംഭവത്തിലും പരാതി നൽകുമെന്ന് ശ്രീനിവാസൻ വ്യക്തമാക്കി.

ശ്രീനി ദി ആക്ടർ എന്ന പേരിലുള്ള ഈ പേജിലെ മിക്ക ട്വീറ്റുകളും സംഘികൾക്ക് അനുകൂലമാണ്. ഇതേ തുടർന്ന് സംഘി ഗ്രൂപ്പുകളിലൂടെ ഈ ട്വീറ്റുകൾ വ്യാപിക്കുകയാണ്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരേ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയെ ട്വീറ്റിൽ ശക്തമായി വിമർശിക്കുന്നുണ്ട്. കിലോയ്ക്ക് 300 രൂപ വിലയുള്ള ബീഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്, അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലം മരിക്കുമ്പോൾ രാഷ്ട്രീയത്തിലെ സരോജ് കുമാർ ബീഫ് ഫെസ്റ്റിവൽ നടത്തി ഉള്ളവനെ പരിപോഷിപ്പിക്കുകയാണ് എന്നിങ്ങനെ പോവുന്നു വ്യാജ ട്വിറ്റർ പേജിലുള്ള ട്വീറ്റുകൾ.