കൊച്ചി: മുൻ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ടീം ഫൈവ് എന്ന ചിത്രത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ചിത്രത്തിന്റെ നിർമ്മാതാവായ രാജ് സഖറിയ. സിനിമയുടെ റിലീസ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ പതിച്ചില്ലെന്നും, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഒരു സഹകരണവും ലഭിച്ചിട്ടില്ലെന്നും രാജ് സഖറിയ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്, അദ്ദേഹം വിതരണക്കാരുടെ സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

അതിനിടെ മലയാളി പ്രേക്ഷകരാണ് തന്റെ അഭിനയം വിലയിരുത്തേണ്ടതെന്ന് ചിത്രം കാണാൻ എറണാകുളത്ത് തിയേറ്ററിൽ കുടുംബസമേതം എത്തിയ ശ്രീശാന്ത് പ്രതികരിച്ചു. നായകനായി അഭിനയിച്ച 'ടീം ഫൈവ് ' കാണാൻ ഭാര്യക്കും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പമാണ് ശ്രീശാന്ത് ഇടപ്പള്ളി ലുലു മാളിലെ തിയറ്ററിലെത്തിയത്.

ചിത്രത്തെ ഒതുക്കാൻ ശ്രമം നടന്നുവെന്ന സഖറിയയുടെ ഇതിനകം ചർച്ചയായിട്ടുണ്ട്. പോസ്റ്ററുകൾ ഒട്ടിക്കാൻ അധികാരമുള്ളത് അസോസിയേഷനാണ്. പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഈ അസോസിയേഷൻ എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നാൽ വരാനിരിക്കുന്ന മറ്റു പല ചിത്രങ്ങളുടെയും പോസ്റ്ററുകൾ വ്യാപകമായി ഒട്ടിച്ചിട്ടുണ്ട്. ടീം ഫൈവിന്റെ പോസ്റ്ററുകൾ മാത്രം എവിടെയുമില്ല. ഇനി സംഘടനയിൽ വി.ഐ.പി മെമ്പർഷിപ്പും തറടിക്കറ്റും എന്ന രീതിയിൽ വേർതിരിവുണ്ടോ എന്നറിയില്ലെന്നും ഉണ്ടെങ്കിൽ താനിക്കൊക്കെ തറടിക്കറ്റായിരിക്കുമെന്നും ആയിരുന്നു രാജ് സഖറിയയുടെ പ്രതികരണം.

മലയാളത്തിൽ സിനിമയെടുക്കുന്നതും ട്രെയിനിന് തലവക്കുന്നതും ഒരുപോലെയാണെന്നും മലയാളത്തിൽ ഇനി സിനിമയെടുക്കാനുള്ള പദ്ധതിയില്ലെന്നും രാജ് സഖറിയ വ്യക്തമാക്കി. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എന്നാൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള സമീപനം നവാഗതനെന്ന നിലയിൽ നിരാശപ്പെടുത്തുന്നത് ആണെന്നും ചിത്രത്തിന്റെ സംവിധായകൻ സുരേഷ് ഗോവിന്ദ് പറഞ്ഞു.

ക്രിക്കറ്റ് പിച്ചിൽ പ്രതിഭ തെളിയിച്ച ശ്രീശാന്ത്, അഭിനയത്തിന്റെ പിച്ചിലും മികവു തെളിയിക്കുകയാണ് ടീം ഫൈവിലെ ബൈക്ക് റേസറുടെ വേഷത്തിലൂടെ. ക്രിക്കറ്റാണോ അഭിനയമാണോ കൂടുതൽ വഴങ്ങുന്നതെന്ന ചോദ്യത്തിന് ഏതും വഴങ്ങുമെന്നായിരുന്നു ശ്രീ യുടെ പ്രതികരണം. തന്റെ ഭർത്താവ് അഭിനയത്തിൽ ഒട്ടും മോശമല്ലെന്നാണ് ചിത്രം കണ്ട ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചത്.

ചിത്രത്തിൽ പ്രധാന വേഷത്തിലൊന്ന് ചെയ്യുന്ന പേളി മാണിയും ശ്രീശാന്തിന്റെ അഭിനയത്തെ ശ്‌ളാഘിച്ചു. ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തും അണിയറ പ്രവർത്തകർക്കൊപ്പം ഫേസ്‌ബുക്ക് ലൈവ് ചെയ്തുമെല്ലാമാണ് ശ്രീശാന്ത് തിയറ്ററിൽ നിന്നു മടങ്ങിയത്.