ഇന്നത്തെ തലമുറയിലെ ഒരു സംവിധായകനും തന്നോട് പാട്ട് ആവശ്യപ്പെടാറില്ലെന്നു ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കലാമൂല്യമല്ല, പുലിമുരുകനാണ് ഇന്നത്തെ കാണികൾക്ക് ആവശ്യമെന്നും എൻബിടിസി വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'അമ്മയ്ക്കൊരു താരാട്ട്' എന്ന തന്റെ സിനിമയ്ക്കുണ്ടായ അനുഭവം വേദനിപ്പിക്കുന്നതാണ്. ആദ്യദിനം തിയറ്റർ നിറയെ കാണികൾ എത്താറുള്ളതായിരുന്നു തന്റെ എല്ലാ സിനിമകളും. എന്നാൽ ഈ സിനിമ കാണാൻ ആദ്യദിവസം എത്തിയത് വെറും 35 പേർ. ചാനലുകൾ പോലും കഥ നോക്കുന്നതിനു പകരം നായകനെ നോക്കിയാണ് സിനിമയ്ക്ക് വില പറയുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

തിയറ്ററുകളിലെത്തുന്നത് ചെറുപ്പക്കാർ മാത്രമായിരിക്കുന്നു. ചലച്ചിത്രമേളകളിൽ സിനിമാ പ്രവർത്തകർക്ക് പ്രത്യേക തിയറ്റർ എന്നത് നല്ല കാര്യമാണ്. സമാന്തര സിനിമാ പ്രസ്ഥാനം എന്നൊന്ന് മലയാളത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.