മൂത്ത മകൾ ജാൻവിയുടെ സിനിമ പ്രവേശനം കാണാതെയായായിരുന്നു ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്. ബന്ധുവിന്റെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചപ്പോഴും ഷൂട്ടിങ് തിരക്കുകൾ കാരണം ജാൻവി പോയിരുന്നില്ല. എന്നാൽ അമ്മ ദുബായിലേക്ക് പോകുന്നതിന് മുമ്പ് ആദ്യ സിനിമയ്ക്ക് വേണ്ടി ബൈക്ക് ഓടിക്കാൻ പഠിച്ചത് കാണിക്കാൻ അമ്മയെയും പിറകിലിരുത്തി മകൾ നടത്തിയ ബൈക്ക് റൈഡിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ അരങ്ങേറ്റ ചിത്രമായ ധഡക്കിന് വേണ്ടിയാണ് ജാൻവി ബൈക്ക് ഓടിക്കാൻപരിശീലിച്ചത്. ബൈക്കോടിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്തണമെന്ന് ജാൻവിക്ക് നിർബന്ധമുണ്ടായിരുന്നു.നന്നായി ബൈക്ക് ഓടിക്കുമെന്ന് അമ്മയെ കാണിക്കാൻ മുംബൈയിലെ തങ്ങളുടെ ആഢംമ്പര വസതിക്ക് പുറത്ത് ശ്രീദേവിയെയും പുറകിലിരുത്തി ജാൻവി നടത്തിയ ബൈക്ക് റൈഡിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

മക്കളായ ജാൻവിയുടെയും ഖുഷിയുടെയും കാര്യത്തിൽ വളരെയെറെ ശ്രദ്ധയുള്ളയാളായിരുന്നു ശ്രീദേവി. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ മക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകി ശ്രീദേവി എന്നും ഒപ്പമുണ്ടാകാറുണ്ടായിരുന്നു.

ജാൻവി നായികയായി അഭിനയിക്കുന്ന ധഡക്കിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിറിമെയ്‌ക്ക് ആണ് ധഡക്ക്. നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷാൻ ഖട്ടർ ആണ് നായകനാകുന്നത്. ജൂലൈ ആറിനായിരുന്നു ചിത്രം റിലീസിനായി തീരുമാനിച്ചിരുന്നത് എന്നാൽ ശ്രീദേവിയുടെ നിര്യാണത്തെ തുടർന്ന് ജുലൈ ഇരുപതിലേക്ക് മാറ്റുകയായിരുന്നു.