- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരമിക്കാനുള്ള തീരുമാനം പൊടുന്നനെ എടുത്തതല്ല; പരുക്ക് മറയാക്കി തന്നെ കേരളാ ടീം തഴഞ്ഞു; മാന്യമായ ഒരു വിരമിക്കൽ അവസരം ഒരുക്കിയില്ല; കെ.സി.എയ്ക്കെതിരേ ആഞ്ഞടിച്ച് ശ്രീശാന്ത്

കൊച്ചി: സജീവ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മുൻ താരമായി മലയാളി പേസർ എസ്. ശ്രീശാന്ത്. സംസ്ഥാനത്തു നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ചു കളിച്ച തനിക്ക് മാന്യമായ ഒരു വിരമിക്കൽ അവസരം പോലും കെ.സി.എ. ഒരുക്കിയില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.
പരുക്ക് മറയാക്കി തന്നെ കേരളാ ടീം തഴയുകയായിരുന്നുവെന്നും ഇതല്ല താൻ അർഹിച്ചിരുന്നതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. ഇത്തവണത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിനുള്ള കേരളാ ടീമിൽ ഇടംപിടിച്ച ശ്രീശാന്തിന് ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാനായത്.ആദ്യ മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ശ്രീയ രണ്ടാം മത്സരത്തിൽ പരുക്കിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു.
പരുക്ക് ഗുരുതരമാണെന്നു കണ്ടെത്തിയതോടെ താരത്തിന് ഈ സീസണിൽ കേരളത്തിന്റെ എല്ലാ മത്സരങ്ങളും നഷ്ടമാകുമെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കെ.സി.എ. ഔദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല.അതു ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ വിമർശനം.
പരുക്ക് മറയാക്കി തന്നെ തഴയുകയായിരുന്നുവെന്നും ഗുജറാത്തിനെതിരായ മത്സരം തന്റെ കരിയറിലെ അവധസാന ആഭ്യന്തര മത്സരമായിരിക്കുമെന്നു കെ.സി.എയെ അറിയിച്ചിരുന്നുവെന്നും ഇതിലും മികച്ച യാത്രയയ്‌പ്പു താൻ അർഹിച്ചിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
''ക്രിക്കറ്റ് കളിച്ചുകൊണ്ടു തന്നെ വിരമിക്കൽ പ്രഖ്യാപിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഗുജറാത്തിനെതിരേ കളിക്കുന്നത് എന്റെ അവസാന മത്സരമാകുമെന്ന് ഞാൻ ടീം യോഗത്തിൽ പറഞ്ഞിരുന്നു. അതിനു ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്നും ഞാൻ അവരെ അറിയിച്ചിരുന്നു. ഒരു മത്സരം കളിച്ചുകൊണ്ടു വിരമിക്കൽ പ്രഖ്യാപിക്കാനുള്ള അവരമെങ്കിലും ഞാൻ അർഹിക്കുന്നില്ലേ. അതും അവർ നിഷേധിച്ചു. അവർക്ക് മാന്യതയെന്തെന്ന് അറിയില്ല''- ശ്രീശാന്ത് പറഞ്ഞു.
വിരമിക്കാനുള്ള തീരുമാനം പൊടുന്നനെ എടുത്തതല്ലെന്നും ഏതാനും മാസങ്ങളായി ഇതേക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങളാണ് വൈകിപ്പിച്ചതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.''മൂന്നു മാസമായി വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട്. ഏറെ വർഷങ്ങൾക്കു ശേഷമാണ് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിക്കുന്നത്.
എന്നാൽ പിന്നെയും രണ്ടു വർഷം കോവിഡ് കാരണം നഷ്ടപ്പെടുന്നു. ആ സമയത്താണ് ഐ.പി.എൽ. ലേലം വരുന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ലേലപ്പട്ടികയിൽ പേരു പോലും വന്നില്ല. ഇത്തവണ് പേരു വന്നിട്ടും തഴയപ്പെടുന്നു. ഇത്തരത്തിൽ ഏറെ അവഗണനകൾ നേരിടുമ്പോൾ ഏതു മനുഷ്യനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു''- ശ്രീശാന്ത് പറഞ്ഞു.
വിരമിക്കൽ പ്രഖ്യാപിച്ച ശേഷമുള്ള തന്റെ ഭാവി പരിപാടികൾ സംബന്ധിച്ചും ശ്രീശാന്ത് തുറന്നു പറഞ്ഞു. വിദേശ ലീഗുകളിൽ സജീവമാകുമെന്നും പരിശീലകനാകാനും ഓഫറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സിനിമയിലും സജീവമാകുമെന്നും ശ്രീ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുന്നുണ്ടെന്നും ആദ്യത്തേതു കൊല്ലൂർ മൂകാംബികയിൽ ഓണത്തിനു ശേഷം തുറക്കുമെന്നും ശ്രീ അറിയിച്ചു.


