മുംബൈ: രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ വേദനയിലാഴ്‌ത്തിയ ഒന്നായിരുന്നു ഐപിഎൽ വാതുവയ്‌പ്പ്. എന്നാലിപ്പോൾ സംഭവത്തിൽ പുത്തൻ വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. താൻ ചെയ്യാത്ത തെറ്റിനാണ് ആരോപണ വിധേയനായതെന്നും ആ സമയത്ത് ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

ശ്രീശാന്തിന്റെ വാക്കുകളിങ്ങനെ. 'വാതുവയ്പുകാരിൽനിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാൻ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം.  എനിക്കെതിരെ ഇക്കാര്യത്തിൽ തെളിവുണ്ടെന്നും അവർ പ്രചരിപ്പിച്ചു. എന്നാൽ, ജീവിതത്തിലിതുവരെ ഞാൻ വാതുവയ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകർന്നുപോയ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു.

അടുത്ത സുഹൃത്തുക്കൾ പോലും ഞാൻ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ കാലുകുത്താൻ പോലും എനിക്കിപ്പോൾ അനുവാദമില്ല. ഭാവിയിൽ എന്റെ മക്കൾ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയാൽ അതു കാണാൻ എനിക്കെങ്ങനെ കഴിയും' - ശ്രീശാന്ത് ചോദിക്കുന്നു.

ശ്രീയുടെ അഭിമുഖത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നപ്പോൾ രാജസ്ഥാൻ റോയൽസ് ഉടമയായിരുന്ന രാജ് കുന്ദ്ര പോസ്റ്റിനു താഴെ പരിഹാസ സ്വരത്തിൽ എപ്പിക്ക് എന്ന് കമന്റ് ചെയ്തിരുന്നു. ഇതോടെ ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തമാണ്.

അതിനിടെ, കുന്ദ്രയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും രംഗത്തെത്തി. 'ശ്രീശാന്തിന് നൽകാനുള്ള പ്രതിഫലം പോലും കൊടുത്തുതീർക്കാത്ത വ്യക്തിയാണ് ഇയാൾ. വാതുവയ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാൻ ഇയാൾ കാണിച്ച തന്റേടമാണ് 'എപ്പിക്'. വാതുവയ്പു വിവാദത്തിൽ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്' - ഭുവനേശ്വരി കുറിച്ചു.