രു നടി എന്ന നിലയിലല്ല കേരളത്തിൽ ജീവിക്കുന്ന ഒരുസാദാരണ കാരിയായ മനുഷ്യ സ്ത്രീ എന്ന നിലയിലാണ് ഇതെഴുതുന്നത്. പരിമിതമായ രാഷ്ടീയ അറിവേ എനിക്കുള്ളൂ, ഒരു രാഷ്ടീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമില്ല. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ജീവിക്കുന്ന സമൂഹത്തിൽ കാണുന്ന ഏറ്റവും അപലപനീയമായ സംഭവത്തെ പറ്റി പറയുവാൻ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ പറയുന്നത് ഏതെങ്കിലും ഒരു പാർട്ടിയുടെ കാര്യവുമല്ല.

ജനാധിപത്യ സംവിധാനത്തിൽ രാഷ്ടീയ പ്രസ്ഥാനങ്ങൾ സമൂഹത്തിനു ഗുണകരമാകുവാനാണ് നിലകൊള്ളേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത് . ദൗർഭാഗ്യവശാൽ രാഷ്ടീയത്തിന്റെ പേരിൽ മനുഷ്യരെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊല്ലുകയാണ് കേരളത്തിൽ. മറ്റു ചിലർക്ക് പ്രാകൃത സമൂഹത്തിൽ നിലനിന്നിരുന്ന ഊരുവിലക്ക് ഏർപ്പെടുത്തുന്നു. ഞങ്ങളുടെ ഇത്ര പേരെ നിങ്ങൾ കൊന്നില്ലെ എന്ന് ഒരു കൂട്ടർ അപ്പോൾ നിങ്ങൾ ഞങ്ങളെ കൊന്നതോ? കൊലപാതകങ്ങളെയും അക്രമങ്ങളേയും പറ്റി വാർത്താ ചാനലുകളിൽ സോഷ്യൽ മീഡിയയിൽ എല്ലാം ന്യായീകരണങ്ങളും വെല്ലുവിളികളുമാണ് നടക്കുന്നത്. കൊല്ലപ്പെട്ടയാൾ ഇത്ര കേസിൽ പ്രതിയാണ് എന്നെല്ലാം പറഞ്ഞ് പലരും കൊലപാതകങ്ങളിൽ ആവേശം കൊള്ളുന്നു. എങ്ങിനെയാണ് മറ്റൊരു മനുഷ്യനെ കൊത്തിനുറുക്കിയത് കാണുമ്പോളും കേൾക്കുമ്പോഴും സന്തോഷിക്കുവാനും ആവേശം കൊള്ളുവാനും തോന്നുക?

കേരളത്തിലെ ഏതെങ്കിലും രാഷ്ടീയ പാർട്ടിയുടെ നേതാവിന്റെ മക്കൾരാഷ്ടീയ സംഘർഷത്തിൽ കൊല്ലപ്പെടുകയോ അതല്ലെങ്കിൽ കൊലക്കേസിൽ പെട്ട് ജയിലിലാകുകയോ ചെയ്തിട്ടുണ്ട് എനിക്ക് തോന്നുന്നില്ല. അവരുടെ അധികാരസുഖങ്ങൾ പങ്കുപറ്റി കുടുംബം സമ്പൽസമൃദ്ധിയിൽ ജീവിക്കുന്നു. നേതാക്കൾ പരസ്പരം കണ്ടു മുട്ടുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും ഊഷ്മളമായ സൗഹൃദം പങ്കുവെക്കുന്നു. എന്തുകൊണ്ട് അണികൾ ഇത് കാണുകയും തിരിച്ചറിയുകയും അവരുടെ പാത പിന്തുടരുകയും ചെയ്യുന്നില്ല എന്നതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്. നേതാക്കൾക്കില്ലാത്ത എന്തു അകൽച്ചയാണ് നിങ്ങൾക്ക് തമ്മിൽ ഉണ്ടാകേണ്ടത്?നിങ്ങൾ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് വല്ല നിശ്ചയവുമുണ്ടോ?

ഞങ്ങൾ കൊലപാതകത്തിന് എതിരാണ് അക്രമത്തിന് എതിരാണ് എന്നാണ് എല്ലാ പാർട്ടിക്കാരും പറയുന്നത്. നിങ്ങൾ എല്ലാ പാർട്ടിക്കാരും എതിരാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഈ നാട്ടിൽ രാഷ്ടീയ കൊലപാതകവും അക്രമവും നടക്കുക? സ്ത്രീകൾ വിധവകളാകുക? കുട്ടികൾ അനാഥരാകുക? യുവാക്കൾ കേസിൽ പെട്ട് ജയിലിൽ പോകുക? കൊല്ലപ്പെടുന്നവരുടെ മാത്രമല്ല ജയിലിൽ പോകുന്നവരുടെ മക്കളും മാതാപിതാക്കളും ഭാര്യയും സഹോദരങ്ങളും അനാഥത്വം പേറേണ്ടിവരുന്നുണ്ട്. അവരുടെ ജീവിതം ദു:സ്സഹമാകുന്നുണ്ട്. നിങ്ങൾ നടത്തുന്ന അക്രമങ്ങളിൽ തുടർന്നുള്ള ഹർത്താലുകളിൽ ഇതിലൊന്നും ഒരു പങ്കുമില്ലാത്ത പൊതു സമൂഹത്തിനും കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്.

കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ല എന്ന ഒരു ന്യായം നേതാക്കൾ പറയുന്നത് കേൾക്കാം. പാർട്ടി എന്നു പറയുന്നത് വ്യക്തികൾ ചേർന്ന് രൂപീകരിക്കുകയും മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന സംവിധാനമല്ലെ. അല്ലാതെ അത് യന്ത്രമൊന്നും അല്ലല്ലൊ? അപ്പോൾ തീർച്ചയായും പാർട്ടി പ്രവർത്തകരും നേതാക്കളും നടത്തുന്ന പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം അതാത് രാഷ്ടീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ട്. അക്രമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ നേതൃത്വങ്ങൾക്ക് ആകും എന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇത്ര രാഷ്ടീയ പാർട്ടിപ്രവർത്തകരോട് സ്തീകളോട് അസഹിഷ്ണുതയോടെ പെരുമാറാനല്ല പുതു തലമുറയെ പഠിപ്പിക്കേണ്ടത് . സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷത്തിന്റെ പ്രചാരണം നടത്തുന്നവരെ തടയണം. അവരുടെ മനസ്സിൽ നിന്നും പുറത്ത് വരുന്ന ദുഷ് പ്രവണതകൾ സാമൂഹ്യമാധ്യമങ്ങളിൽ വരികയും പിന്നീട് അത് സമൂഹത്തിലേക്കു പടരുവാനും അനുവദിക്കരുത്. അതിനായുള്ള ബോധവൽക്കരണത്തിനു കക്ഷിരാഷ്ടീയഭേദമന്യേ എല്ലാവരും ശ്രമിക്കണം. അഭിപ്രായ സ്വാതന്ത്യത്തെപറ്റി പ്രസ്ഥാവനകൾ ഇറക്കിയതുകൊണ്ട് മാത്രമായില്ല അത് പ്രാവർത്തികമാക്കുവാനും തയ്യാറാകണം. സാമൂഹ്യമാധ്യമങ്ങളിൽ പടരുന്ന വിദ്വേഷ/ അപമാനിക്കുന്ന പോസ്റ്റുകൾ നിയന്തിരിക്കുകയും അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം.

ഒരു രാഷ്ടീയ ആശയവും മറ്റുള്ളവരെ കൊന്നൊടുക്കിയോ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല ജനങ്ങളെ സ്വാധീനിക്കേണ്ടത്. പ്രവർത്തനം കൊണ്ട് ആണ് ജനസമ്മതിനേടേണ്ടത്. അപരന്റെ പ്രാണൻ പോകുന്നതിന്റെ, അനാഥമാക്കപ്പെടുന്നവരുടെ നിലവിളിശബ്ദമല്ല സംഗീതമായി കാതിൽ പതിക്കേണ്ടത്. എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും എനിക്ക് ഒറ്റ അഭ്യർത്ഥനയേ ഉള്ളൂ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വളർച്ച കരസ്ഥമാക്കിയ നമ്മൾ മലയാളികൾ വിശ്വപൗരന്മാരാണ്. വിവിധ മേഖലകളിലായി ആധുനിക ലോകത്തെ പലതരത്തിൽ മുന്നോട്ട് നയിക്കുന്ന പ്രക്രിയയിൽ മലയാളികളും അഭിമാനാർഹമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. നിങ്ങളിൽ പലരും വിവിധ വിദേശ രാജ്യങ്ങളിൽ പോകുന്നവരല്ലെ അവിടെ എവിടെയെങ്കിലും ഇതു പോലെ മനുഷ്യർ വിരുദ്ധ ആശയങ്ങളുടെ പേരിൽ പരസ്പരം കൊന്നൊടുക്കുന്നുണ്ടോ? ദയവു ചെയ്തു ആധുനിക കേരളത്തെ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന് പറഞ്ഞ് പരസ്പരം പോരടിച്ചിരുന്ന ഗോത്രകാലത്തിലേക്ക് നമ്മുടെ സമൂഹത്തെ തിരിച്ചു നടത്തരുത്.

നിങ്ങൾ ഒപ്പിടുന്ന കടലാസിലെ മഷിയുണങ്ങും മുമ്പെ എതിരാളിയുടെ ചോരയും കണ്ണുനീരും വീഴുന്ന സമാധാനകരാറുകളല്ല ഇനി നമുക്ക് വേണ്ടത്. കൊലകളുടെയും അക്രമങ്ങളുടേയും പേരിലല്ല അണികളെ ആവേശം കൊള്ളിക്കേണ്ടത്. നാടിനുവേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ പേരിലാണ് അവർക്ക് ആവേശം പകരേണ്ടത്. മുൻ ഗാമികളായ നേതാക്കൾ നിങ്ങൾക്ക് പകർന്നു നൽകിയ നല്ല രാഷ്ടീയ മാതൃകകളെ പറ്റി നിങ്ങൾ മറന്നു പോയോ? പ്രിയപ്പെട്ട നേതാക്കന്മാരെ നിങ്ങൾക്ക്‌ശേഷം മക്കളുടെയും ചെറുമക്കളുടേയും കാലത്ത് ഇന്നത്തെ വിദ്വേഷപ്രചാരകരും അക്രമികളും അസഹിഷ്ണുതനിറഞ്ഞ മനസ്സുള്ളവരും നേതൃനിരയിൽ എത്തിയാൽ എന്താകും ഉണ്ടാകുക എന്ന് ഒരു നിമിഷം ഓർക്കുക. നമ്മുടെ മക്കൾ ജീവിക്കുന്ന നാളെയുടെ സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാകണമെങ്കിൽ നമ്മൾ ഇന്ന് അതിനുള്ള അടിത്തറപാകേണ്ടിയിരിക്കുന്നു. കേരളത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളോട് എല്ലാവരോടും അങ്ങേയറ്റം വിനയത്തോടെ യാജിക്കുകയാണ് ദയവു ചെയ്ത് ഇനിയും രാഷ്ടീയ വ്യത്യാസങ്ങളുടെ പേരിൽ ആരുടേയും പ്രാണനെടുക്കരുത്, ഇതുവരെ നിരത്തിയ പട്ടികകളിൽ ഇനിയും പേരുകൾ ചേർക്കപ്പെടാതിരിക്കട്ടെ.അതിനായി നിങ്ങൾ എല്ലാവരും ആത്മാർഥമായി പരിശ്രമിക്കുക. ഒരിക്കൽ കൂടെ ഈയ്യുള്ളവൾ അപേക്ഷിക്കുകയാണ് അല്ല യാജിക്കുകയാണ് മതിയാക്കൂ ഇനിയെങ്കിലും രാഷ്ടീയത്തിന്റെ പേരിലുള്ള കൊലകൾ.