മുംബൈ:സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായി മലയാളികളുടെ ശ്രീശാന്തുമുണ്ട്. ശ്രീശാന്ത് അടക്കം 17 മത്സരാർഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി എന്ന നിലയിൽ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്‌ബോസ് എൻട്രിയെ നോക്കി കണ്ടിരുന്നത്. കൂട്ടത്തിൽ ഏറെ വിവാദം സൃഷ്ടിക്കുന്നതും ശ്രീശാന്ത് തന്നെ. ഇപ്പോഴിതാ പരിപാടിക്ക് വേണ്ടി ശ്രീശാന്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ തുക ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു. 17 മത്സരാർഥികളിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ്.

ആഴ്ചയിൽ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ഗായകൻ അനൂപ് ജലോതയ്ക്ക് ആഴ്ചയിൽ 45 ലക്ഷമാണ് പ്രതിഫലമായി നൽകുന്നത്. പെൺസുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. 65കാരനായ അനൂപിന്റെ കാമുകിയുടെ പ്രായം 29ഉം. ടെലിവിഷൻ താരം കരൺവീർ ബൊഹ്‌റയ്ക്കും നടി നേഹ പെൻഡ്‌സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കർ തൊട്ടുപുറകിലുണ്ട്. 12 ആഴ്ചയാണ് ഷോ നടക്കുക.

പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയിൽത്തന്നെ താൻ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാർത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ശ്രീ പറയുന്നു.

ഗ്രൗണ്ടിലെപ്പോലെ തന്നെ ചൂടൻ സ്വഭാവക്കാരനായാണ് ശ്രീ പലപ്പോഴും മറ്റുള്ളവരോട് ഇടപഴകുന്നതെന്ന പരാതി വ്യാപകമായി ഉയർന്നുവന്നിരുന്നു. വികാരപരമായ ഇടപെടലുകളല്ല പരിപാടിയിൽ നടത്തേണ്ടതെന്നും ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോവരുതെന്നും താരത്തോട് മറ്റുള്ളവർ പറഞ്ഞിരുന്നു. കായികതാരമെന്ന നിലയിൽ മത്സരബുദ്ധിയുണ്ടാവണമെന്നും വിട്ടുകൊടുക്കരുതെന്നുമായിരുന്നു താരത്തിനോട് പറഞ്ഞത്. എന്നാൽ പുറത്തേക്ക് പോവണമെന്ന നിലപാടിൽ തന്നെ തുടരുകയാണ് ശ്രീശാന്ത്