കൊളംബോ: അണയാത്ത ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ പടിയിറക്കം. ആഭ്യന്തര കലാപം രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്നും രക്ഷപെട്ടോടി സിങ്കപ്പൂരിൽ രാഷ്ട്രീയ അഭയം തേടിയ ഗോതബായ രജപക്സെ രാജിവെച്ചെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇ-മെയിൽ വഴി സ്പീക്കർക്ക് രാജി സമർപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മാലിദ്വീപിലേയ്ക്ക് കടന്ന ഗോതബായ അവിടെ നിന്ന് സൗദി വിമാനത്തിലാണ് സിംഗപ്പൂരിലെത്തി രാഷ്ട്രീയ അഭയം തേടിയതെന്നാണ് വിവരം.

പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചതായി പാർലമെന്റ് സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം പൊറുതിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിച്ചതോടെയാണ് ശ്രീലങ്കയിൽ പ്രസിഡന്റ് രാജ്യം വിട്ടത്. രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ പ്രതിഷേധത്തിനിറങ്ങിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയേറിയിരുന്നു. പ്രക്ഷോഭകരെ തടയാൻ ശ്രീലങ്കൻ സൈന്യം പാർലമെന്റിനു സമീപം ടാങ്കുകൾ വിന്യസിച്ചിരുന്നു.

ശ്രീലങ്കയിൽ വൻ ജനകീയ പ്രക്ഷോഭം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി എത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഗോതബായ സൈന്യത്തിന്റെ സഹായത്താൽ ആദ്യം കപ്പലിലേയ്ക്കും പിന്നീട് വ്യോമസേനാ വിമാനത്തിൽ കുടുംബ സമേതം മാലിദ്വീപിലേയ്ക്കും ഒളിച്ചോടിയത്. സിംഗപ്പൂരിനോട് രാഷ്ട്രീയ അഭയത്തിനായി ഗോതാബയ അപേക്ഷിച്ചിരുന്നു.

മുന്നേ തന്നെ സിംഗപ്പൂരിൽ നിക്ഷേപമുള്ള രജപക്സെ കുടുംബത്തിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ഭാര്യയ്ക്കും സഹോദരനുമൊപ്പം ഗോതബായ നാടുവിട്ടതെന്നാണ് കൊളംബോ വൃത്തങ്ങൾ പറയുന്നത്. മാലിദ്വീപിലേയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ വരവ് മാലിദ്വീപിലെ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറിഞ്ഞിരുന്നു.

അവിടെ നിന്ന് സിംഗപ്പൂരിലേയ്ക്ക് കടക്കാൻ സൗദിയുടെ അന്താരാഷ്ട്ര വിമാന സേവനം ഉപയോഗപ്പെടുത്തിയതും ഭരണകൂട പിന്തുണയോടെയാണെന്നും ശ്രീലങ്കൻ ജനകീയ പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസവും പ്രസിഡന്റ് രാജിവെച്ചതായി വാർത്ത പരന്നെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് ലങ്കയിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.

ജനകീയ പ്രക്ഷോഭത്തെ പേടിച്ച് നാടുവിട്ട രാജപക്‌സെ സൗദി അറേബ്യയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്ന ഗോടബയ പിന്നീട് സിംഗപ്പൂരിലെത്തിയിരുന്നു. അതേസമയം, ഗോതബായ അഭയം ആവശ്യപ്പെടുകയോ തങ്ങൾ അഭയം നൽകുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂർ അധികൃതർ വ്യക്തമാക്കി. സിംഗപ്പൂർ വഴി സൗദിയിലെത്താനാണ് ഗോതബായയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്കു പാലിക്കാൻ ഗോതബായ തയാറായിരുന്നില്ല. ജനകീയ പ്രക്ഷോഭത്തിൽ അടിപതറിയ ഗോതബായ അറസ്റ്റ് ഭയന്നാണ് ആദ്യം മാലദ്വീപിലേക്ക് പറന്നത്. മാലദ്വീപിൽ പ്രതിപക്ഷ പാർട്ടികൾ എതിർത്തതിനെ തുടർന്ന് സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. അവിടെ നിന്ന് ഉടൻ ജിദ്ദയിലെത്തുമെന്നാണ് അഭ്യൂഹം. ഇതേ കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല.

സ്വകാര്യ സന്ദർശനത്തിയായിട്ടാണ് ഗോതബായയ്ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂർ അഭയം നൽകുകയോ ചെയ്തിട്ടില്ല. സിംഗപ്പൂർ പൊതുവെ അഭയത്തിനുള്ള അപേക്ഷകൾ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.