ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നടുറോഡിൽ തുണിയുരിഞ്ഞ് ഒറ്റയ്ക്ക് പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരേ താരസംഘടന രംഗത്തുവന്നെങ്കിലും പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ സിനിമാ പ്രവർത്തകരുടെ സംഘടനയ്ക്ക് ശ്രീ റെഡ്ഡിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കേണ്ടിവന്നിരുന്നു.

അതേസമയം ഈ വിഷയത്തിൽ ശ്രീ റെഡ്ഡിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിൽ പ്രധാനി സൂപ്പർതാരവും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്ല്യാണായിരുന്നു. ഈ വിഷയത്തെ ടെലിവിഷൻ ചാനലുകൾക്ക് മുൻപിൽ കൊണ്ടുവരാതെ നിയമത്തിന്റെ വഴി തേടുകയാണ് ശ്രീ ചെയ്യേണ്ടതെന്നും പവൻ കല്ല്യാൺ പറഞ്ഞിരുന്നു. എന്നാൽ പവൻ കല്യാണിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞെങ്കിലും താരത്തിന് ശക്തമായ മറുപടിയും നൽകിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

സ്ത്രീകളുടെ കാര്യത്തിൽ ഞാൻ ഉയർത്തിയ വിഷയം പവൻ കല്ല്യാൺ സർ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും സ്ത്രീകൾക്കെതിരേ അതിക്രമം കാട്ടുന്നവർക്കെതിരേ നടപടി എടുക്കുന്ന കാര്യത്തിൽ ഇദ്ദേഹത്തെ പോലുള്ളവർ ഇടപെട്ടാൽ പെട്ടന്നു തന്നെ പരിഹാരം ഉണ്ടാകുമെന്നും ഞാൻ ഇപ്പോൾ തന്നെ പൊലീസിന് പരാതി നൽകിക്കഴിഞ്ഞുവെന്നും ശ്രീ പറഞ്ഞു. എന്നാൽ ഇതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീ കൂട്ടിച്ചേർത്തു.

'പവൻ കല്ല്യാൺ ജി നിങ്ങൾ എന്തിനാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുങ്കു പെൺകുട്ടികൾക്കു വേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും, കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അൽപം മാന്യത കാട്ടൂ. നിങ്ങൾ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങൾക്ക് അത് മനസ്സിലാവും. പെൺകുട്ടികൾക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ലെന്നും' ശ്രീ പറഞ്ഞു.

റോഡിലെ തുണിയുരിഞ്ഞു നടത്തിയ പ്രതിഷേധത്തിനുശേഷം തെലുങ്ക് സിനിമയിലെ പല വമ്ബന്മാരുടെയും അശ്ലീല ചാറ്റുകളും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. സംവിധായകൻ കൊണ വെങ്കിട്ട്, നിർമ്മാതാവ് സുരേഷ് ബാബുവിന്റെ മകൻ അഭിറാം, റാണ ദഗ്ഗുബട്ടിയുടെ സഹോദരൻ എന്നിവരുടെ ചാറ്റുകളാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. ഈ വിഷയം തെലുങ്കു സിനിമാരംഗത്ത് പുകഞ്ഞുകൊണ്ടിരിക്കുമ്‌ബോഴാണ് പവൻ കല്ല്യാണിന് മറുപടി നൽകിയിരിക്കുന്നത്.