മുംബൈ: ഇന്ത്യൻ മിനിസ്‌ക്രീൻ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഫൈനലിലെത്തി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നയിക്കുന്ന ബിഗ് ബോസ് 12ൽ ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർത്ഥിയാണ് ശ്രീശാന്ത്.

ബിഗ് ബോസ് വീട്ടിലെ അംഗങ്ങളായ കരൺ വീർ, സുർഭി റാണ, രോഹിത് എന്നിവർ തുടർച്ചയായി ശ്രീശാന്തിനെ സ്വന്തം ജീവിതത്തെപ്പറ്റിയും ,ക്രിക്കറ്റ് കരിയറിനെപ്പറ്റിയും പറഞ്ഞുകൊണ്ട് വേദനിപ്പിക്കുകയും, കരയിപ്പിക്കുകയും എല്ലാം ചെയ്തിരുന്നു .ഷോയുടെ ആദ്യം മുതൽ നോർത്ത് ഇന്ത്യൻ ടിവി നായിക ദീപിക കക്കർ ആണ് സഹോദരിയെപോലെ ശ്രീശാന്തിനോടൊപ്പം നിന്നത് . അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ ആയതോടെയാണ് ശ്രീശാന്ത് ഫൈനലിലേക്ക് നടന്നു കയറുന്നത്.

ബിഗ് ബോസ് കാണുന്നവരിൽ നിന്നും വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിക്കുന്നത്. മത്സരത്തിൽ പുറത്തു പോയവരും, മുൻ വർഷങ്ങളിലെ ബിഗ് ബോസ് മത്സരാർത്ഥികൾ, ബോളിവുഡ് താരങ്ങൾ എല്ലാവരുടെയും വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിക്കുന്നത്. വിജയിയാകുവാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ശ്രീശാന്തിന് മലയാളികളുടെ പിന്തുണ കൂടെ ലഭിച്ചാൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഒരു മലയാളി കപ്പ് ഉയർത്തുമെന്നാണ് പ്രതീക്ഷ.

മൂന്നാം ദിനം തന്നെ പുറത്ത് പോകുമെന്ന് പറഞ്ഞ ശ്രീ

ബിഗ് ബോസ് മലയാളം സീസൺ ഒന്ന് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുന്നതിനിടെയാണ് ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണിൽ ഒരു പ്രശസ്ത മലയാളി പങ്കെടുക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. ക്രിക്കറ്റ് താരവും പലപ്പോഴും വിവാദ നായകനുമായ എസ്.ശ്രീശാന്ത് പതിനേഴ് മത്സരാർഥികളിൽ  ഒരാളായി മാറിയപ്പോൾ നാമേവരും സന്തോഷിച്ചു. സൽമാൻ ഖാൻ അവതാരകനാവുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണിൽ നിന്നും മൂന്നാം ദിനം തന്നെ ശ്രീശാന്ത് പുറത്ത് പോകുമെന്നും വാർത്തകൾ വന്നിരുന്നു.

മത്സരാർഥിയായ ശ്രീശാന്ത് വൈമുഖ്യം പ്രകടിപ്പിച്ചതോടെ ബിഗ് ബോസിന് ആദ്യ ടാസ്‌ക് ഒഴിവാക്കേണ്ടിവന്നുനെവ്വതും ശ്രദ്ധേയമാണ്. ഇതിൽ മറ്റ് മത്സരാർഥികൾ അതൃപ്തി അറിയിക്കുകയും ചിലരൊക്കെ ശ്രീശാന്തിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. തുടർന്ന് ഷോയിൽനിന്ന് പുറത്തുപോകാനുള്ള ആഗ്രഹം ശ്രീശാന്ത് പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് ബിഗ് ബോസിന്റെ ആദ്യ നാളുകളിൽ വാർത്തകൾ പുറത്ത് വന്നത്.

ബിഗ് ബോസിൽ പങ്കെടുക്കാനുള്ള യോഗ്യതയെക്കുറിച്ച് പരസ്പരം ചോദ്യം ചെയ്യുക എന്നതായിരുന്നു ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്ക് ബിഗ് ബോസ് നൽകിയ ആദ്യ ടാസ്‌ക്. ജോടികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മത്സരാർഥികളെ ഒറ്റയ്ക്കെത്തിയവരായിരുന്നു ചലഞ്ച് ചെയ്യേണ്ടത്. തുടർന്ന് ഇതിൽ എല്ലാ മത്സരാർഥികളും പങ്കെടുക്കുന്ന ചർച്ചയും നടക്കുന്ന രീതിയിലായിരുന്നു ടാസ്‌ക്.

തന്റെ ഊഴം ആയപ്പോൾ ഒട്ടും താൽപര്യമില്ലാതെയാണ് ശ്രീശാന്ത് പാനലിനൊപ്പം ഇരുന്നത്. ടാസ്‌ക് അനുസരിച്ചുള്ള ചർച്ച നടത്താനും ശ്രീശാന്ത് വിസമ്മതിച്ചു. മറ്റ് മത്സരാർഥികൾ നിർബന്ധിച്ചിട്ടും ബിഗ് ബോസിന്റെ മുന്നറിയിപ്പ് വന്നിട്ടും ശ്രീശാന്ത് ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല ഒരു വാക്ക് പോലും മിണ്ടിയില്ല. പിന്നാലെ ഈ ടാസ്‌ക് തന്നെ ബിഗ് ബോസ് ഉപേക്ഷിക്കുകയായിരുന്നു.

വിമർശനവുമായി സൽമാൽ, ശൈലിയെന്ന് ന്യായീകരിച്ച് ശ്രീ...

സഹമത്സരാർഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവത്തെ നിശിതമായി വിമർശിച്ച് സൽമാൻ ഖാൻ ചൂടാവുന്ന എപ്പിസോഡുകളും ഇതിനിടെയുണ്ടായി.ഹൗസിലെ വില്ലനായി സഹമത്സരാർഥികൾ ദീപകിനെ തെരഞ്ഞെടുത്ത സമയത്ത യഥാർഥ വില്ലൻ ശ്രീശാന്താണെന്ന് സൽമാൻ ഖാൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്നു സൽമാൻ ചോദിച്ചപ്പോൾ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടർന്ന് രൂക്ഷമായ വിമർശനമാണ് ശ്രീയ്‌ക്കെതിരെ സൽമാൻ ഉന്നയിച്ചത്.

പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ശ്രീശാന്ത് മറ്റുള്ളവരെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ്‌ബോസ് മത്സരാർഥികളിൽ കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തിൽ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോർത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മത്സരാർഥികൾ കുറ്റപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇതിനെ ശ്രീശാന്ത് നേരിട്ടത്. ഇഷ്ടമില്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാൽ ഷോയിൽ നിന്നു ഇറങ്ങിപ്പോകുമെന്നു ശ്രീശാന്ത് ഭീഷണി ഉയർത്തുകയും ചെയ്തു.

ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ശ്രീശാന്തിന്റെ ഷോയിലെ പ്രസ്താവനയും വിവാദത്തിൽ ഇടം നേടിയിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ രംഗത്തെത്തി. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചു.