മകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ശ്രീനിവാസൻ നായകനാകുന്ന അയാൾ ശശിയെന്ന സിനിമ. ഒരു വലിയ ഇടവേളക്ക് ശേഷം ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് അയാൾ ശശി. ഒരുപാട് നാളത്തെ പ്രയത്നത്തിന് ശേഷം ചിത്രം റിലീസിന് തയ്യാറായി നിൽക്കുമ്പോൾ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സജിൻ ബാബു.

തിരുവനന്തപുരം കരമനയിലെ ലൊക്കേഷനിൽ വച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ മുഴുവൻ ശ്രീനിവാസൻ പേടിപ്പിക്കുകയും ഞെട്ടിക്കുകയും പിന്നീട് ആശ്ചര്യപ്പെടുത്തുകയും ചെയ്ത സംഭവമാണിത്. ശശിയിൽ ശ്രീനിവാസന് സന്തത സഹചാരിയായ ഒരു വണ്ടിയുണ്ട്. വണ്ടി ചെറുതായി പണിമുടക്കിയ സമയത്ത് ഷൂട്ടിങ് മാറ്റിവയ്ക്കാമെന്ന് കരുതി.

എന്നാൽ ശ്രീനിവാസൻ കൂട്ടാക്കിയില്ല. അദ്ദേഹം കുഴപ്പമില്ലെന്ന് പറഞ്ഞ് വണ്ടി എടുത്തു. എന്നാൽ നിയന്ത്രണം വിട്ട വണ്ടി കെട്ടിടത്തിന്റെ ചുമരിലിടിച്ച് ചെരിയുകയായിരുന്നു. ചുറ്റുമുള്ള ആളുകൾ ഓടിക്കൂടി. അണിയറ പ്രവർത്തകർ ആകെ ഭയപ്പെട്ടു. എന്നാൽ, ഇതൊന്നും ശ്രീനിവാസനെ ഒട്ടും ബാധിച്ചില്ല.

പെട്ടന്നു തന്നെ അടുത്ത സീൻ എടുക്കാമെന്ന് പറഞ്ഞു. ശ്രീനിവാസന്റെ അർപ്പണബോധവും ധൈര്യവും തങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് സജിൻ ബാബു സാക്ഷ്യപ്പെടുത്തുന്നു.