- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സച്ചിനെ ഔട്ടാക്കിയതോടെയാണ് ശ്രീശാന്ത് എന്ന പേര് ലൈംലൈറ്റിൽ വന്നത്; സച്ചിനെതിരെ ബോൾ ചെയ്തു കഴിയുമ്പോൾ ഗിൽക്രിസ്റ്റും ലാറയുമൊക്കെ ആരെടാ എന്നായി; നമ്മുടെയൊക്കെ ഒരു ബൗൺസർ പോലും കാല്ലിസിന് കളിക്കാനാവില്ല': ശ്രീശാന്ത്
കൊച്ചി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആഡം ഗിൽക്രിസ്റ്റിനും ദക്ഷിണാഫ്രികൻ ഇതിഹാസ താരം ജാക്കസ് കാല്ലിസിനുമെതിരെ ബോൾ ചെയ്യുമ്പോൾ തനിക്ക് യാതൊരു വിധത്തിലുള്ള സമ്മർദവും തോന്നിയിരുന്നില്ലെന്ന് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. മഴവിൽ മനോരമയിലെ ഉടൻപണം എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
'സച്ചിനെ ഔട്ടാക്കിയതോടെയാണ് ശ്രീശാന്ത് എന്ന പേര് ലൈംലൈറ്റിൽ വന്നത്. സച്ചിനെതിരെ ബോൾ ചെയ്തു കഴിയുമ്പോൾ ഗിൽക്രിസ്റ്റും ലാറയുമൊക്കെ ആരെടാ എന്ന പോലെയായിരുന്നു.
രാഹുൽ ദ്രാവിഡ്, ലക്ഷ്മൺ, യുവരാജ് സിങ്, വിരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, സച്ചിൽ ടെൻഡുൽക്കർ ഇവർക്കൊക്കെ വേണ്ടിയാണ് നമ്മൾ നെറ്റ്സിൽ ബോൾ ചെയ്യുന്നത്. ഇവരെ നെറ്റ്സിൽ ഔട്ടാക്കാൻ തന്നെ വർഷങ്ങളായി ബോൾ ചെയ്യണം. ഇവർക്ക് ഇങ്ങനെ ബോൾ ചെയ്ത് പ്രാക്ടീസ് ആയ നമ്മുടെയൊക്കെ ഒരു ബൗൺസർ പോലും കാല്ലിസിന് കളിക്കാനാവില്ല,' ശ്രീശാന്ത് പറയുന്നു.
സച്ചിനാണ് ക്രിക്കറ്റിൽ തന്നെ ഏറെ സ്വാധീനിച്ചതെന്നും, അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ചെയ്ത ബോളിലാണ് ഒരിക്കൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാല്ലിസ് ഔട്ടായതെന്നും, ആ ഡെലിവറി ക്രിക്‌ബസ്സിന്റെ ഏറ്റവും മികച്ച 20 ഡെലിവറികളിൽ ഒന്നായി മാറിയെന്നും ശ്രീശാന്ത് പറയുന്നു.
2005ലാണ് ശ്രീശാന്ത് ഇന്ത്യൻ ജേഴ്സിയിലെത്തുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 169 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്കായി നേടിയത്. 55 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് ശ്രീശാന്തിന്റെ മികച്ച പ്രകടനം.
സ്പോർട്സ് ഡെസ്ക്