- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വം: കോമഡിയോ കൗശലമോ? ബിജെപി സ്ഥാനാർത്ഥിയായി ശ്രീയെത്തുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങൾ
ക്രിക്കറ്ററും ഡാൻസറും അഭിനേതാവും ഒത്തുക്കളിക്കേസിലെ പ്രതിയും ഗായകനും തുടങ്ങി ശ്രീശാന്തിന്റെ വൈവിധ്യമാർന്ന വേഷപ്പകർച്ചകൾക്ക് നാടകീയമായ വഴിത്തിരിവായിരിക്കുന്നു. കളിക്കുന്ന കാലത്ത് രണ്ടു വിക്കറ്റ് കിട്ടാൻ ഏതു ദൈവത്തിന്റെയും കാൽക്കൽ വീണിരുന്ന ശ്രീശാന്ത് താൻ ഹിന്ദുവാണെന്നും അതിനാൽ ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്നും പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ കാവിപ്പാർട്ടിയുടെ സ്ഥാനാർത്ഥി വേഷം കെട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ബിജെപി തന്നെ ഈ നാടകം കളിപ്പിക്കുന്നതെന്നതിനെക്കുറിച്ച് ശ്രീശാന്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും കണ്ടപ്പോൾ ഇരുവരും വാചാലരായത് തന്റെ ഒരു വിശിഷ്ടസ്വഭാവത്തെക്കുറിച്ചാണെന്നും അതുകൊണ്ടാണ് അവർ തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒത്തുകളി ആരോപണങ്ങളുടെ കൊടുങ്കാറ്റടിച്ചപ്പോൾ താൻ ഇളകാതെ അത് നേരിട്ട രീതിയാണ് അവരെ ആകർഷിച്ചതെന്നും ആ ഗുണമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും
ക്രിക്കറ്ററും ഡാൻസറും അഭിനേതാവും ഒത്തുക്കളിക്കേസിലെ പ്രതിയും ഗായകനും തുടങ്ങി ശ്രീശാന്തിന്റെ വൈവിധ്യമാർന്ന വേഷപ്പകർച്ചകൾക്ക് നാടകീയമായ വഴിത്തിരിവായിരിക്കുന്നു. കളിക്കുന്ന കാലത്ത് രണ്ടു വിക്കറ്റ് കിട്ടാൻ ഏതു ദൈവത്തിന്റെയും കാൽക്കൽ വീണിരുന്ന ശ്രീശാന്ത് താൻ ഹിന്ദുവാണെന്നും അതിനാൽ ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്നും പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ കാവിപ്പാർട്ടിയുടെ സ്ഥാനാർത്ഥി വേഷം കെട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ബിജെപി തന്നെ ഈ നാടകം കളിപ്പിക്കുന്നതെന്നതിനെക്കുറിച്ച് ശ്രീശാന്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും കണ്ടപ്പോൾ ഇരുവരും വാചാലരായത് തന്റെ ഒരു വിശിഷ്ടസ്വഭാവത്തെക്കുറിച്ചാണെന്നും അതുകൊണ്ടാണ് അവർ തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒത്തുകളി ആരോപണങ്ങളുടെ കൊടുങ്കാറ്റടിച്ചപ്പോൾ താൻ ഇളകാതെ അത് നേരിട്ട രീതിയാണ് അവരെ ആകർഷിച്ചതെന്നും ആ ഗുണമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്‌ലിയും അമിത് ഷായും പറഞ്ഞുവത്രേ. ശ്രീയുടെ പല ഗുണഗണങ്ങൾ അറിയുന്ന മലയാളികൾക്ക് ദുരന്തപര്യവസാനിയായ ക്രിക്കറ്റ് കരിയറിന്റെ ഉടമയെക്കുറിച്ച് അധികം സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല.
എന്നാൽ ശ്രീശാന്തിനെ കുരിശിൽ തറക്കാൻ നേതൃത്വം നൽകിയ ജയ്റ്റ്‌ലി സ്വന്തം വാക്കുകളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ശ്രീശാന്തിന്റെ വിലക്ക് നീക്കുകയാണ്. 2013 ലെ ഐ.പി.എൽ ഒത്തുകളിക്കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് ഡൽഹി, മുംബൈ പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ്. അമിതാവേശത്തിൽ ഡൽഹി പൊലീസ് ശ്രീശാന്ത് ഉൾപ്പെടെ കളിക്കാർക്കെതിരെ അധോലോക കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ട മകോക്ക കുറ്റം ചുമത്തി. അതിനു തെളിവില്ലെന്നു കണ്ടെത്തി വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കി. എന്നിട്ടുമെന്താണ് ശ്രീശാന്ത് ദൈവങ്ങളുടെ കാൽക്കൽ വീഴുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യാതെ കാവിത്തോർത്തും ചുറ്റി സ്ഥാനാർത്ഥിയായി കളിക്കുന്നത്? അതിനു കാരണം ശ്രീശാന്തിനെതിരായ വിലക്ക് ബി.സി.സി.ഐ നീക്കാത്തതാണ്. ആരാണ് ബി.സി.സി.ഐയിൽ ശ്രീശാന്തിനെ വിലക്കണമെന്ന് പ്രഖ്യാപിച്ചത്?
ജയ്റ്റ്‌ലി ഉൾപ്പെട്ട മൂന്നംഗ അച്ചടക്ക സമിതി. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് അംഗീകരിച്ച് ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടുയുൾപ്പെടെ കേരളത്തിലെ വലത്, ഇടത് രാഷ്ട്രീയ നേതാക്കളുടെയും കേരള ക്രിക്കറ്റ്അസോസിയേഷന്റെയും അഭ്യർത്ഥന തള്ളിയത് ആരാണ്? ബിജെപിയുടെ യുവ തീപ്പൊരി നേതാവ് അനുരാഗ് താക്കൂർ സെക്രട്ടറിയായ ബി.സി.സിഐ ഒത്തുകളിക്കേസിൽ പങ്കുണ്ട് എന്ന് ബി.സി.സി.ഐ ഇപ്പോഴും വിശ്വസിക്കുന്ന ശ്രീശാന്തിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കെട്ടിയെഴുന്നെള്ളിക്കും മുമ്പ് കുമ്മനം രാജശേഖരൻ ചെയ്യേണ്ടിയിരുന്നത് പാർട്ടിയുടെ സമുന്നത നേതാക്കളായ ജയ്റ്റിലിയോടും താക്കൂറിനോടും സ്വയം തിരുത്താൻ ആവശ്യപ്പെടുകയല്ലേ? രാജ്യം കണ്ട മികച്ച പെയ്‌സ്ബൗളർമാരിലൊരാളെ നാടിനു വേണ്ടി പന്തെറിയാൻ അനുവദിക്കുന്നതിനു പകരം സ്ഥാനാർത്ഥിയുടെ കോമാളി വേഷം കെട്ടിക്കുന്നത് രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് യോജിച്ചതാണോ?
സ്ഥാനാർത്ഥിയുടെ ഹാസ്യ വേഷത്തിൽ ശ്രീശാന്ത് പുനർജന്മം കൊള്ളുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നമുക്കു മുമ്പിലുണ്ട്. അതിൽ ഒന്നാമത്തേത് ആ വ്യക്തിയുടെ സാമൂഹിക, രാഷ്ട്രീയ നിലപാടുകളാണ്. തട്ടീം മുട്ടീം കളിക്കുന്ന കെ.പി.എ.സി ലളിതയെയും എച്ച്യൂസ്മീ ജഗദീഷിനെയും ഇടതു, വലതു മുന്നണികൾക്ക് പരിഗണിക്കാമെങ്കിൽ ശ്രീശാന്തിനെ കെട്ടിയെഴുന്നെള്ളിക്കുന്ന ബിജെപിയെ മാത്രം കുറ്റം പറയുക വയ്യ. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ ശ്രീശാന്ത് എന്ത് പ്രതിഛായയാണ് നൽകിയത് എന്നതിന് പ്രസക്തിയുണ്ട്. പലതവണ അച്ചടക്കലംഘനം നടത്തിയ ശേഷം, ജെയ്റ്റ്‌ലി ഉൾപ്പെട്ട ബി.സി.സി.ഐ അച്ചടക്ക സമിതി 2009 ൽ ഫൈനൽ വാണിങ് കൊടുത്ത കളിക്കാരനാണ് ശ്രീശാന്ത്. രഞ്ജി ട്രോഫി ക്യാമ്പിലെത്താത്തതിന് കേരള ക്രിക്കറ്റ് അസോസിയേഷനും ഫൈനൽ വാണിങ് കൊടുത്തു. ഒരു കളിക്കാരനെ സ്വന്തം നായകൻ തള്ളിപ്പറയുക എന്നത് ഇക്കാലത്ത് അത്ര സാധാരണമല്ല. ശ്രീശാന്തിനെ ന്യായീകരിക്കാനാവില്ല എന്ന് മഹേന്ദ്ര സിങ് ധോണി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീശാന്തിനെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ ധോണിക്ക് പങ്കുണ്ട് എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതൊക്കെ ഒത്തുകളിക്കേസിനു മുമ്പത്തെ കഥ.
ഒത്തുകളിക്കേസിൽ ശ്രീശാന്തിനെതിരെ രണ്ടു റിപ്പോർട്ടുകളാണ് ഉള്ളത്. ഒന്ന് ഡൽഹി പൊലീസിന്റേത്. രണ്ട് ബി.സി.സി.ഐ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്ന രവി സവാനിയുടേത്. പൊലീസ് ഭാഷ്യമനുസരിച്ച്, ശ്രീശാന്തിനുവേണ്ടി അടുത്ത സുഹൃത്ത് ജിജു ജനാർദനൻ വാതുവെപ്പുകാരൻ ചന്ദ്രേഷ് പട്ടേലുമായി സംസാരിക്കുകയും കരാറുറപ്പിക്കുകയും ചെയ്തു. ശ്രീശാന്ത് ആ തുകയെക്കുറിച്ച് ജിജു ജനാർദനനുമായി സംസാരിക്കുകയും അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ഫോൺ രേഖകൾ അവർ ഹാജരാക്കി. നിശ്ചിത ഓവറിനു മുമ്പ് വാതുവെപ്പുകാർക്ക് മതിയായ സൂചനകൾ ശ്രീശാന്ത് നൽകി. ഈ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബാക്കി തുക ചെലവിട്ടതിന്റെ തെളിവുകൾ സമ്പാദിച്ചു. എന്നാൽ പൊലീസിന് രണ്ട് പ്രധാന വീഴ്ചകൾ സംഭവിച്ചു. ഫോൺ ചോർത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഒത്തുകളിച്ചതിന്റെ പേരിൽ കിട്ടിയ 10 ലക്ഷം രൂപയെക്കുറിച്ചാണോ ശ്രീശാന്തും ജിജുവും സംസാരിച്ചതെന്ന് സംശയരഹിതമായി തെളിയിക്കാൻ അവർക്കു സാധിച്ചില്ല. കോടതിക്ക് ഒരു പ്രതിയെ ശിക്ഷിക്കണമെങ്കിൽ നിയമവിധേയ മാർഗത്തിലൂടെ ശേഖരിച്ച, വ്യക്തമായ തെളിവുകൾ വേണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. എങ്കിലും പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ ഡൽഹി പൊലീസ് അപ്പീൽ നൽകിയിരിക്കുകയാണ്. ഇവിടെ ഒരു സുപ്രധാന ചോദ്യം അവശേഷിക്കുന്നു. നിയമവിരുദ്ധമായ മാർഗത്തിലാണെങ്കിൽ പോലും, പൊലീസ് ശേഖരിച്ച ജിജുവിന്റെ ഫോൺ സംഭാഷണം നമുക്ക് മുമ്പിലുണ്ട്. അതിൽ ജിജു പറയുന്നത്, ശ്രീശാന്തിനോട് താൻ സംസാരിച്ചുവെന്നും നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവരുന്ന സമയമായതിനാൽ ശ്രീശാന്തിന് വൈമനസ്യമുണ്ടെന്നുമാണ്. 14 റൺസ് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഓവറിൽ 13 റൺസേ വന്നുള്ളൂ എങ്കിലും വാതുവെപ്പുകാർ ജിജുവിനോട് സംതൃപ്തി രേഖപ്പെടുത്തുന്നതായും ഫോൺ സംഭാഷണങ്ങളിൽനിന്ന് വ്യക്തമാവുന്നു.
ശ്രീശാന്ത് അറിയാതെയാണോ ജിജു ഈ കളി കളിച്ചതെന്ന് ന്യായമായും സംശയിക്കാം. ഒത്തുകളിക്കേസ് വരെ ജിജുവും ശ്രീശാന്തും തമ്മിൽ ഉറ്റ സൗഹൃദബന്ധമുണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. ഒത്തുകളിക്കേസിനു ശേഷം, തന്റെ മകനെ കുഴിയിൽ ചാടിച്ചത് ജിജുവാണെന്ന് ശ്രീശാന്തിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ വൈകാതെ അവർ അതിൽനിന്ന് പിന്നോട്ടു പോയി. ശ്രീശാന്ത് ഇന്നു വരെ ജിജുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. യുവാക്കളുടെയും യുവതികളുടെയും വോട്ടുകൾ പെട്ടിയിലാക്കാൻ കൈ കൂപ്പിയിറങ്ങും മുമ്പ് താനു ജിജുവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് ശ്രീശാന്ത് ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തേണ്ടതുണ്ട്.
ജയ്റ്റ്‌ലിയുൾപ്പെട്ട അച്ചടക്ക സമിതിയും താക്കൂർ സെക്രട്ടറിയായ ബി.സി.സി.ഐയും ഡൽഹി വിചാരണക്കോടതി വിധിയെ അംഗീകരിച്ചിട്ടില്ല. ശ്രീശാന്തിന്റെ ഒത്തുകളി വിഷയത്തിൽ അവർ അംഗീകരിച്ചത് രവി സവാനിയുടെ റിപ്പോർട്ടാണ്. സവാനി റിപ്പോർട്ടിൽ ശ്രീശാന്തിനെക്കുറിച്ച് എന്താണ് പറയുന്നത്? താൻ പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായി സംസാരിച്ചു. നിഷേധിക്കാനാവാത്ത വ്യക്തമായ തെളിവുകൾ മുന്നിൽ കൊണ്ടുവന്നപ്പോൾ ശ്രീശാന്തും ജിജുവും പൊട്ടിക്കരഞ്ഞ് ഒത്തുകളി സമ്മതിച്ചുവെന്ന് അവർ പറഞ്ഞു. ഒടുവിൽ ശ്രീശാന്തിനെയും ജിജുവിനെയും ഒരുമിച്ചു കൊണ്ടു വന്നു. താൻ എല്ലാം പൊലീസിനോട് തുറന്നു സമ്മതിച്ചുവെന്നും ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്നും അപ്പോൾ ജിജു പറഞ്ഞു.
ഇരുവരും അപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞു. ഒത്തുകളിക്ക് കിട്ടിയ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ ശീശാന്തിന്റെ സുഹൃത്ത് അഭിഷേക് ശുക്ലയിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കൊണ്ടുവച്ച തുകയാണ് അതെന്നാണ് ശ്രീശാന്ത് പറയുന്നത്. ഒരു കുറ്റം തെളിയിക്കാൻ ഇത്രയും വലിയ തുക പൊലീസ് കൊണ്ടുവെക്കുമെന്ന് ഞാൻ കരുതുന്നില്ല. ശ്രീശാന്തിന് ഒരു രാജ്യാന്തര കളിക്കാരനെന്ന നിലയിൽ ഒത്തുകളിയുടെ പ്രത്യാഘാതത്തെക്കുറിച്ച് നന്നായി അറിയാം, ഒത്തുകളിക്കായി ആരെങ്കിലും സമീപിച്ചാൽ അത് ടീം അധികൃതരെ അപ്പോൾ തന്നെ അറിയിക്കണമെന്ന് ബോധ്യമുണ്ട്. ശ്രീശാന്ത് ഒത്തുകളിച്ചുവെന്ന് തനിക്ക് പൂർണമായി ഉറപ്പുണ്ടെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നുമുള്ള നിർദ്ദേശത്തോടെയാണ് സവാനി റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്നു രവി സവാനി. ജയ്റ്റ്‌ലിയും നിരഞ്ജൻ ഷായും അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് എൻ. ശ്രീനിവാസനുമുൾപ്പെട്ട അച്ചടക്ക സമിതി ഈ റിപ്പോർട്ട് പരിഗണിച്ചു. ഹർമീത് സിങ് എന്ന കളിക്കാരനെതിരെ സവാനി നിർദ്ദേശിച്ച നടപടി കമ്മിറ്റി തള്ളി. എന്നാൽ ശ്രീശാന്തും അജിത് ചാന്തിലയുമുൾപ്പെടെ പ്രധാന പ്രതികൾക്കെതിരെ നിർദ്ദേശിച്ച നടപടികൾ അംഗീകരിച്ചു.
ശ്രീശാന്തിനെ ഒത്തുളിക്കാരനെന്ന് മുദ്ര കുത്തിയ ജയ്റ്റ്‌ലി തന്നെയാണ് സ്ഥാനാർത്ഥി വേഷവും തയ്പിച്ചു കൊടുത്ത് ഇപ്പോൾ പാവത്തെ കോമാളി കളിപ്പിക്കുന്നത്. ശ്രീശാന്തിനെതിരായ വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറിനോട് കേരളത്തിലെ ഇടതു, വലതു നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ, താക്കൂറിനോട് കാണണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. ആ പ്രതീക്ഷ ഇതുവരെ പൂവണിഞ്ഞിരുന്നില്ല. ബി.സി.സി.ഐയുടെ അച്ചടക്ക സമിതി ശ്രീശാന്ത് ഒത്തുകളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് ക്രിമിനൽ കുറ്റമല്ലാത്തതിനാലാണ് കോടതി വെറുതെ വിട്ടതെന്നും താക്കൂർ പരസ്യമായി പ്രഖ്യാപിച്ചു.
പുതിയ സാഹചര്യത്തിൽ കുമ്മനം ഇരു നേതാക്കളോടും നിലപാട് വ്യക്തമാക്കാൻ അഭ്യർത്ഥിക്കണം. കേരളത്തിലെ ജനങ്ങൾക്ക് താൽപര്യം ശ്രീശാന്ത് എന്ന സ്ഥാനാർത്ഥിയെയല്ല, ക്രിക്കറ്ററെയാണ് എന്നതിനാൽ അതിന് വലിയ പ്രസക്തിയുണ്ട്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ എല്ലാ വഴിയും സ്വീകരിക്കുമെന്ന് ശ്രീശാന്ത് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കാണുമ്പോൾ സൂഫീവര്യന്മാർക്കു പോലും മനമിടറുന്ന കാലമാണ്. വിലക്ക് നീട്ടിക്കിട്ടാൻ കാവി ചുറ്റലേ വഴിയുള്ളൂ എങ്കിൽ അതാവട്ടെ എന്ന് ശ്രീശാന്ത് തീരുമാനിച്ചെങ്കിൽ കുറ്റം പറയാനാവുമോ?
(ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്.. ഈ അഭിപ്രായവുമായി മറുനാടൻ മലയാളിക്ക് യാതൊരു ബന്ധവുമില്ല)