മലപ്പുറം: തുടക്കത്തിൽ ദേശീയ പാതാ വികസനത്തിനൊപ്പമായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണനും. എന്നാൽ മണ്ഡലത്തിലെ ജനങ്ങളുടെ എതിർപ്പ് മനസ്സിലാക്കി പൊന്നാനി എംഎൽഎ കൂടിയായ സ്പീക്കർ നിലപാട് മാറ്റുകയാണ്.

ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സർവേയ്‌ക്കെതിരെ വിമർശനവുമായി ശ്രീരാമകൃഷ്ണൻ രംഗത്തുവന്നു. സർവേയിൽ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ എതിർപ്പാണ് സ്പീക്കറുടെ നിലപാട് പ്രഖ്യാപനത്തിന് കാരണം.

നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം പൊന്നാനി മേഖലയിൽ, ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയതു മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്. തീരപ്രദേശമായ പാലപ്പെട്ടിയിൽ 17 വീടുകൾ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. 30 വീടുകൾ നഷ്ടമാകുന്ന തരത്തിലാണ് ഇപ്പോൾ സർവേ പൂർത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങൾ സ്‌പെഷൽ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ പലയിടത്തും ദേശീയപാത അലൈന്മെന്റിനെച്ചൊല്ലി രൂക്ഷമായ തർക്കങ്ങളുണ്ടാവുകയും സംഘർഷത്തിലും പൊലീസ് നടപടിയിലും കലാശിക്കുകയും ചെയ്തിരുന്നു. അതിനിടെ, റെക്കോർഡ് വേഗത്തിൽ സർവേ പൂർത്തിയാക്കിയതിന് ഉദ്യോഗസ്ഥരെയും ദേശീയപാത അഥോറിറ്റിയെയും പൊലീസിനെയും കലക്ടർ അമിത് മീണ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ വിമർശനം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടാണ് സർവേയുമായി മുന്നോട്ട് പോകാൻ കാരണം.