ആലപ്പുഴ: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നു നടൻ ശ്രീനിവാസൻ. അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി 'അമ്മ' എന്ന സംഘടന മാറുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നേരത്തെ ശ്രീനിവാസൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പൊതുജനങ്ങൾ നടത്തുന്ന പ്രതികരണങ്ങളെയാണ് ശ്രീനിവാസൻ അന്ന് പുച്ഛിച്ചുതള്ളിയത്. ജനങ്ങൾ ആരാണെന്ന് ചോദിച്ച അദ്ദേഹം അമ്മയിലെ അംഗങ്ങളേക്കാൾ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവർക്കെന്തിനാണ് സ്നേഹമെന്നും ചോദിച്ചിരുന്നു.

'ജനങ്ങൾ ആരാണ്. ജനങ്ങളാണെങ്കിൽ പിന്നെ ജനങ്ങൾ മാത്രം അന്വേഷിച്ചാൽ പോരേ. പൊലീസെന്തിനാണ്. ആരാണ് ഈ ജനങ്ങൾ. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ഈ അമ്മയിലെ അംഗങ്ങളേക്കാൾ ആക്രമിക്കപ്പെട്ട കുട്ടിയോട് സ്നേഹം ഇവർക്കെന്തിനാ? അതുതന്നെ വെറും തട്ടിപ്പാണ്.' എന്നായിരുന്നു അന്ന് ശ്രീനിവാസൻ നടത്തിയ പരാമർശം.