കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് പിന്തുണയുമായി ശ്രീനിവാസൻ. 'ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല'. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

അച്ഛന് ശ്രാദ്ധമൂട്ടാൻ കഴിഞ്ഞദിവസം രണ്ടുമണിക്കൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. തുടർന്ന് തിരികെയെത്തിയ ദിലീപിനെ കാണാൻ ഒട്ടേറെ താരങ്ങൾ ജയിലിലെത്തിയിരുന്നു. എം എൽ എയും നടനുമായ ഗണേശ്‌കുമാറിന്റെ സന്ദർശനവും പ്രതികരണവും വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്റെ പ്രസ്താവന. ഷൂട്ടിങ് കഴിഞ്ഞു മടങ്ങുകയായിരുന്ന നടിയെ തട്ടിക്കൊണ്ടു പോയി അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലാണ് ദീലിപ് അറസ്റ്റിലായത്.

കേസിൽ ദിലീപിനെ അനുകൂലിച്ച് തുടക്കം മുതൽ പരസ്യമായി രംഗത്തുവന്നയാളാണ് ശ്രീനിവാസൻ. ദിലീപ് അത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്ന് ശ്രീനിവാസൻ മുൻപും പറഞ്ഞിരുന്നു. കേസിൽ ജനങ്ങളുടെ മനോഭാവത്തേയും ശ്രീനിവാസൻ പുച്ഛിച്ചിരുന്നു. ജനങ്ങൾ ആരാണെന്ന് ചോദിച്ച അദ്ദേഹം അമ്മയിലെ അംഗങ്ങളേക്കാൾ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവർക്കെന്തിനാണ് സ്നേഹമെന്നും ചോദിച്ചിരുന്നു. 'അമ്മ' എന്ന സംഘടനഅംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി മാറുകയാണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

'ജനങ്ങൾ ആരാണ്, ജനങ്ങളാണെങ്കിൽ പിന്നെ ജനങ്ങൾ മാത്രം അന്വേഷിച്ചാൽ പോരെ, പൊലീസെന്തിനാണ്. ആരാണ് ഈ ജനങ്ങൾ. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ അമ്മയിലെ അംഗങ്ങളേക്കാൾ ആക്രമിക്കപ്പെട്ട കുട്ടിയോട് സ്നേഹം ഇവർക്കെന്തിനാ? അതുതന്നെ വെറും തട്ടിപ്പാണ്' എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഈ നിലപാട് ശ്രീനിവാസൻ വീണ്ടും ആവർത്തിക്കുകയാണ്.

ഇതോടെ സിനിമാ മേഖലയിലെ ഒരു വിഭാഗം ദിലീപിന് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾക്കും സ്ഥിരീകരണമാവുകയാണ്.