കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയതോടെ ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭം നടത്തിയ ജനങ്ങളെ പിന്തുണച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ നായകന്മാർ. സനത് ജയസൂര്യ, കുമാർ സംഗക്കാര, മഹേള ജയവർധന എന്നീ മുൻ നായകന്മാരാണ് പ്രക്ഷോഭകരെ പിന്തുണച്ച് രംഗത്ത് വന്നത്.

ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുൻപൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

''ഞാൻ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അടുത്തുതന്നെ ഞങ്ങൾ വിജയം ആഘോഷിക്കും. എന്നാൽ ഈ ഒത്തൊരുമ ഒരു ലംഘനവും കൂടാതെ തുടരണം.'' ജയസൂര്യ ട്വീറ്റ് ചെയ്തു. ഉപരോധം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ കോട്ടകൾ തകർന്നിരിക്കുന്നുവെന്നും ജനശക്തി വിജയിച്ചിരിക്കുന്നുവെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള മാന്യത നിങ്ങൾ കാണിക്കണമെന്നും ഗോട്ടബയയോട് ജയസൂര്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

തെരുവിലറങ്ങി പ്രക്ഷോഭത്തിൽ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യടക്കിയപ്പോൾ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പിന്നീട് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അദ്ദേഹം രണ്ട് ട്വീറ്റുകൾ കുറിച്ചിട്ടു. ആദ്യ ട്വീറ്റിൽ പറയുന്നതിങ്ങനെ.. ''എപ്പോഴും ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങൾ വിജയം ആഘോഷിക്കും.''  രണ്ടാമത്തെ ട്വീറ്റിൽ പറയുന്നതിങ്ങനെ.. ''സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോൾ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.'' അദ്ദേഹം കുറിച്ചിട്ടു.

ജയസൂര്യയ്ക്കു പുറമേ ശ്രീലങ്കയുടെ മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തു കൊണ്ട് സംഗക്കാര പറഞ്ഞു.

പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. ജനക്കൂട്ടം വസതി വളയുന്നതിനു മുൻപേ ഗോട്ടബയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.

കൂടുതൽ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാർ പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചു.