- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ചു താനും മുൻകൂട്ടി അറിഞ്ഞില്ലെന്നു പിണറായി പറഞ്ഞതോടെ ഐസകിന്റെ വാദ മുനയൊടിഞ്ഞു; പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവം; ഇനി അച്ചടക്കം ലംഘിച്ചാൽ പരസ്യ അച്ചടക്ക നടപടി; മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് ശ്രീവാസ്തവയെ വലിച്ചിഴച്ചതു തന്നെ
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെതിരെ പരസ്യമായി ശബ്ദിച്ച കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി ടി.എം.തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും വെട്ടിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മാസ് ഇടപടെൽ. ധനമന്ത്രിയുടെ വാദമുഖങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും തള്ളിയതിനു പിന്നാലെയാണു പാർട്ടിയും നിരാകരിച്ചത്.
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെക്കുറിച്ചു താനും മുൻകൂട്ടി അറിഞ്ഞില്ലെന്നു പിണറായി വിജയൻ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് എന്നതിനാൽ അതിന്റെ ആവശ്യവുമില്ല. ഐസക് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് അറിഞ്ഞത്. വിശദാംശങ്ങൾ തേടിയപ്പോൾ വിജിലൻസിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങൾ മനസ്സിലാക്കാതെ ഐസക് പ്രതികരിച്ചതിൽ മുഖ്യമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു. ഇതിനൊപ്പം പൊലീസ് ഉപദേഷ്ടാവായ രമൺശ്രീവാസ്തവയ്ക്കെതിരെ ചർച്ചകൾ വഴി തിരിച്ചു വിട്ടത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറയാതെ പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് റെയ്ഡ് എന്ന് ധനമന്ത്രി പ്രതികരിച്ചിരുന്നു. ഇതാണ് സംശയ മുന ശ്രീവാസ്തവയിലേക്ക് നീട്ടിയത്. മുത്തൂറ്റുമായി ബന്ധമുള്ള ശ്രീവാസ്തവയെ ആക്രമിക്കുന്നതിലൂടെ ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായെന്ന വിലയിരുത്തലുണ്ടായി. പൊലീസ് ആക്ടിലെ ചർച്ചകൾക്ക് ശേഷം താനൊരു ദുർബലനാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന വാദമാണ് പിണറായി ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് പരസ്യ പ്രസ്താവന സിപിഎം സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചത്.
പരസ്യമായ ഈ തെറ്റു തിരുത്തലിനു സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ചു പരസ്യ താക്കീതിന്റെ സ്വഭാവമുണ്ട്. എന്നാൽ ഇരുവർക്കുമെതിരെ അച്ചടക്ക നടപടി തീരുമാനിക്കുകയോ ശുപാർശ നൽകുകയോ ചെയ്തിട്ടില്ലെന്നു നേതൃത്വം വ്യക്തമാക്കി. മന്ത്രി, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട ജാഗ്രത ഐസക്കും ആനത്തലവട്ടവും കാണിച്ചില്ലെന്നു യോഗം വിലയിരുത്തി. ഇരുവരുടേതും വൈകാരിക പ്രതികരണമായിരുന്നു. വിമർശനങ്ങളെ ഇരുനേതാക്കളും ഉൾക്കൊണ്ടെന്നും പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.
പറയാനുള്ളതു തിരഞ്ഞെടുപ്പു കഴിഞ്ഞു പാർട്ടിയിൽ പറഞ്ഞുകൊള്ളാം. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി അനാവശ്യ വിവാദത്തിനില്ലെന്ന് ധനമന്ത്രിയുെ യോഗത്തിന് ശേഷം വിശദീകരിച്ചു. 'എന്റെ പരസ്യ പ്രസ്താവന വലിയ വിവാദമാവുകയും സർക്കാരും പാർട്ടിയും തമ്മിൽ വ്യത്യസ്തത ഉണ്ടെന്ന ധാരണ പരത്തുകയും ചെയ്തു. തിരഞ്ഞെടുപ്പു കാലത്ത് അതു സഹായകമല്ല. പരസ്യ പ്രസ്താവനയ്ക്കെതിരായ പാർട്ടിയുടെ അഭിപ്രായം എഴുതിത്ത്തന്നതല്ലേ? അതു ഞാനായിട്ട് എന്തിനു വ്യാഖ്യാനിക്കണം? ഭരണഘടന നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ചു നിങ്ങൾ വ്യാഖ്യാനിച്ചോളൂ, എനിക്കു വിരോധമില്ല' -ഇതായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.
പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും തെറ്റായ പ്രചാരണത്തിനും ഉപയോഗിച്ചു. വിഷയത്തിൽ സിപിഎമ്മിലും സർക്കാരിലും ഭിന്നതയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വിവാദം ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ തോമസ് ഐസക്ക് അതൃപ്തി അറിയിച്ചിരുന്നു. റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്നും വകുപ്പുമന്ത്രി അറിഞ്ഞാകൊണ്ടു വേണമായിരുന്നു പരിശോധനയെന്നും അദ്ദേഹം ആവർത്തിച്ചു.
കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി സുധാകരനും ഇന്ന് പ്രതികരിച്ചു. ദുഷ്ടലാക്കോടെയല്ല പരിശോധന നടന്നത്. തന്റെ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട്. വകുപ്പമന്ത്രി അറിയണമെന്ന് നിർബന്ധമില്ലെന്നും ജി സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ