ചെന്നൈ: ബാഹുബലിയെന്ന ഇന്ത്യൻ സിനിമ കണ്ട ഏക്കാലത്തെയും വലിയ ഹിറ്റായ ചിത്രത്തിലെ കാസ്റ്റിംഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമ്യാ കൃഷ്ണന്റെ കഥാപാത്രമായ ശിവഗാമിയാണ് ഇതിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്ന്. ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനിരുന്നത് ശ്രീദേവിയെ ആയിരുന്നു എന്ന വിധത്തിൽ വാർത്തകളും വന്നിരുന്നു. എന്നാൽ, പിന്നീട് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇതിന് സംവിധായകൻ രാജമൗലി പറഞ്ഞ് കാരണം ശ്രീദേവിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തവ ആണെന്നായിരുന്നു. എന്തായാലും ശ്രീദേവി കൈവിട്ട സിനിമയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത് രമ്യ കൃഷ്ണൻ ആയിരുന്നു.

രാജമാതാവ് 'ശിവഗാമി'യുടെ വേഷത്തിൽ രമ്യ ശരിക്കും തിളങ്ങി. ബാഹുബലി ആദ്യഭാഗം ഇറങ്ങിയപ്പോൾ മുതൽ പല കാരണങ്ങളും കേട്ടിരുന്നു. അതിൽ പലയിടത്തും ആവർത്തിച്ചുകേട്ട ഒരു കാരണം ഉയർന്ന പ്രതിഫലവും ആഡംബര സൗകര്യങ്ങളുമടക്കം ശ്രീദേവി ഉന്നയിച്ച ആവശ്യങ്ങളാണ്. ആറ് കോടി പ്രതിഫലവും ചിത്രീകരണസമയത്തെ താമസത്തിന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുഴുവൻ ഫ്ളോറും അവർ ആവശ്യപ്പെട്ടുവെന്നും അത് സാധ്യമല്ലാത്തതിനാൽ പകരം മറ്റൊരു നടിയെ സംവിധായകൻ തേടുകയായിരുന്നുവെന്നും.

എന്നാൽ വാർത്താമാധ്യമങ്ങളിൽ പലകുറി ഇക്കാര്യം പൊടിപ്പും തൊങ്ങലും വച്ച് വാർത്തയായിട്ടും ശ്രീദേവി പ്രതികരിച്ചിരുന്നില്ല. മൂന്നാഴ്ചകൾക്ക് മുൻപ് അഭിനയിച്ച പുതിയ ചിത്രം 'മോ'മിന്റെ പ്രചരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരുടെ ഈ വിഷയത്തിലുള്ള ചോദ്യത്തിന് ശ്രീദേവിയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു.

സിനിമ സംഭവിച്ചല്ലോ. അത് മാത്രമല്ല വേറൊരാൾ ആ റോളിലെത്തുകയും ചെയ്തു. ബാഹുബലി സിനിമ നന്നായി ഓടുകയും ചെയ്യുന്നുണ്ട്. ആ സാഹചര്യത്തിൽ ചിത്രത്തിലെ എന്റെ സാന്നിധ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ കാര്യമുണ്ടോ? എന്നാൽ 'ബാഹുബലി'യെ സംബന്ധിച്ച് തനിക്ക് മേലുള്ള ആരോപണം അവാസ്തവമാണെന്നും സംവിധായകൻ അടക്കമുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ തന്നെ എത്തരത്തിൽ വേദനിപ്പിച്ചുവെന്നും പറയുകയാണ് ഒരു തെലുങ്ക് ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അവർ. എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ പ്രതികരണം. അതിങ്ങനെ..

രാജമൗലിയുടെ അഭിമുഖം എന്നെ ഏറെ വേദനിപ്പിച്ചു. ശാന്തശീലനായ, മാന്യതയുള്ള ഒരു മനുഷ്യനല്ലേ രാജമൗലി. അദ്ദേഹത്തിൽ നിന്ന് ഇത്തരത്തിലൊരു അഭിപ്രായപ്രകടനമുണ്ടായത് എന്നെ വേദനിപ്പിച്ചു. ശരിക്കും അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ സന്തോഷത്തോടെ അഭിനയിക്കുമായിരുന്നു. ആറ് കോടിയും ചിത്രീകരണസമയത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുമൊക്കെ ഞാൻ ആവശ്യപ്പെട്ടെന്നായിരുന്നു പ്രചരണം. ഇത്തരത്തിൽ പെരുമാറുന്ന ഒരു അഭിനേതാവാണ് ഞാനെങ്കിൽ ആരെങ്കിലും സ്വന്തം ചിത്രങ്ങളിൽ എന്നെ സഹകരിപ്പിക്കുമോ? ഇനി ഞാൻ ഇങ്ങനെയെല്ലാം ആവശ്യപ്പെട്ടതായി നിർമ്മാതാവ് രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് എനിക്കറിയില്ല.

കഴിഞ്ഞ മാസം ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ശ്രീദേവിയുടെ പിന്മാറ്റം സിനിമയ്ക്ക് അന്തിമമായി ഗുണമായി എന്നായിരുന്നു രാജമൗലി പറഞ്ഞത്. ശ്രീദേവിയുടെ 'ആവശ്യങ്ങൾ' തങ്ങളുടെ ബജറ്റിന് മേലെയായിരുന്നെന്നും അതിനാൽ രമ്യ കൃഷ്ണനെ സമീപിക്കുകയായിരുന്നെന്നും രാജമൗലി അഭിമുഖത്തിൽ പറഞ്ഞു.