- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവറുകളിൽ തകർത്തടിച്ച കരുണാരത്നെ; ഭേദപ്പെട്ട പ്രകടനവുമായി ലങ്കൻ യുവനിര; തുണയായത് അസലങ്ക- ഷനക സഖ്യം; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 263 റൺസ് വിജയലക്ഷ്യം

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 263 റൺസ് വിജയലക്ഷ്യം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തു. ചാമിക കരുണാരത്നെ (പുറത്താവാതെ 43), ദസുൻ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെർണാണ്ടോ (32) എന്നിവരാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി ദീപക് ചാഹർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മിനോദ് ഭാനുക (27) ഫെർണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക നൽകിയത്. ഒമ്പത് ഓവറിൽ 49 റൺസ് കൂട്ടിചേർക്കാൻ അവർക്കായി. പേസർമാരായ ഭുവനേശ്വർ കുമാറും ദീപക് ചാഹറും ആദ്യ സ്പെല്ലിൽ വിക്കറ്റെടുക്കാൻ പരാജയപ്പെട്ടപ്പോൾ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ചാഹൽ ടോസ് ചെയ്തിട്ട പന്തിൽ ഫെർണാണ്ടോ കവറിൽ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നൽകി. മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രാജപക്സ (24), മിനോദിനൊപ്പം പിടിച്ചുനിന്നു.
ഒരു ഘട്ടത്തിൽ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാൽ കുൽദീപ് ഒരോവറിൽ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നൽകിയിപ്പോൾ രാജപക്സ ശിഖർ ധവാന്റെ കയ്യിലൊതുങ്ങി. നാലാമൻ ധനഞ്ജയ സിഡിൽവ (14) ക്രുനാലിന്റെ പന്തിൽ ഭുവനേശ്വറിന് ക്യാച്ച് നൽകുകയായിരുന്നു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും പുറത്തായ ശേഷം ഒമ്പതാം വിക്കറ്റിൽ ചാമിക കരുണരത്നെ - ദുഷ്മാന്ത ചമീര സഖ്യം 40 രൺസ് ചേർത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച കരുണരത്നെയാണ് ലങ്കൻ സ്‌കോർ 250 കടത്തിയത്. ഇതിനിടെ വാനിഡു ഹസരങ്ക (8), ഇസുരു ഉഡാന (8) എന്നിവരും പുറത്തായി. പാണ്ഡ്യ സഹോദരന്മാർ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു. നേരത്തെ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവർക്കും അരങ്ങേറ്റമായിരുന്നു. പരിക്കിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.


