തിരുവനന്തപുരം: കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടൻ ശ്രീനിവാസനും രംഗത്ത്.സിൽവർ ലൈൻ പദ്ധതി വന്നില്ലെങ്കിൽ ആരും മരിച്ചു പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടു മതി പദ്ധതി നടപ്പാക്കാനെന്നും ശ്രീനിവാസൻ പ്രതികരിച്ചു.

സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ വലിയ ബാധ്യതയാണ് വരുത്തി വെയ്ക്കുന്നതെന്നും സംസ്ഥാനത്തെ ഭാവി വികസന പ്രവർത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും ശ്രീനിവാസൻ പറഞ്ഞു.പ്രമുഖ മാധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം.ഇതര രാഷ്ട്രീയ പാർട്ടികൾക്കും പദ്ധതിയിൽ നേട്ടം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസൻ പരിഹസിച്ചു.

ശ്രീനിവാസന്റെ വാക്കുകൾ

ഭക്ഷണം പാർപ്പിടം തുടങ്ങി പ്രാഥമിക ആവശ്യങ്ങൾ ഇനിയും നടപ്പാക്കാനുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അതിവേഗ റെയിൽ നടപ്പാക്കുന്നത്. കടം വേടിച്ചിട്ടേ ഈ പദ്ധതി നടപ്പാക്കാനാകൂ, പിന്നീട് കടം കിട്ടാതാകും.

കോൺഗ്രസ് അവർ ഭരണത്തിലിരിക്കുന്ന സമയത്ത് തന്നെ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചെന്നാണ് അറിഞ്ഞത്. ഇപ്പോൾ ഭരണത്തിലില്ലാത്തതുകൊണ്ടായിരിക്കുമോ ഇതിനെ എതിർക്കുന്നത് എന്ന് എനിക്ക് അറിയില്ല. അവർക്കും ചിലപ്പോൾ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെ എതിർക്കുമായിരുന്നില്ല.

അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കിയിട്ട് മതി കെ റെയിലിൽ പോകുന്നത്. ഇതൊന്നുമില്ലാതെ ആളുകൾ യാത്ര ചെയ്യുന്നില്ലേ. സിൽവർ ലൈൻ വരാത്തതുകൊണ്ട് ആളുകൾ മരിച്ചുപോകുകയൊന്നുമില്ലല്ലോ.