കൊച്ചി: വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്നു കസ്റ്റംസ് ഉടൻ മൊഴി രേഖപ്പെടുത്തും. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറുമായി ഈയാഴ്ച കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച സ്പീക്കറെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം തന്റെ മണ്ഡലമായ പൊന്നാനിയിലായിരുന്നു. ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തും. അന്വേഷണ ഉദ്യോഗസ്ഥനും അവധി കഴിഞ്ഞ് ഇന്നെത്തും. അതിന് ശേഷം നടപടികൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്. അതായത് രണ്ട് ദിവസത്തിനുള്ളിൽ സ്പീക്കറെ കസ്റ്റംസ് കാണും.

പ്രതികളുടെ രഹസ്യമൊഴിയിൽ പരാമർശമുള്ളതിനാൽ, മൊഴിയെടുക്കണമെന്നു സ്പീക്കറെ അറിയിക്കും. സ്പീക്കറുടെ സൗകര്യം കൂടി കണക്കിലെടുത്ത് തീയതി നിശ്ചയിക്കും. നോട്ടീസ് നൽകാതെയുള്ള മൊഴിയെടുക്കലാണു കസ്റ്റംസ് ഉദ്ദേശിക്കുന്നതെങ്കിലും നോട്ടീസ് നൽകണമെന്നാണു നിയമോപദേശം. അതിനാൽ നോട്ടീസ് നൽകിയേക്കും. നിയമസഭാ കോമ്പൗണ്ടിലെ വസതിക്കുള്ളിൽ വച്ചും ചോദ്യം ചെയ്യലിനും കസ്റ്റംസ് തയ്യാറാണ്. ഡോളർ കടത്ത് കേസിൽ തനിക്ക് ബന്ധമില്ലെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സ്പീക്കർ വിശദീകരിക്കും.

യു.എ.ഇ. കോൺസുലേറ്റ് കേന്ദ്രീകരിച്ചു കേരളത്തിൽനിന്നു വിദേശത്തേക്കു വൻതോതിൽ ഡോളർ കടത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർ പി. ശ്രീരാമകൃഷ്ണനെതിരേ മൊഴിനൽകിയിട്ടുണ്ട്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ നിയമതടസങ്ങളില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചത്. അന്വേഷണം തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നു സ്പീക്കർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലിനും സമ്മതം അറിയിക്കും.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്റെ ചോദ്യംചെയ്യൽ നോട്ടീസിന്റെ പേരിൽ നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മിൽ കത്ത് യുദ്ധം നടന്നതിനാൽ ശ്രദ്ധയോടെയാണു നടപടിക്രമങ്ങൾ കൈകാര്യംചെയ്യുന്നത്. നിലവിൽ ഈ നിയമസഭയിലെ സമ്മേളനമെല്ലാം അവസാനിച്ചു കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സ്പീക്കർക്ക് ഇനി ആവശ്യത്തിന് സമയമുണ്ടാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. നടപടികളുമായി ഈ ഘട്ടത്തിൽ സഹകരിച്ചില്ലെങ്കിൽ സ്പീക്കർ പദവി ഒഴിഞ്ഞ ശേഷം നടപടികൾ എടുക്കാൻ കസ്റ്റംസിന് കഴിയും. അതിനാൽ ഇപ്പോൾ തന്നെ ചോദ്യം ചെയ്യലിൽ സഹകരിക്കാനാണ് തീരുമാനം.

സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. വിദേശത്തേക്ക് ഡോളർ കടത്ത് നടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്. സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കൈമാറിയെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. ഡോളർ അടങ്ങിയ ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി ആവർത്തിക്കുകയും ചെയ്തു.

നേരത്തെ, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു ഉന്നതന് റിവേഴ്‌സ് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന് വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാം നിഷേധിച്ച് സ്പീക്കർ പരസ്യമായി രംഗത്തുവന്നിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് സ്വപ്നയെ പരിചയമുണ്ടെന്നും അവരുടെ ക്രിമിനിൽ പശ്ചാത്തലം മനസിലാക്കിയ ശേഷം ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. വിദേശത്ത് യാതൊരു കൂടിക്കാഴ്ചയും പ്രതികളുമായി നടത്തിയിട്ടില്ലെന്നും സ്പീക്കർ പദവിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമായിരുന്നു ശ്രീരാമകൃഷ്ണന്റെ വാദം. ഈ നിലപാടിലാണ് അദ്ദേഹം ഇപ്പോഴും.

എന്നാൽ, ശേഖരിച്ച വിവരങ്ങളിൽ സ്പീക്കറുടെ പങ്ക് സംശയിക്കപ്പെടുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. സരിത്തിനെയും സ്വപ്നയെയും പേട്ടയിലെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറി. അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു. സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയിലും ഇത് ആവർത്തിച്ചിട്ടുണ്ട്.