തിരുവനന്തപുരം : ഒരു പെണ്ണിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങൾ സമീപകാലത്ത് കേരള സമൂഹത്തിൽ നിന്ന് ഏറ്റുവാങ്ങിയ രണ്ടുപേരാണ് വഫയും സ്വപ്നയും. രണ്ടും ഐ.എ.എസുകാരുടെ തോന്ന്യവാസത്തിന്റെ ജീവിക്കുന്ന രക്ഷതാസാക്ഷികളാണ്. സമാനതകളില്ലാത്ത പ്രതിഷേധമാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ടുയരുന്നത്. ഐഎഎസ് അസോസിയേഷൻ പോലും ശ്രീറാമിനെ കളക്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.

ഐഎഎസുകാർക്ക് സെക്രട്ടറിയായി പ്രെമോഷൻ കിട്ടുന്നതിന് മുമ്പ് കളക്ടറായി നിയമനം നൽകേണ്ടതുണ്ടെന്നും ഈ സാങ്കേതികതയിലാണ് നിയമനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. അത്തരമൊരു നിർബന്ധം ചട്ടങ്ങളിൽ ഇല്ല. ഐഎഎസുകാർക്ക് ഫീൽഡ് എക്സ്പീരിയൻസ് വേണമെന്നതാണ് ചട്ടം. സബ് കളക്ടർ കാലാവധിയും ഇതിന് വേണ്ടി പരിഗണിക്കാം. മുമ്പ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം കളക്ടറായ ഐഎഎസുകാരനും കേരളത്തിലുണ്ട്. ഡോ ജയതിലക് കോഴിക്കോട് കളക്ടറായത് പ്രെമോഷന് ശേഷമാണ്. അത്തരം അവസരത്തിൽ കളക്ടറുടെ പദവി ഉത്തരവിലൂടെ സെക്രട്ടറി റാങ്കാക്കിയാൽ മതിയാകും. അഞ്ചു മാസം കളക്ടറായവരും ഉണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുഖ്യമന്ത്രി ന്യായീകരണവുമായി എത്തിയത്. ഇതിന് പിന്നിൽ സർക്കാർ വിരുദ്ധ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കുള്ള പണി നൽകലാണ്.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാമെങ്കിൽ, മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് വഴിവിട്ട ചെയ്തകൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ് ശിവശങ്കരൻ. ശ്രീറാം തന്റെ ചെയ്തികൾക്ക് ഒപ്പം കൂട്ടിയത് വഫയെ, ശിവശങ്കരനാകട്ടെ സ്വപ്നയെയും. രണ്ട് ഐ.എ.എസുകാരുടെയും വഴിവിട്ട ജീവിതത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങൾക്ക് സമാനതകൾ ഏറെ. അധികാരത്തിന്റെ ഉന്നതങ്ങളിൽ നിക്കുന്ന ഐ.എ.എസ് ഏമാന്മാരുടെ ചതിയിൽ ഇരുവരും കേസിൽ പ്രതികളായി. എന്നാൽ അതിന് കാരണക്കാരായ രണ്ടു പേരും ഇന്ന് അധികാരത്തിന്റെ ആർഭാടത്തിൽ ഉളുപ്പ് ലവലേശമില്ലാതെ സർക്കാർ സംവിധാനങ്ങളുടെ സുഖലോലുപതയിൽ ജീവിതം സുഖിക്കുന്നു. വഫയും സ്വപ്നയും ഇരകളായി തുടരുന്നു.

സ്വർണ്ണ കടത്തിൽ എല്ലാം കാട്ടിക്കൂട്ടിയ ശിവങ്കരൻ ഒടുവിൽ പുസ്തകമെഴുതി നല്ല പിള്ള ചമയാൻ നോക്കിയപ്പോഴാണ് സ്വപ്ന മിണ്ടി തുടങ്ങിയത്. ശിവങ്കരന് ഇല്ലാത്ത നട്ടെല്ല് തനിക്ക് ഉണ്ടെന്ന് സ്വപ്ന തെളിയിച്ചതായി സമൂഹം വിലയിരുത്തുന്നതും അതുകൊണ്ട് തന്നെയാണ്. എന്നാൽ ബഷീറിന്റെ കൊലപാതകത്തിന് ശേഷം ശ്രീറാം അത്തരമൊരു ശ്രമത്തിന് തുനിഞ്ഞില്ല, അതിനാൽ തന്നെ വഫയ്ക്ക് ആ രാത്രിയിൽ നടന്നതും അതിന് മുമ്പേയുള്ളതുമായ കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് മുന്നിൽ വച്ച് ഓർത്ത് എടുക്കേണ്ടിവന്നിട്ടില്ല.

ശ്രീറാം വിവാഹിതനായ ഘട്ടത്തിലും ഒടുവിൽ ജില്ലാകളക്ടറായ ഘട്ടത്തിലും സമൂഹം വഫയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. രണ്ടു മക്കളെ അനാഥരാക്കി, ഒരു സ്ത്രീയ്ക്ക് ഭർത്താവിനെ നഷ്ടമാക്കിയ ശ്രീറാമിന് ഇന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കൊലക്കേസിൽ ഒന്നാം പ്രതിയെ ജില്ലാ കളക്ടറായി വാഴിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുകയും ചെയ്തു. നഷ്ടപ്പെട്ടത് ബഷീറിന്റെ കുടുംബത്തിന് മാത്രം. ഐ.എ.എസുകാരെ പോലും വെല്ലുംവിധം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുകയും യു.എ.എ.ഇയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെക്കാൾ സ്വാധീനവും ഉണ്ടായിരുന്ന സ്വപ്ന ഉയർച്ചയുടൈ കൊടുമുടിയിൽ നിന്ന് താഴേക്ക് വലിച്ചിട്ടത് ഇന്ന് സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിൽ സുഖിക്കുന്ന ശിവങ്കരനാണെന്ന് സമൂഹം ഉറച്ച് വിശ്വസിക്കുന്നു.

പണവും ആൾബലവുമുണ്ടെങ്കിലും എന്തും തങ്ങളുടെ വരുതിയിലാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ശ്രീറാമും ശിവശങ്കരനും. ശ്രീറാമും ശിവശങ്കരനും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയല്ല, മറിച്ച് ആ കുറ്റകൃതൃങ്ങളിൽ തുല്യമായ പങ്കാളികളാണ്. ബഷീറിനെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം തുടരുകയാണ്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കളക്റ്റ്രേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും. കെ എം ബഷീറിന്റെ സഹപാഠികളുടെ സത്യഗ്രഹവും ഉണ്ടാകും. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തലത്തിൽ എസ് ഡി പി ഐയും പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്

ശ്രീറാം വെങ്കിട്ടരാമന്റെ ഔദ്യോഗിക പരിപാടികൾ ബഹിഷക്കരിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം രണ്ട് പാർട്ടികളും ബഹിഷ്‌കരിക്കും. ജില്ലാ കലക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയർമാൻ. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന യോഗമാണ് ഇന്നത്തേത്. കാന്തപുരവും പ്രതിഷേധത്തിലാണ്. എന്നാൽ സർക്കാർ ഇതൊന്നും കാണുന്നില്ല.

ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത് മുതൽ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കടുത്ത വിമർശനവുമായി നൂറുകണക്കിനാളുകളാണ് കമന്റുകളിട്ടത്. ഈ സമയം ശ്രീറാമിന്റെ ഭാര്യ ഡോ. രേണുരാജായിരുന്നു കളക്ടർ. കമന്റുകൾ അതിര് വിട്ടതോടെ കളക്ടർ ഫേസ്‌ബുക്കിലെ കമന്റ് ബോക്‌സ് പൂട്ടിക്കെട്ടി. പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമർശന കമന്റുകൾ നിറഞ്ഞു. ഒടുവിൽ ബുധനാഴ്ച ഉച്ചയോടെ ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രം ശ്രീറാമിന്റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്റുകളെല്ലാം നീക്കം ചെയ്ത് പൂട്ടിക്കെട്ടുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കലക്ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാർച്ച് നടക്കും. മാർച്ചിൽ എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും അണിചേരും. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കളക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു.