തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യമായി ചൈന വളർന്നു കഴിഞ്ഞു. ജനസംഖ്യയുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും അടക്കം പാശ്ചാത്യ രാജ്യങ്ങളെ കടത്തിവെട്ടിയാണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ മുന്നേറ്റം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ ചൈനയെ മാതൃകയാക്കണമെന്ന് പറയുന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുകയാണ്. മറ്റൊന്നുമല്ല, അറബിക്കഥയിലെ ക്യൂബാ മുകുന്ദനെ അനശ്വരനാക്കിയ നടൻ ശ്രീനിവാസനെ ചൈനയിലേക്ക് യാത്ര അയച്ച് ഫളവേഴ്‌സ് ചാനൽ നടത്തിയ പരിപാടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യയും അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സൈബർ ലോകത്ത് ഈ വീഡിയോ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിക്കുന്നത്. ചൈനയിലെ കമ്മ്യൂണിസത്തെ കുറിച്ച് ശ്രീനി പറയുന്ന വാക്കുകൾ അടർത്തിയെടുത്താണ് സൈബർ കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നത്. ക്യുബാ മുകുന്ദൻ ചൈനയിൽ പോയി കണ്ടെത്തിയ സത്യം എന്ന വിധത്തിൽ പ്രചരിക്കുന്നത് ചൈനയുടെ ഭരണ സംവിധാനങ്ങളെ കുറിച്ചാണ്.

ചൈനയിലെ ജനസംഖ്യ 140 കോടിയാണെന്നും ഇതിൽ 45 ലക്ഷത്തോളം പേർ മാത്രമാണ് കമ്മ്യൂണിസ്റ്റു പാർട്ടി അംഗത്വമുള്ളതെന്നും ശ്രീനിവാസൻ പരിപാടിയിൽ പറയുന്നുണ്ട്. ഫളവേഴ്‌സ് ചാനലിന്റെ ആദ്യകാലത്ത് തുടങ്ങിയ പരിപാടിയുടെ വീഡിയോയിൽ ശ്രീനിവാസൻ പറയുന്ന ചില കാര്യങ്ങൾ മാത്രം അടർത്തിയെടുത്താണ് മറുപടി. ഇതിൽ പ്രധാനമാണ് അവിടുത്തെ സാധാരണക്കാരുടെ അവസ്ഥയും മറ്റും. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത് വെറും 45 ലക്ഷം പേർക്കാണ് പാർട്ടി അംഗത്വമെന്ന് ചൂണ്ടിക്കാട്ടുന്ന ശ്രീനിവാസൻ ജനതാൽപ്പര്യങ്ങൾ നടപ്പാകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു വെക്കുകയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളിൽ നല്ലൊരു ശതമാനവും വൻ മുതലാളിമാരാണ്. ഇതിന് കാരണം ഒരാൾ വൻ മുതലാളി ആയാൽ പാർട്ടിയുടെ നോട്ടുപ്പുള്ളിയാകും എന്നതാണെന്നും അതുകൊണ്ട് ഉടനെ കമ്മൃൂണിസ്റ്റു പാർട്ടി അംഗത്വം എടുത്തു മെമ്പർ ആകുമെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു. ഈ 35 ലക്ഷം വരുന്ന പണക്കാരാണ് രാജ്യത്തിന്റെ പോളിസി രൂപീകരണത്തിനും ഭരണ കാര്യത്തിലും ഇടപെടൽ നടത്തുന്നതെന്നും ചൈനയിൽ പോയ ശ്രീനി പറഞ്ഞു വെക്കുന്നു. അവർ തമ്മിൽ നേതാവിനെ തെരഞ്ഞെടുക്കുകയും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ സാധാരണ ജനങ്ങൾക്ക് യാതൊരു പങ്കുമില്ല. ഗ്രാമ സഭകളിൽ മാത്രം വോട്ടു ചെയ്യാനാണ് അധികാരമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരന് മെമ്പർഷിപ്പ് കിട്ടണമെന്ന് പൊളിറ്റിക്‌സ് പഠിക്കേണ്ടതുണ്ടെന്നും ശ്രീനി പരിപാടിയിൽ വ്യക്തമാക്കി.

കമ്മ്യൂണിസം എന്നൊന്ന് ചൈനയിൽ ഇല്ലെന്നും മുതലാളിത്തം മാത്രമേ ഉള്ളൂവെന്നമാണ് ശ്രീനി ചൈനയിൽ കണ്ട് കാഴ്‌ച്ചകളായി പറയുന്നത്. ചൈനീസ് മോഡലിനെ കുറിച്ച് കേരള നേതാക്കൾ പറയുന്നതിലെ പാളിച്ച ചൂണ്ടിക്കാട്ടുന്നു എന്ന വിധത്തിലാണ് ക്യൂബാ മുകുന്ദന്റെ ചൈനീസ് യാത്രയെ സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്.