- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കാൻ ശ്രീശാന്ത് ഇല്ല; ക്രിക്കറ്റ് കളിക്കാൻ പ്രഥമ പരിഗണനയെന്ന ഫാസ്റ്റ് ബൗളറുടെ നിലപാടിന് അമിത് ഷായുടേയും പിന്തുണ; സഞ്ജുവിന്റെ പിന്തുണയിൽ ശ്രീ രാജസ്ഥാനിൽ എത്തുമോ എന്ന ചോദ്യവും ബാക്കി; പഞ്ചാബും ചെന്നൈയും മലയാളിയെ നോട്ടമിടുന്നുവെന്നും റിപ്പോർട്ട്; ഐപിഎല്ലിൽ കണ്ണും നട്ട് ശ്രീശാന്ത്
മുംബൈ: '7 വർഷത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിവന്നിരിക്കുന്നത് കണക്കുകൾ തീർക്കാനല്ല, ചില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ്.' ബിസിസിഐ വിലക്കിനുശേഷം തിരിച്ചെത്തിയ ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വീണ്ടും ഐപിഎല്ലിൽ കളിക്കുക. ഇതിന് വേണ്ടി തൽകാലം രാഷ്ട്രീയം പോലും മാറ്റി വയ്ക്കുകയാണ് ശ്രീശാന്ത്. ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്നതിനാൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന നിർദ്ദേശം ശ്രീശാന്ത് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് അംഗീകരിക്കുകയും ചെയ്തു. ഇനി ഏത് ടീമിലാകും ശ്രീശാന്ത് ഐപിഎല്ലിൽ കളിക്കുക എന്നതാണ് നിർണ്ണായകം.
2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് 37കാരനായ ശ്രീശാന്ത് പറയുന്നു. ഒത്തുകളി ആരോപണത്തെതുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. കേസിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും 7 വർഷം നീണ്ട ബിസിസിഐ വിലക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ജഴ്‌സി അണിഞ്ഞു കളിക്കളത്തിലേക്ക് തിരിച്ചെത്തി.
ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ബോൾഡ് വിക്കറ്റുമായായിരുന്നു ശ്രീയുടെ അരങ്ങേറ്റം. തന്റെ ആവനാഴിയിൽ ഇപ്പോഴും കരുത്തുള്ള അസ്ത്രങ്ങൾ ഉണ്ടെന്ന് ശ്രീ തെളിയിച്ചു. ആറ്റാക്കിങ് ബൗളിങ്ങാണ് ശ്രീശാന്ത് നടത്തിയത്. അതുകൊണ്ട് തന്നെ ശ്രീ ഏത് ടീമിലെത്തുമെന്ന ചർച്ചകളും സജീവം. ശ്രീശാന്തിന് മാർക്കിറ്റിങ് വാല്യൂ കൂടുതലാണ്. അത് ടീമുകൾ ഉപയോഗിക്കാനും സാധ്യതയുണ്ട്.
തൃപ്പുണ്ണിത്തുറയിലോ തിരുവനന്തപുരത്തേ എതെങ്കിലും ഒരു സീറ്റിലോ ശ്രീശാന്തിനെ സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന് ശ്രീശാന്ത് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കളിയോടുള്ള തന്റെ നിലപാട് സീരിയസാണെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിനെ മാറ്റി നിർത്താനുള്ള ബിജെപിയുടെ തീരുമാനം. എന്നാൽ ശ്രീശാന്ത് സജീവമായി പ്രചരണത്തിൽ ഉണ്ടാകും. കളിക്കുന്ന സാഹചര്യം താരത്തിന്റെ മൂല്യം ഉയർത്തുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ.
2022ൽ രണ്ട് പുതിയ ടീമുകൾ കൂടി എത്തും. അതിലൊന്ന് ഗുജറാത്തിലും മറ്റേത് കേരളത്തിലുമാകാനാണ് സാധ്യത. ഗുജറാത്തിലെ ടീം അദാനി ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാൽ ബിജെപിയുമായി അടുപ്പമുള്ള ശ്രീശാന്തിന് ആ ടീമിൽ സ്ഥാനവും ലഭിക്കും. കേരളത്തിൽ ടീം വന്നാലും പ്രഥമ പരിഗണന കിട്ടും. എന്നാൽ ഇതിന് ഈ സീസണിൽ ഏതെങ്കിലും ടീമിൽ കളിക്കുക എന്നത് അതിനിർണ്ണായകമാണ്. കളിക്കാനുള്ള ഫിറ്റ്‌നസ് നേടിയെന്ന് ശ്രീ തെളിയിച്ചു കഴിഞ്ഞു. ബൗളിങ്ങിലെ വിക്കറ്റെടുക്കാനുള്ള കഴിവ് കൂടുതൽ തെളിഞ്ഞു വന്നാൽ ഏത് ടീമിനും ശ്രീ മുതൽ കൂട്ടാകും. ഈ സാഹചര്യത്തിലാണ് ശ്രീയുടെ ഐപിഎൽ സാധ്യതകൾ ചർച്ചയാകുന്നതും.
പുതിയ സീസണ് മുന്നോടിയായി വമ്പൻ താരങ്ങളെ ഉപേക്ഷിച്ച ടീമാണ് കിങ്‌സ് ഇലവൻ പഞ്ചാബ്. ഈ ടീമിൽ മുമ്പ് സഞ്ജു കളിച്ചിട്ടുണ്ട്. അതിന് ശേഷമാണ് രാജസ്ഥാനിൽ എത്തിയത്. അവിടെയാണ് ഒത്തുകളി വിവാദം എത്തിയത്. വീണ്ടും സഞ്ജു പഞ്ചാബിൽ കളിക്കാൻ സാധ്യത ഏറെയാണ്. ജോഫ്ര ആർച്ചർ നയിക്കുന്ന ബോളിങ് നിരയുള്ള രാജസ്ഥാൻ റോയൽസിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് തള്ളിക്കളയാനാകില്ല. റോയൽസ് താരമായിരിക്കെയാണ് 2013ൽ ഒത്തുകളി വിവാദത്തിൽപ്പെട്ടതിനാൽ രാജസ്ഥാനിലൂടെ മടങ്ങിയെത്താനായാൽ അതു ശ്രീയുടെ മധുരപ്രതികാരമായിരിക്കും. ലേലത്തിന് മുന്നോടിയായി വരുൺ ആരോണിനെ റിലീസ് ചെയ്ത രാജസ്ഥാനിൽ ഒരു പേസറുടെ ഒഴിവുണ്ട്. മലയാളിയായ സഞ്ജു സാംസൺ ക്യാപ്റ്റനായതിനാൽ അതും തുണച്ചേക്കും. സഞ്ജുവിന്റെ വാക്കുകളാകും നിർണ്ണായകം.
സഞ്ജുവിനെ ഐപിഎല്ലിന്റെ ഭാഗമാക്കിയതിൽ നിർണ്ണായക പങ്ക് ശ്രീശാന്ത് വഹിച്ചിരുന്നു. തന്റെ പരിചയങ്ങൾ ഉപയോഗിച്ചാണ് സഞ്ജുവിനെ രാജസ്ഥാനിൽ ശ്രീ എത്തിച്ചതെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു. രാജസ്ഥാന് പുറമേ ചെന്നൈ ടീമിലും ശ്രീ എത്താനുള്ള സാധ്യത ഏറെയാണ്. മൂന്നു തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈയുടെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. പരിചയസമ്പരായ ബാറ്റ്‌സ്മാന്മാരെ കൊണ്ടു സമ്പനമായ ചെന്നൈനിരയിൽ പരിചയസമ്പനനായ ഒരു ബോളറുടെ അഭാവം ഇപ്പോഴുമുണ്ട്. ക്യാപ്റ്റൻ ധോണിക്കു കീഴിൽ 2011ലെ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ശ്രീശാന്തിന്റെ കാര്യത്തിൽ ചെന്നൈ ഉടൻ തീരുമാനം എടുക്കും.
രാജസ്ഥാൻ റോയൽസിൽ നിന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വലയിട്ടതിനു പിന്നാലെയാണ് റോയൽസ് മാനേജ്‌മെന്റിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഈ ടീമിൽ സഞ്ജുവിന് കൂടുതൽ പ്രാധാന്യം കി്ട്ടും. അത് ശ്രീശാന്തിന് ഗുണകരമാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഇന്ത്യൻ ടീമിന്റെ മുൻ ഫിസിയോ ആയ ജോൺ ഗ്ലോസ്റ്റർ ഇപ്പോഴും രാജസ്ഥാൻ ടീമിന്റെ ഭാഗമാണ്. അതും ശ്രീയ്ക്ക് തുണയാകും. സഞ്ജുവിനെ രാജസ്ഥാൻ ടീമിൽ എത്തിച്ചതിന് പിന്നിലും ഗ്ലോസ്റ്റർക്ക് വലിയ പങ്കുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ