തിരുവനന്തപുരം: സോഷ്യൽ മീഡിയ വിർച്വൽ ലോകത്ത് നിന്നും തെരുവിൽ ഇറങ്ങിയപ്പോൾ പരിഭ്രാന്തരായവരുടെ പരിദേവങ്ങളാണ് ചുറ്റിലും. ഒളിഞ്ഞിരുന്ന നുണ പ്രചരിപ്പിക്കുന്നവരെന്ന ആക്ഷേപത്തിനേറ്റ തിരച്ചടിയായിരുന്നു ഇന്നലെ സെക്രട്ടറിയേറ്റിനു മുമ്പിൽ തടിച്ചുകൂടിയ ആയിരങ്ങൾ. അപ്പോൾ ഇവർ പറയുന്നത് വിചിത്രമായ പുതിയ ന്യായങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഉള്ളവരിലെത്ര പേർക്കു വിവരം ഉണ്ടോയെന്നാണ് ചോദ്യം.

ആരൊക്കെയോ പറയുന്നത് കേട്ട് നുണ പറയുന്നതല്ലാതെ സത്യം അറിയാൻ ആരും ശ്രമിക്കുന്നില്ലത്രേ. സമരം ചെയ്യുന്ന ശ്രീജിത്തിന് വട്ടാണ്. കൊല്ലപ്പെട്ട ശ്രീജീവ് കള്ളനും മോഷ്ടാവും പെണ്ണുപിടിയനുമായിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അവൻ പല പെൺകുട്ടികളെയും തെരുവിലിറക്കി. പൊലീസ് കേസെടുത്തപ്പോൾ ആത്മഹത്യ ചെയ്തു. നീതി നടപ്പിലാക്കാൻ ആഹോരാത്രം പണിപ്പെട്ട പാവം പൊലീസുകാരെ ഇങ്ങനെ ക്രൂശിക്കരുത്...! ഇങ്ങനെ പോകുന്നു മറ്റന്മാരുടെ ന്യായ വിവരങ്ങൾ.

എന്തിനായിരുന്നു ആ വ്യാജ ആത്മഹത്യ കുറിപ്പുണ്ടാക്കിയത് സാർ?

പൊലീസുകാരെ ന്യായീകരിക്കാൻ വേണ്ടി ഇവറ്റകൾ പ്രചരിപ്പിക്കുന്നത് ഒരു ആത്മഹത്യ കുറിപ്പിന്റെ കാര്യമാണ്. ജീവിതം മടുത്തു എന്നു പറഞ്ഞരൊരു കുറിപ്പ്. എന്നാൽ, ഇൻക്വസ്റ്റ് തയ്യാറാക്കിയ ഡോക്ടർ വ്യക്തമായി എഴുതുന്നു ആത്മഹത്യാ കുറിപ്പേ ഉണ്ടായിരുന്നില്ല എന്ന്. അത് ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ ഭാഗമാണ്. പൊലീസ് സ്റ്റേഷനിൽ വച്ചു ആത്മഹത്യ ചെയ്താൽ കുറിപ്പ് കണ്ടെത്താൻ താമസിക്കേണ്ട കാര്യമില്ലല്ലോ.

ആ കുറിപ്പ് വ്യാജം ആയിരുന്നു എന്നു കയ്യക്ഷര വിദഗ്ദ്ധന്മാരുടെ സഹായത്തോടെ പൊലീസ് അഥോറിറ്റി കണ്ടെത്തിയിട്ടുണ്ട്. അതു ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ റിപ്പോർട്ടിൽ എടുത്തു പറയുന്നു. അപ്പോൾ ചോദ്യം ഇതാണ്. എന്തിനാണ് ഇങ്ങനെ ഒരു വ്യാജ ആത്മഹത്യ കുറിപ്പ് ഉണ്ടാക്കിയത്? തല്ലിക്കൊല്ലുന്നത് മറച്ചു വെയ്ക്കാൻ വേണ്ടി ആയിരുന്നില്ലേ? എന്നിട്ട് ന്യായം പറയുന്നോ?

ജസ്റ്റിസ് നാരായണക്കുറിപ്പ് പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞയാൾ ആണോ?

ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നാരായണക്കുറിപ്പാണ് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ. ആ ജസ്റ്റിസാണ് പറഞ്ഞത് ഇത് കസ്റ്റഡി മരണമാണ്, കൊലപാതകം ആണ് എന്ന്. തെളിവുകൾ ഒന്നുമില്ലാതെ ഹൈക്കോടതി ജഡ്ജിയായിരുന്ന ഒരാൾ ഇങ്ങനെ വിധി എഴുതുമോ? ആരും ഇല്ലായിരുന്നു ശ്രീജിത്തിന് വേണ്ടി വാദിക്കാൻ. അപ്പോൾ പിന്നെ സ്വാധീനമുള്ള ശ്രീജിത്തിനായി നടന്ന ഒത്തുകളിയാണ് എന്നു പറയാൻ പറ്റുമോ?

പത്താം ക്ലാസ്സും ഗുസ്തിയുമായി ആർക്കും ഹൈക്കോടതി ജഡ്ജിയാവാൻ പറ്റില്ലല്ലോ. നാരായണക്കുറിപ്പന് പൊലീസിനെ കണ്ണെടുത്താൽ കണ്ടു കൂടാ എന്നാണ് അതിന് ന്യായം പറയുന്നത്. പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള പരാതി കേൾക്കേണ്ടവർക്ക് പൊലീസിനെ കെട്ടിപ്പിടിച്ചിരിക്കാൻ പറ്റുമോ? അവർ തീർച്ചയായും പൊലീസനെ സംശയത്തിന്റെ മുനയിൽ നോക്കി കാണുന്നവർ തന്നെയാവാം. എന്നാൽ നിയമവും ചട്ടവും ആവണം അവരെ നിയന്ത്രിക്കുന്നത്. ഒരു ഹൈക്കോടതി ജഡ്ജി അത് പാലിക്കില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്.

അയൽക്കാരിയെ പ്രേമിച്ച ആദ്യത്തെ യുവാവാണോ ശ്രീജീവ്?

എന്തായിരുന്നു ശ്രീജീവിന്റെ മരണത്തിലേക്ക് നയിച്ച സംഭവം? അയൽപ്പക്കത്തെ അന്യജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. ആ പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് അവിടുത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ. പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുന്നു. കല്ല്യാണ ദിവസം ശല്യം ചെയ്യാൻ എത്തുമോ എന്നു ഭയന്ന് പൊലീസ് മോഷണക്കുറ്റം ആരോപിച്ചു കൊണ്ടു പോകുന്നു. മൂന്നാം ദിവസം വിഷം കഴിച്ചു മരിച്ചു എന്നു പൊലീസ് പറയുന്നു.

ഇത്രയും പോരേ ഒരു ദുരൂഹ മരണമായി കരുതാൻ? അതും സ്വന്തം നാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് നായിക എങ്കിൽ. അതു മാത്രമാണ് ശ്രീജിത്ത് ഉന്നയിക്കുന്നത്. അന്വേഷിക്കണം. എന്തു സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന്. എന്നിട്ടെന്തേ ഇത്രനാൾ ആരും അത് ഗൗനിച്ചില്ല. രണ്ട് വർഷത്തിൽ അധികം നിരാഹാരം ഇരുന്നപ്പോൾ ഭ്രാന്താണ് എന്നു പറഞ്ഞു അവഗണിച്ചതല്ലാതെ എന്തെങ്കിലും സംഭവിച്ചോ?

സിബിഐക്ക് കത്തെഴുതിയാൽ ഇരട്ട ചങ്കൻ എന്നു വിളിക്കാൻ പറ്റുമോ?

നമ്മുടെ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ആരാധകർ സ്‌നേഹപൂർവ്വം വിളിക്കുന്നത് ഇരട്ട ചങ്കൻ എന്നാണ്. ഏതു വിഷയത്തിലും ഇടപെട്ട് നെഞ്ചുറപ്പോടെ പരിഹാരം ഉണ്ടാക്കുന്നതുകൊണ്ട് നൽകിയ പേരാണിത്. ഒരു മനുഷ്യൻ രണ്ട് കൊല്ലമായി സത്യാഗ്രഹം ഇരിക്കുകയും നിരവധി തവണ കയറി ഇറങ്ങി തന്റെ പ്രസംഗം ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടും അനങ്ങാതിരുന്നതാണോ ഇരട്ടചങ്ക്? കഴിഞ്ഞ സർക്കാരിന്റെ കാര്യം പോട്ടെ. അവിടെ ഇരട്ടചങ്കന്മാരില്ലായിരുന്നു. അങ്ങനെയാണ് ഈ സർക്കാർ? എന്നിട്ടെന്തേ അനങ്ങാതിരിക്കുന്നത്?

സിബിഐക്ക് കത്ത് നേരത്തെ എഴുതിയിരുന്നു, ഇനി ഒന്നും കൂടി എഴുതിയേക്കാമെന്നു മുഖ്യമന്ത്രി പറയുന്നു. തീർന്നോ ഇതോടെ ഉത്തരവാദിത്തം? ഇരട്ടചങ്കന്മാരുടെ പണി ഒരു കത്തെഴുത്തു മാത്രമാണോ? എന്തുകൊണ്ട് നേരിട്ട് പോയോ മന്ത്രിമാരെ വിട്ടോ ശ്രീജിത്തിന് പറയാനുള്ളത് കേൾക്കുന്നില്ല? എന്തുകൊണ്ട് ശ്രീജിത്തിന്റെ പ്രശ്‌നം അന്വേഷിക്കാൻ ഒരു ഏജൻസിയെ ഏൽപ്പിക്കുന്നില്ല? എന്തുകൊണ്ട് ക്രൈംബ്രാഞ്ച് പോലെയുള്ള ഏജൻസികൾക്ക് അന്വേഷിച്ചുകൂടാ? എന്തുകൊണ്ട് അന്വേഷണം പൂർത്തിയാവും വരെ ആരോപിതരെ മാറ്റി നിർത്തുന്നില്ല?

ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയാൻ സഖാവേ താങ്കൾക്ക് ബാധ്യതയുണ്ട്. ഇതൊരു ജനവികാരമാണ്. ഇതൊരു മുന്നറിയിപ്പാണ്. മാറി നിൽക്കൂ, കടക്കൂ പുറത്തു എന്നൊന്നും പറഞ്ഞാൽ തീരുന്നത്ര ലളിതമല്ല. താങ്കളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടാൽ പേടിക്കുന്ന പത്രക്കാരുടെ കൂടെ വരില്ല ഇവർ. ഇവർ സോഷ്യൽ മീഡിയയിലെ ഭൂതങ്ങളാണ്. തെരുവിൽ ഇറങ്ങിയാൽ മറ്റൊരു മുല്ലപ്പൂ വിപ്ലമായി മാറും. അതിനെ നേരിടാൻ അങ്ങയുടെ ഇരട്ട ചങ്ക് തികയാതെ വരും. അതുകൊണ്ട് ഭൂമിയിലേയ്ക്ക് ഇറങ്ങുക. ഉത്തരവാദിത്തത്തോടെ കടമ നിറവേറ്റുക.