മുംബൈ: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആഹ്ലാദത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പ്. വെറും 68 റൺസിനു ബാംഗ്ലൂരിനെ പുറത്താക്കിയ ഹൈദരാബാദിന്റെ പേസ് ബോളിങ് പ്രകടനമാണ് പ്രശംസകൾക്ക് വഴിയൊരുക്കിയത്.

സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ പേസർമാർക്ക് ആരാധകർ പ്രശംസകൾ കൊണ്ട് മൂടുകയാണ്. സീസണിൽ ടീമിന്റെ ബാറ്റിങ് നിലവാരം ശരാശരി മാത്രമാണെങ്കിലും പേസർമാരുടെ ഉജ്വല ബോളിങ്ങാണ് ഇപ്പോൾ ഹൈദരാബാദിനു തുടണായകുന്നത്. ആദ്യ 2 മത്സരങ്ങളും തോറ്റ അവർ, പിന്നീടു തുടർച്ചയായി 5 മത്സരങ്ങൾ ജയിച്ച്, പോയിന്റ് പട്ടികയുടെ 2ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോൾ.

ബാംഗ്ലൂരിനെതിരായ ജയത്തിനു പിന്നാലെ, സൂപ്പർ പേസർമാർക്കു കോടികൾ എറിയുന്നതിനു പകരം, 16.4 കോടി രൂപയ്ക്ക് ടീമിലെ 4 പേസർമാരെയും മെഗാ താര ലേലത്തിൽ സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്ത്രത്തെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പുകഴ്‌ത്തുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീം സിഇഒ കാവ്യ മാരന്റെ ദീർഘവീഷണമാണ് പ്രശംസിക്കപ്പെടുന്നത്.സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ.

ഒരു ബോളർമാർക്കായിത്തന്നെ പല ടീമുകളും 814 കോടി മുടക്കിയിടത്താണ് ഹൈദരാബാദ് വ്യത്യസ്തരാകുന്നത്. ഉംറാൻ മാലിക്കിനെ നിലനിൽത്താൻ അവർ മുടക്കിയത് 4 കോടി. ഭുനേശ്വർ കുമാറിനെ 4.20 കോടിക്കു വാങ്ങി. ടി. നടരാജനെ 4 കോടിക്കു ടീമിലെത്തിച്ചപ്പോൽ മാർക്കോ ജെൻസനായി മുടക്കിയത് 4.20 കോടി. ആകെ 16.40 കോടിക്ക് ടീമിലെ പേസ് വിഭാഗംതന്നെ റെഡി.

4 കോടിക്ക് ടീമിലെടുത്ത മറ്റൊരു യുവ പേസർ കാർത്തിക് ത്യാഗിയാകട്ടെ, പ്ലേയിങ് ഇലവനിലേക്കുള്ള വിളി കാത്തിരിക്കുന്നു.ഐപിഎൽ സീസൺ പാതി വഴിയിലെത്തുമ്പോൾ 15 വിക്കറ്റുകളാണ് നടരാജന്റെ സമ്പാദ്യം. 10 വിക്കറ്റോടെ ഉംറാനും 9 വിക്കറ്റോടെ ഭുവിയും പിന്നിലുണ്ട്. ജാൻസൻ 6 വിക്കറ്റാണു നേടിയത്. വേഗം, കൃത്യത, യോർക്കറുകൾ, സ്വിങ് എന്നിവ തുലനം ചേരുന്ന ബോളിങ് വിഭാഗമാണു ഹൈദരാബാദിന്റെ കരുത്ത്.

ബാംഗ്ലൂരിനെതിരായ മത്സരത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ട്രോൾ ഇങ്ങെനെ, ' ആർച്ചറിനായി മുംബൈ 8 കോടിയും ദീപക് ചാഹറിനായി ചെന്നൈ 14 കോടിയും വെറുതേ മുടക്കിയപ്പോൾ കാവ്യ ജാൻസെൻ, ഉംറാൻ, ഭുവനേശ്വർ, നടരാജൻ എന്നിവർ അടങ്ങുന്ന പേസ് നിരയെത്തന്നെ 16.40 കോടിക്കു വാങ്ങി' ട്രോളിനു നന്ദി അറിയിച്ച് കാവ്യതന്നെ രംഗത്തെത്തിയതോടെ ആവേശത്തിലാണ് ആരാധകരും.

ഹൈദരാബാദിന്റെ മത്സരം നടക്കുമ്പോഴെല്ലാം ഗാലറിയിൽ ഫ്ളാഗ് വീശി കാവ്യയുണ്ടാകും. ആദ്യ രണ്ടു മത്സരങ്ങളിലും ഹൈദരാബാദ് തോറ്റപ്പോൾ കാവ്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗാലറിയിൽ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതർ അർഹിക്കുന്നുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. അന്നത്തെ തോൽവിയിൽ കരച്ചിലിന്റെ വക്കോളമെത്തിയ കാവ്യ ഇന്ന് ടീമിന്റെ പ്രകടനത്തിൽ അഭിമാനത്തോടെ ചിരിക്കുകയാണ്.