- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയുടെ പ്രസ് ഗ്യാലറിയിൽ ചിരിച്ച മുഖത്തോടെ ഇരിക്കേണ്ട ആൾ ആയിരുന്നു ബഷീർ; രണ്ടുവർഷം പിന്നിടുമ്പോഴും കെ.എം.ബഷീറിന്റെ കുടുംബം നേരിടുന്ന നീതി നിഷേധം ഓർമിപ്പിച്ച് പി.സി.വിഷ്ണുനാഥ്; എംഎൽഎ സംസാരിക്കുമ്പോൾ ഉദ്യോഗസ്ഥ ഗ്യാലറിയിൽ എല്ലാം കേട്ട് ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ചൊവ്വാഴ്ച. രണ്ടുവർഷം പിന്നിടുമ്പോഴും കുടുംബം നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് ഇന്ന് പിസി വിഷ്ണുനാഥ് സഭയെ ഓർമ്മിപ്പിച്ചു. ആ സമയത്ത് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ഇരുന്ന് അത് കേൾക്കുന്നുണ്ടായിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു വിഷ്ണുനാഥ് കെ എം ബഷീറിന്റെ രണ്ടാം ചരമവാർഷികം സഭയെ ഓർമ്മിപ്പിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് ജന്മദിനാശംസകൾ നേർന്ന് കെ ടി ജലീൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു വിഷ്ണുനാഥ് വിഷയം സഭയിലെത്തിച്ചത്. ആരോഗ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നവർ ബഷീറിന്റെ മരണം നടന്നിട്ട് രണ്ടുവർഷം പിന്നിട്ടെന്ന് കൂടി ഓർക്കണമെന്ന് വിഷ്ണുനാഥ് ഓർമ്മിപ്പിച്ചു.
'സഭയിൽ റിപ്പോർട്ടിംഗിന് എത്തുമ്പോൾ ചിരിച്ച മുഖത്തോടെയല്ലാതെ ബഷീറിനെ ഞങ്ങളാരും കണ്ടിട്ടില്ല. അങ്ങനെ സഭയുടെ പ്രസ് ഗ്യാലറിയിൽ സുസ്മേര വദനനായി ഇരിക്കേണ്ടയാളായിരുന്നു കെ എം ബഷീർ'- പി സി വിഷ്ണുനാഥ് പറഞ്ഞു. ഈ സമയം, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമൻ സഭയുടെ ഉദ്യോഗസ്ഥ ഗാലറിയിലുണ്ടായിരുന്നു.
കെഎം ബഷീർ ആ ഗാലറിയില്ലെങ്കിലും അദ്ദേഹത്തെ കാറിടിച്ചുകൊലപ്പെടുത്തിയ പ്രതി ആരോഗ്യവകുപ്പിൽ ഉന്നത സ്ഥാനവുമായി ഇപ്പോഴും സർവ്വീസിലുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, ആരോഗ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ ഇതേക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായില്ല
മറുനാടന് മലയാളി ബ്യൂറോ