കൊച്ചി: മുൻ ഇന്ത്യൻ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്.

ഇത്തവണ രഞ്ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ മത്സരത്തിൽ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിൽ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം.

പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയർ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

വിരമിക്കൽ പ്രഖ്യാപിച്ചതോടെ താരത്തിന് ഇനി ഇന്ത്യയ്ക്ക് പുറത്തുള്ള ലീഗുകളിൽ കളിക്കാനാകും. നേരത്തെ മുൻ ഇന്ത്യൻ താരം യുവ്രാജ് സിങ് ഇത്തരത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് കാനഡയിലെ ട്വന്റി 20 ലീഗിൽ കളിച്ചിരുന്നു.

ഇന്ത്യൻ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ശ്രീശാന്ത് മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത താരമായിരുന്നു. 2005-ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി 20-കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. എം.എസ് ധോനി നയിച്ച ട്വന്റി 20 ടീം 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോൾ ഫൈനലിൽ പാക്കിസ്ഥാൻ താരം മിസ്ബാഹ് ഉൾ ഹഖിന്റെ നിർണായകമായ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. തുടർന്ന് 2011-ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു. 2011-ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

2013-ലെ ഐപിഎല്ലിനിടെ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ശ്രീശാന്തിന്റെ കരിയർ അനിശ്ചിതത്വത്തിലായത്. പിന്നാലെ ബിസിസിഐയുടെ ആജീവനാന്ത വിലക്കും വന്നു. ഒടുവിൽ ദീർഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി കുറയ്ക്കാൻ താരത്തിനായി. പിന്നാലെ 2020-ൽ കേരള ടീമിലൂടെ ശ്രീശാന്ത് തിരികെ കളത്തിലെത്തിയിരുന്നു.

ഐപിഎല്ലിൽ 44 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്റെ നേട്ടം. 2006ൽ വിദർഭയിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2011ൽ കെൻസിങ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ശ്രീശാന്ത് അവസാന ടെസ്റ്റും കളിച്ചത്. ടെസ്റ്റ് ടീമിലെത്തുന്നതിന് മുമ്പെ ഏകദിനത്തിൽ ഇന്ത്യക്കായി പന്തെറിഞ്ഞ ശ്രീശാന്ത് 2005ൽ ശ്രീലങ്കക്കെതിരെ ആണ് ഏകദിന ടീമിൽ അരങ്ങേറിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യൻ കുപ്പായത്തിൽ ശ്രീസാന്തിന്റെ അവസാന ഏകദിനവും.

2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്‌സിൽ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയ ശ്രീശാന്ത് 2008ൽ ഓസ്‌ട്രേലിയക്കെതിരെ മെൽബണിലാണ് അവസാനമായി ഇന്ത്യക്കായി ടി20യിൽ കളിച്ചത്. 2007ലെ ടി20 ലോകകപ്പിൽ പാക് ബാറ്റർ മിസ്ബാ ഉൾ ഹഖിനെ ഷോട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്റെ ദൃശ്യം ആരാധകർക്ക് ഇന്നും ആവേശം നൽകുന്ന ഓർമയാണ്.