തെലുഗു സിനിമ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ശ്രീ റെഡ്ഡി. കാസ്റ്റിങ് കൗച്ച് വിവാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ ശ്രീ റെഡ്ഡിയുടെ പ്രസ്താവനകൾ നടന്മാരെയും ഗായകരെയും സംവിധായകരെയും അടക്കം നാണം കെടുത്തുന്നതായിരുന്നു. ഇതിനുള്ള തെളിവുകൾ മാധ്യമങ്ങളിലൂട ശ്രീ റെഡ്ഡി പുറത്ത് വിടുകയും ചെയ്തു.

ഇതുകൊണ്ടൊന്നും ശ്രീ റെഡ്ഡിയുടെ പ്രതിഷേധം അവസാനിച്ചില്ല. അതിനിടെ നടനും രാഷ്ട്രീയനേതാവുമായ പവൻ കല്യാൺ ശ്രീ റെഡ്ഡിയെ വിമർശിച്ച് രംഗത്തെത്തി. പൊലീസിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളോട് പറയുകയാണെന്നും നടി തെലുഗു സിനിമയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പവൻ കല്യാൺ പറഞ്ഞത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടിക്ക് നേരെ പവൻ ആരാധകരുടെ ആക്രമണമായിരുന്നു.

പവൻ ആരാധകർ ശ്രീ റെഡ്ഡിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കി. ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പവനെതിരെ കടുത്ത വാക്കുകളാണ് ശ്രീ പ്രയോഗിച്ചത്. മൂന്ന് വിവാഹങ്ങൾ കഴിച്ച പവൻ കല്യാണിന് സ്ത്രീകളോട് ബഹുമാനം ഇല്ലെന്നും അദ്ദേഹത്തെ സഹോദര എന്ന് വിളിച്ചതിൽ ലജ്ജിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

വികാരാധീനയായ ശ്രീ ക്യാമറയ്ക്ക് മുൻപിൽ ചെരുപ്പ് ഊരി സ്വയം മർദ്ദിച്ചു. പിന്നീട് പവൻ കല്യാണിനെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു.