സിനിമയുടെ പബ്ലിസിറ്റിക്കായി എന്തും ചെയ്യുന്ന ആളായ രാംഗോപാൽ വർമ്മ അദ്ദേഹത്തിന്റെ പുതിയ സിനിമയായ സാവിത്രി ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ മുതലെ വിവാദത്തിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആദ്യമായി സിനിമയുടെ പോസ്റ്ററിട്ട് വിവാദത്തിന് തിരികൊളുത്തിയെങ്കിൽ ഇപ്പോൾ സിനിമയുടെ പേര് മാറ്റിയതാണ് പുലിവാലായിരിക്കുന്നത്.

സാവിത്രി എന്ന ചിത്രത്തിന്റെ പേര് ശ്രീദേവി എന്ന മാറ്റിയതതാണ് രാംഗോപാൽ വർമ്മയെ വീണ്ടും വിവാദത്തിലാക്കിയത്. സിനിമയുടെ പേരിനെതിരെ സാക്ഷാൽ ശ്രീദേവി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ സംവിധായകൻ രാംഗോപാൽ വർമ്മയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പേര് മാറ്റുകയും ദേശീയ മാദ്ധ്യമങ്ങളിലൂടെ മാപ്പ് ഖേദപ്രകടനം നടത്തണമെന്നുമാണ് ശ്രീദേവി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് രാംഗോപാൽ വർമ്മ പ്രതികരിച്ചു.ഏതെങ്കിലും പേരിന് ആർക്കും പകർപ്പവകാശം അവകാശപ്പെടാനാകില്ലെന്ന് രാംഗോപാൽ വർമ്മ പറഞ്ഞു. തന്റെ സിനിമയ്ക്ക് നടി ശ്രീദേവിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പേരു മാറ്റുകയോ മാപ്പ് പറയേണ്ടതിന്റെയോ ആവശ്യമില്ലെന്ന് രാംഗോപാൽ വർമ്മ പ്രതികരിച്ചു. ചിത്രം പുറത്തിറങ്ങുമ്പോൾയാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കൗമാരക്കാരന് തന്നേക്കാൾ 25 വയസിന് മൂത്ത സ്ത്രീയോട് തോന്നുന്നപ്രണയവും ലൈംഗികാകർഷണവുമാണ് സിനിമയുടെ പ്രമേയം. അനുകൃതിശർമ്മയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.