കൊച്ചി: ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെത്തുടർന്ന് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയവേ, തന്നെ വധിക്കാൻ ശ്രമം നടന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് വെളിപ്പെടുത്തി. നേരത്തെ ശ്രീശാന്തിന്റെ സഹോദരി ഭർത്താവായ മധു ബാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ തീഹാർ ജയിൽ അധികൃതർ ആരോപണം നിഷേധിക്കുകയും ചെയ്തു. ആദ്യമായാണ് ഈ വിഷയത്തിൽ ശ്രീശാന്ത് പ്രതികരിക്കുന്നത്. ഐപിഎൽ കേസുമായി ബന്ധപ്പെ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ  മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയിൽവാസത്തെക്കുറിച്ച് മലയാളി് മനസ്സ് തുറന്നത്.

''തിഹാറിൽ എന്റെ ജീവനെടുക്കാൻ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികൾ, ബലാത്സംഗ കേസിൽപെട്ടവർ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകൾക്കൊപ്പമായിരുന്നു എന്നെ സെല്ലിലടച്ചത്. ചിലർ ബ്ലേഡ് വച്ച് മുറിപ്പെടുത്താൻ ശ്രമിച്ചു. ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധംകൊണ്ട് ഒരുത്തനെന്നെ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയപ്പോൾ അയാൾ ബാലൻസ് തെറ്റിവീണതിനാൽ ഞാൻ രക്ഷപ്പെട്ടു. അവരെ ആരെങ്കിലും നിയോഗിച്ചതാണോയെന്നൊന്നും എനിക്കറിയില്ല'' ശ്രീശാന്ത് പറഞ്ഞു.

സുഹൃത്തുകൂടിയായ സിനിമാതാരം രാജീവ് പിള്ളയ്ക്കുവേണ്ടി ഹിന്ദി സിനിമയുടെ സംവിധായകനെ കണ്ട് സംസാരിച്ചുവരുമ്പോൾ നടുറോഡിൽ വച്ചായിരുന്നു അറസ്റ്റ്. എന്നാൽ അതേത്തുടർന്ന് പുറത്തുവന്ന വാർത്തകൾ മിക്കതും പച്ചക്കള്ളമായിരുന്നുവെന്നും ശ്രീശാന്ത് വിശദീകരിക്കുന്നു. ''ഞാൻ മുംബൈയിൽ വന്നത് രാജസ്ഥാൻ റോയൽസ് ബുക്ക് ചെയ്ത് തന്ന ടിക്കറ്റിലാണ്. എന്നാൽ മൂന്നു നാല് മത്സരങ്ങളിൽ ടീം എനിക്ക് വിശ്രമം തന്നതിനാൽ താമസിക്കുന്ന ഹോട്ടലിൽ അല്ല തങ്ങിയിരുന്നത്. രാജിവ് പിള്ളയ്ക്കുവേണ്ടി ഹിന്ദിസിനിമാ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കാൻ പോയി തിരിച്ചുവരുമ്പോൾ വണ്ടി തടഞ്ഞുവച്ചായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോവുംപോലെയുള്ള അനുഭവം.' ശ്രീശാന്ത് അഭിമുഖത്തിൽ പറയുന്നു.

പൊലീസ് എത്തിയപ്പോൾ താൻ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വാർത്തകൾ വന്നു. അതെല്ലാം പച്ചക്കള്ളമായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം കൊണ്ടു പോയത് മറൈൻ ഡ്രൈവിലേക്കാണ്. രാവിലെ ഏഴു മണിയാകുംവരെ അവിടെ ഒരു വണ്ടിയിൽ ഇരുത്തി. എന്റെ മൊബൈൽ ഫോണുകൾ വാങ്ങിവച്ചു. പിന്നെ എയർപോർട്ടിലേക്ക് കൊണ്ടുപോയി. ചുറ്റും കമാൻഡോകളുമായി പതിനൊന്നു മണിവരെ എയർപോർട്ടിലിരുത്തി. പിന്നെ വിമാനത്തിൽ ഡൽഹിയിലേക്ക്. അവിടെ വലിയൊരു സംഘം പൊലീസ് എത്തിയിരുന്നു. കൊടും തീവ്രവാദികളെ കൊണ്ടുപോവും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. അവിടെ വച്ച് തന്റെ മാലയും പേഴ്‌സും വാങ്ങിവച്ചു. കൈയിൽ കെട്ടിയിരുന്ന പൂജിച്ച ചരടുകൾ മുറിച്ചെടുത്തു. ദിവസങ്ങളോളം ചോദ്യംചെയ്തു. തനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങളേറെയും. അവർ പറയുന്ന കാര്യങ്ങൾ തന്നെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ശ്രമമെന്നും ശ്രീശാന്ത് പറഞ്ഞു.

കുറ്റപത്രത്തിൽ ഒപ്പിടാൻ സമ്മതിച്ചില്ലെങ്കിൽ അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പിട്ടു കൊടുത്തില്ലെങ്കിൽ ജീവനോടെ താൻ പുറത്തുപോവില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കുറ്റപത്രത്തിൽ ഒപ്പിട്ടുനൽകിയത്. അതോടെ ഭീഷണി നിന്നെന്നും അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. ഐപിഎൽ ഒത്തുകളി കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഏപ്രിലിൽ കേസ് പരിഗണിച്ച് ഡൽഹി കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ പൊലീസ് ഹാജരാക്കിയ ഫോൺ സംഭാഷണങ്ങളിൽ പ്രതികൾ ഒത്തുകളിച്ചു എന്നത് സ്ഥാപിക്കാൻ ആവശ്യമായ എന്ത് തെളിവാണുള്ളതെന്നും കോടതി ചോദിച്ചു.

ശ്രീശാന്ത് ഉൾപ്പെടെ കേസിൽ പ്രതികളായ ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കീത് ചവാൻ എന്നിവരടക്കമുള്ളവർക്കെതിരെ ഡൽഹി പൊലീസ് പ്രത്യേക സെൽ കോടതിയിൽ 6000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹീമിനും ഛോട്ടാ ഷക്കീലിനും കേസിൽ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു. കേസിൽ ശ്രീശാന്തടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയൽ നിയമമായ മക്കോക്ക ചുമത്തിയിരുന്നെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.