തിരുവനന്തപുരം: ഇന്ന് പുലർച്ചെ മുതൽ കേരളത്തെ ഞെട്ടിക്കുന്ന ദുരന്തവാർത്ത ചാനലുകളിലൂടെ നിരന്തരമായി നിറയുകയാണ്. ദുരന്തത്തിന്റെ വിങ്ങലിൽ കേരളം തേങ്ങുകയും ചെയ്യുന്നു. ചാനലുകളിൽ പലപ്പോഴും ഭീതപ്പെടുത്തുന്ന ദൃശ്യങ്ങളും വന്നു. ഇതോടെ മാദ്ധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കയാണ് നടി, ശ്രീയ രമേശ്. പരവൂർ വെട്ടിക്കെട്ട് ദുരന്തം റിപ്പോർട്ട് ചെയ്യുന്നത് ഭീതിപ്പെടുത്തുന്ന വിധത്തിലാണെന്നാണ് ശ്രീയ ഫേസ്‌ബുക്കിലൂടെ വിമർശിച്ചത്. ശ്രീയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാവിലെ എഴുന്നേറ്റത് ആ ദുരന്ത വാർത്ത കേട്ടു കൊണ്ടാണ്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പരിക്കേറ്റ മനുഷ്യരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു. മനുഷ്യരുടെ ശരീരാവശിഷ്ടങ്ങൾ കവറുകളിലും ചാക്കിലുമാക്കി ഒരു വാഹനത്തിൽ അട്ടിയിട്ടിരിക്കുന്ന ദൃശ്യം പകർന്ന നെടുക്കം ഇനിയും മാറിയിട്ടില്ല. ആശുപത്രികളിൽശരീരാവശിഷ്ടങ്ങളിൽ നിന്നും ഉറ്റവരെ തിരിച്ചറിയേണ്ടിവരുന്നവരുടെ അവസ്ഥ ചിന്തിക്കുവാൻ പോലും ആകുന്നില്ല. ഒരു ഒറ്റ സ്‌ഫോടനത്തിൽ എല്ലാം തകർന്നത് നിമിഷനേരം കൊണ്ടാണ്. ഇനിയിപ്പോൾ അന്വേഷണങ്ങളും ആരോപണങ്ങളുമൊക്കെയായി ഏതാനും ദിവസം അധികാരികളും രാഷ്ടീയക്കാരും മാദ്ധ്യമങ്ങളും നടക്കുമായിരിക്കും. അപ്പോളും നഷ്ടപ്പെട്ടവർക്ക് ഒന്നും തിരിച്ചു കിട്ടില്ല. എന്തിനായിരുന്നു ഈ ദുരന്തത്തെ വിളിച്ചു വരുത്തിയത്? പരസ്പര മത്സരത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത് ഒരു നാടും നിരവധി തലമുറകളുമാണ്.

അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് പറഞ്ഞ് രക്ഷപ്പെടുവാൻ അധികാരികൾക്ക് ആകുമോ? സഫോടനത്തെ തുടർന്ന് ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു എന്ന് പറയുന്നതിൽ നിന്നും അധികാരികൾ സംഭവം അറിഞ്ഞിരുന്നില്ല എന്ന് പറയുവാൻ ആകില്ല. എന്തുകൊണ്ട് ഉത്തരവ് ലംഘിച്ചുകൊണ്ട് ഇക്കാര്യം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല? നിയമ ലംഘനം നടക്കുന്നു എങ്കിൽ തടയുന്നില്ല. അനധികൃതമായി സൂക്ഷിച്ച വെടിക്കോപ്പുകൾ പിടിച്ചെടുത്തില്ല? ഇത്തരം ചോദ്യങ്ങൾക്കുള്ള സമയവും സന്ദർഭവും അല്ല എന്നറിയാം എങ്കിലും ചോദിച്ചു പോകുകയാണ്.

ദുരന്ത ഭൂമിയിലെ മനുഷ്യ മനസാക്ഷിയെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലൈവായി പ്രദർശിപ്പിച്ച് മാദ്ധ്യമങ്ങൾ എത്രക്രൂരമായാണ് ഈ സന്ദർഭത്തിൽ പെരുമാറുന്നത്? ദയവായി അത് നിർത്തൂ. പൊള്ളലേറ്റു പിടയുന്നവരുടെ കരച്ചിലും അതു പോലെ ഉറ്റവരുടെ ചേതനയറ്റ ശരീരത്തെ കണ്ട് താങ്ങാനാകാതെ ആശുപത്രികളിലും വീടുകളിലും നിന്നും അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും സഹോദരിമാരുടേയും കരച്ചിലുകളും എങ്കിലും മാദ്ധ്യമങ്ങൾ കാണിക്കാതിക്കുക. പ്രിയപ്പെട്ട മാദ്ധ്യമങ്ങളേ നിങ്ങൾ അല്പമെങ്കിലും മനുഷ്യത്വം കാണിക്കൂ എന്ന് അപേക്ഷിക്കുകയാണ്. ദുരന്തത്തിനിരയായവരുടെ കണ്ണീരിൽ ഞാനും പങ്കു ചേരുന്നു. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.