കോഴിക്കോട്: നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 'പൂമഴ' എന്ന കുട്ടികൾക്കായുള്ള ചിത്രത്തിലെ നായകനായിരുന്നു ഇന്നലെ അന്തരിച്ച ശ്രീനിവാസൻ ബാലുശ്ശേരി. നാടക നടൻ, സംവിധായകൻ, കഥാകൃത്ത്, ഷോർട്ട് ഫിലിം സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദിനരാത്രങ്ങൾ, കനകാംബരങ്ങൾ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. എന്നാൽ അദ്ദേഹം ഒരു സിനിമയിലെ നായകനായിരുന്നു എന്ന് നാട്ടുകാരിൽ പലർക്കും അറിയില്ലായിരുന്നു. പൂമഴയിലെ നായകൻ യാത്രയായി എന്നു തുടങ്ങുന്ന എഫ് ബി പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകൻ കെ കെ ജയേഷാണ്, ശ്രീനിവാസൻ ബാലുശ്ശേരിയെ ഓർത്തെടുത്തത്.

ജയേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

പൂമഴയിലെ നായകൻ യാത്രയായി. ബാലുശ്ശേരി അർബൻ ബാങ്ക് സെക്രട്ടറിയെന്ന നിലയിൽ ശ്രീനിവാസൻ ബാലുശ്ശേരിയെ നേരത്തെ അറിയാമായിരുന്നു. നാടക കലാകാരനാണെന്ന് അറിയാമെങ്കിലും ഞങ്ങൾ തമ്മിൽ പരിചയമൊന്നും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പാണ് ചലച്ചിത്ര സംവിധായകൻ കെ എ ദേവരാജനെ പരിചയപ്പെടുന്നത്. ഒരു വാർത്തയിൽ തുടങ്ങിയ ബന്ധം അടുത്ത സൗഹൃദമായി. ഒരിക്കൽ അദ്ദേഹത്തിനൊപ്പം ഞാനും മദ്രാസിലേക്ക് പോയി. നശിച്ചു കൊണ്ടിരിക്കുന്ന തന്റെ പഴയ സിനിമകളുടെ പ്രിന്റുകൾ ഡിജിറ്റലൈസ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മദ്രാസ് കോടമ്പാക്കത്തെ ഒരു സ്റ്റുഡിയോയിൽ ഇരുന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ പുറത്തിറങ്ങാതെ പോയ താഴ്‌വര എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ടു. അപ്പോഴാണ് പൂമഴ , പാവ തുടങ്ങിയ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നറിഞ്ഞത്. ടോക്കിയോ ഫിലിം ഫെസ്റ്റിവലിലെല്ലാം പ്രദർശിപ്പിച്ച സിനിമയാണ് പൂമഴ . മദ്രാസിലെ നാലു ദിവസത്തെ താമസത്തിനിടെ നിരവധി സ്റ്റുഡിയോകൾ സന്ദർശിച്ചു. നിരവധി പഴയ കലാകാരന്മാരെ നേരിൽ കണ്ടു. ആദ്യമായി നസീറിനെ മെയ്‌ക്കപ്പ് ചെയ്ത വ്യക്തിയെയെല്ലാം ഇന്റർവ്യൂ ചെയ്തു. അവരെല്ലാം ആരാലും അറിയാതെ വടപളനിയിലെയും മറ്റും കുടുസ്സു മുറികളിൽ ജീവിതം തള്ളി നീക്കുകയായിരുന്നു.

തിരിച്ചു നാട്ടിൽ വന്ന ദേവരാജേട്ടൻ പരിഭവം എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിലെ ലൊക്കേഷനിൽ ചെന്നപോൾ ചെറിയൊരു റോൾ എനിക്കും കിട്ടി. അന്നത്തോടെ അഭിനയ മോഹവും അവസാനിച്ചു. തുടർന്ന് മോഹൻലാലിനെ നായകനാക്കി സ്വപ്നമാളിക തുടങ്ങി സംവിധായകൻ. കാശിയിലും ചെർപ്പുളശ്ശേരിയിലുമായിരുന്നു ഷൂട്ടിങ്. ഒറ്റപ്പാലത്തെ അരമന ഹോട്ടലിൽ ഇരിക്കുമ്പോഴാണ് ദേവ രാജേട്ടൻ പൂമഴയിലെ നായകനെപ്പറ്റി പറയുന്നത്. മറ്റാരുമായിരുന്നില്ല അത്. നമ്മുടെ ശ്രീനിവാസേട്ടൻ തന്നെ. തലയിൽ പാളത്തൊപ്പിയെല്ലാം വെച്ച് കുട്ടികൾക്കൊപ്പം നടക്കുന്ന ശ്രീനിവാസേട്ടന്റെ കഥാപാത്രത്തെക്കുറിച്ച് സിനിമ കണ്ട മാധ്യമം ബാലുശ്ശേരി റിപ്പോർട്ടർ രാജേട്ടൻ വിശദീകരിച്ചു തന്നു. നടൻ സുകുമാരന്റെ ശൈലിയും രൂപ ഭാവങ്ങളുമുണ്ടായിരുന്ന നടനായിരുന്നു ശ്രീനിവാസൻ ബാലുശ്ശേരി. പിന്നെയും കുറേ സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ദൂരെ ദൂരെ ഒരു കൂട്ടാമെന്ന സിനിമയിൽ മോഹൻലാലിന്റെ സുഹൃത്ത്. ജോഷി സംവിധാനം ചെയ്ത ദിനരാത്രങ്ങളിൽ കരമനയുടെ വീട് ആക്രമിക്കാനെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തോടൊപ്പമുള്ള നക്സലൈറ്റുകാരൻ . പെട്രോൾ പമ്പ് ഉടമയായിരുന്ന കുഞ്ഞിരാമേട്ടന്റെ നന്മണ്ടയിലെ വീട്ടിൽ വച്ചായിരുന്നു നക്സൽ ആക്രമണം ചിത്രീകരിച്ചിരുന്നത്. എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് വിനീതും മോനിഷയും പ്രധാന കഥാപാത്രങ്ങളായ കനകാംബരങ്ങളിൽ രാഷ്ട്രീയക്കാരനായും ശ്രീനിയേട്ടൻ എത്തി.

കക്കോടിക്കടുത്ത് ചെലപ്രത്തായിരുന്നു ഈ സിനിമയുടെ ഷൂട്ടിങ്. പഞ്ചാഗ്നി ഉൾപ്പെടെ ഹരിഹരന്റെ പല സിനിമകളിലും അദ്ദേഹം വേഷമിട്ടു. എം കെ രവിവർമ്മയുടെ വേലികളില്ലാത്ത ഭൂമി എന്ന നാടകം ശ്രീനിവാസേട്ടൻ കാസറ്റ് സിനിമയാക്കി. എസ് കൊന്നനാട്ടായിരുന്നു സിനിമയുടെ കലാസംവിധാനം നിർവ്വഹിച്ചത്. ശ്രീനിയേട്ടൻ തന്നെ രൂപീകരിച്ച ചിൽഡ്രൻസ് ഫിലിം സൊസൈറ്റി വഴിയായിരുന്നു താൻ നായകനായ പൂമഴ അദ്ദേഹം നാട്ടുകാർക്ക് മുമ്പിൽ പ്രദർശിപ്പിച്ചത്. ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്യാൻ വന്നത് എം ടി വാസുദേവൻ നായരും. ഭീഷ്മശപഥം, ലങ്കാദഹനം തുടങ്ങി നിരവധി നാടകങ്ങളും വാരാന്തപ്പതിപ്പുകളിൽ നിരവധി കഥകളും എഴുതി. ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വപ്നമാളിക എന്ന മോഹൻലാൽ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

അതിനിടയിലാണ് സംവിധായകൻ ദേവരാജേട്ടൻ സ്പന്ദനം എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മുകേഷും ജഗദീഷും ജ്യോതിർമയിയും മുഖ്യ വേഷത്തിൽ . പടം ബാലുശ്ശേരി വെച്ച് ഷൂട്ട് ചെയ്യാമെന്ന് സംവിധായകൻ. ലൊക്കേഷൻ കാണാനായി ഞങ്ങൾ ബാലുശ്ശേരിയിലെത്തി. തന്റെ ആദ്യ നായകനെ ഒന്ന് കാണണമെന്ന് സംവിധായകൻ. അർബൻ ബാങ്കിൽ പോയി ശ്രീനിവാസേട്ടനെ കണ്ടു. സിനിമയൊക്കെ വിട്ടോ നീ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ ശ്രീനിയേട്ടന്റെ കണ്ണു നിറഞ്ഞു . ഈ പടത്തിൽ നിനക്ക് നല്ലൊരു വേഷമുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോൾ സന്തോഷം ആ മുഖത്ത് നിറഞ്ഞു. പിന്നെ ലൊക്കേഷൻ നോക്കാൻ ഞങ്ങളൊരുമിച്ച് കുറുമ്പൊയിലിലേക്ക്. നായകന്റെ വീടായി സി പി എം നേതാവ് ഇസ്മയിൽ കുറുമ്പൊയിൽ സഖാവിന്റെ വീട് നിശ്ചയിച്ചു. കിനാലൂരും ചിന്ത്ര മംഗലം ക്ഷേത്ര പരിസരവുമെല്ലാം ലൊക്കേഷനായി നിശ്ചയിച്ചു. എന്നാൽ ആ സിനിമയുടെ ചിത്രീകരണം നടന്നില്ല. ദേവരാജേട്ടന്റെ സിനിമയെന്തായി എന്ന് ശ്രീനിയേട്ടൻ പലപ്പോഴും ചോദിക്കുമായിരുന്നു.

കുറേക്കാലത്തിന് ശേഷം എന്റെ നാടായ കൊട്ടാരമുക്കിൽ രവിവർമ്മ മാഷ്‌ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ ശ്രീനിയേട്ടനെ കണ്ടത്. അപ്പോഴാണ് അദ്ദേഹം ബാലുശ്ശേരിയിൽ നിന്ന് എന്റെ തൊട്ടടുത്ത പ്രദേശമായ പാറമുക്കിലേക്ക് താമസം മാറിയത് അറിഞ്ഞത്.പാറമുക്ക് വയലിൽ കണ്ടിയിലായിരുന്നു മണഞ്ചേരി ശ്രീനിവാസൻ എന്ന ശ്രീനിയേട്ടന്റെ താമസം. ശ്രീനിയേട്ടന്റെ അരുന്ധതിയുടെ നിഴൽ ചിത്രം എന്ന കഥാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. വേലികളില്ലാത്ത ഭൂമിയടക്കം നാല് ഹ്രസ്വ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ബാലുശ്ശേരി പൗരസമിതി, ധ്വനി ഫിലിം സൊസെറ്റി, ചിൽഡ്രൻ ഫിലിം സൊസെറ്റി എന്നിവയുടെ സെക്രട്ടറിയായും ജനതാ ദൾ ബാലുശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.

പത്രത്തിലെ ശ്രീനിവാസേട്ടന്റെ ചരമ വാർത്ത കണ്ടപ്പോഴാണ് നാട്ടുകാർ പലരും അദ്ദേഹം ഒരു സിനിമയിലെ നായകനായിരുന്നു എന്നു പോലും അറിയുന്നത്. അദ്ദേഹം ഒന്നും ആരെയും അറിയിക്കാനും ശ്രമിച്ചിരുന്നില്ല. കൈയിലെ പൈസ ചെലവാക്കി കലാപ്രവർത്തനം നടത്തിയ ആ സാധു മനുഷ്യൻ യാത്രയായി. ആദരാഞ്ജലികൾ.