- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുതലോടെ ശിഖർ ധവാനും സൂര്യകുമാറും; അവസാന ഓവറുകളിൽ 'മെല്ലെപ്പോക്ക്'; ആദ്യ ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 165 റൺസ് വിജയ ലക്ഷ്യമുയർത്തി ഇന്ത്യ; ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

കൊളംബൊ: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് 165 റൺസ് വിജയലക്ഷ്യം. സൂര്യകുമാർ യാദവ് (50), ശിഖർ ധവാൻ (46) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
34 പന്തുകൾ നേരിട്ട യാദവ് അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ശിഖർ ധവാൻ അർധസെഞ്ചുറിക്ക് അരികെ പുറത്തായി. 36 പന്തുകൾ നേരിട്ട ധവാൻ, നാലു ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്തു.
രണ്ടാം വിക്കറ്റിൽ ധവാൻ - സഞ്ജു സഖ്യം 36 പന്തിൽ 51 റൺസും, മൂന്നാം വിക്കറ്റിൽ ധവാൻ - സൂര്യകുമാർ സഖ്യം 48 പന്തിൽ 62 റൺസും നേടി. മലയാളി താരം സഞ്ജു സാംസൺ 20 പന്തിൽ 27 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. വാനിഡു ഹസരങ്ക, ദുഷ്മന്ത ചമീര ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. പൃഥ്വി ഷാ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയുടെ ട്വന്റി 20 ജേഴ്സിയിൽ അരങ്ങേറി.
ആദ്യ പന്തിൽത്തന്നെ അരങ്ങേറ്റ താരം പൃഥ്വി ഷാ ഗോൾഡൻ ഡക്കാകുന്ന കാഴ്ചയോടെ തുടക്കമായ ഇന്ത്യൻ ഇന്നിങ്‌സിന് രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് സഞ്ജു സാംസൺ ശിഖർ ധവാൻ സഖ്യവും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ശിഖർ ധവാൻ സൂര്യകുമാർ യാദവും രക്ഷപ്പെടുത്തിയതാണ്. എന്നാൽ, ഡെത്ത് ഓവറുകളിൽ മുറുക്കത്തോടെ പന്തെറിഞ്ഞ ശ്രീലങ്കൻ ബോളർമാർ ഇന്ത്യയെ 164 റൺസിൽ ഒതുക്കി. അവസാന രണ്ട് ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് നേടാനായത് 17 റൺസ് മാത്രം.
നാലാമതായി ക്രീസിലെത്തിയ സൂര്യകുമാർ തന്റെ മികച്ച ഫോം ടി20യിലും തുടർന്നു. കേവലം 34 പന്തിൽ താരം അർധ സെഞ്ചുറി പൂർത്തിയാക്കി. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ധവാനൊപ്പം 62 റൺസും കൂട്ടിച്ചേർത്തു. ധവാൻ മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. ഇരുവരും മടങ്ങിയതോടെ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഇന്ത്യക്ക് ഉയരാൻ സാധിച്ചില്ല. ഹാർദിക് പാണ്ഡ്യ (12 പന്തിൽ 10) നിരാശപ്പെടുത്തി. ഇഷാൻ കിഷനാണ് (14 പന്തിൽ പുറത്താവാതെ 20) സ്‌കോർ 160 കടത്തിയത്. ക്രുനാൽ പാണ്ഡ്യ (3) പുറത്താവാതെ നിന്നു.


