പീഡനം പീഡനം നാട്ടിലാകെ സർവ്വത്ര പീഡനം, ചോരകുഞ്ഞു മുതൽ വന്ദ്യവയോധികവരെ ഇറച്ചി വെട്ടുകാരുടെ ലിംഗ കത്തികൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. പള്ളികളിലും പള്ളിമേടകളിലും അമ്പലത്തിലും അമ്പല പറമ്പുകളിലും സ്ഖലന പൂജകളും രതിമേളങ്ങളുംകൊണ്ട് വിജ്രംഭിച്ചുകൊണ്ടിരിക്കുകയാണ്. പീഡനത്തെത്തുടർന്ന് +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ പ്രതിയായ വൈദികനെ പൊലീസ് കസ്റ്റഡിയിലെടുത്ത വാർത്തയാണ് പുതിയത്. കണ്ണൂർ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് ഈ വൈദികൻ. ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത കോളിനെ ചുറ്റിപ്പറ്റിയുടെ അന്വേഷണങ്ങളെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂർ ചാലക്കുടിയിൽ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി പ്രസവിച്ച സംഭവം കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രി അധികൃതർ മൂടിവച്ചതായും ആരോപണമുയർന്നിട്ടുണ്ട്. ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽനിന്ന് കണ്ടെത്തി.

ദാരിദ്ര്യം,ബ്രഹ്മചര്യം,അനുസരണം എന്നീ വ്രതങ്ങൾ ആയുഷ്‌ക്കാലം മുഴുവൻ അനുവർത്തിക്കേണ്ടവരാണ് സഭയിലെ സന്യാസികൾ ....ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു വ്രതമെങ്കിലും ഇവർ പാലിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല...ഇപ്പറഞ്ഞ വ്രതങ്ങളൊക്കെ ഞായറാഴ്‌ച്ച പ്രസംഗങ്ങളിൽ മാത്രം ഒതുക്കി കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങൾ ഏർപ്പാടാക്കി ജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ വൈദികരിൽ ഭൂരിഭാഗവും..ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു. എന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒൻപത് വയസ്സുകാരിയുടെ അടിവസ്ത്രം അഴിച്ചു പരിശോധിക്കുന്നത് വൈദികരിൽ സംഭവിച്ചിരിക്കുന്ന വൻ മൂല്യച്യുതിയെ തുറന്നുകാട്ടുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.ഒരിക്കലും പുറത്തു വരാതെ പള്ളിമേടകളിൽ ഒതുങ്ങിപ്പോകുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന ആളാണ് ഞാൻ ..പക്ഷേ പള്ളീലച്ചനെ വിമർശിക്കുന്നവന് തെമ്മാടിക്കുഴി എന്ന അലിഖിത സത്യം വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.

സെക്‌സ് ആണ് ആദിപാപം എന്നാ തെറ്റിദ്ധാരണ ഈ സമൂഹത്തെ പിൻവാതിലിലൂടെ വെല്ലുവിളിക്കുകയാണ് . മേൽ സൂചിപ്പിച്ച ഇത്തരം പരീക്ഷണങ്ങളെക്കാൾ എല്ലാം നല്ലത് കത്തോലിക്കാ സഭയിലെ പുരോഹിതരേയും മറ്റു ക്രിസ്ത്യൻ സഭകളിലേപ്പോലെ വൈവാഹിക/കുടുംബ ജീവിതങ്ങൾക്ക് അനുവദിക്കുക എന്നതാണ്....വിദ്യാഭ്യാസത്തിനു ശേഷം പുരോഹിതപ്പട്ടം സ്വീകരിക്കുന്നതിനു മുൻപേ , ഒരു ഓപ്ഷൻ സംവിധാനം ഏർപ്പെടുത്തിയാൽ കൂടുതൽ സൗകര്യമാകും...മറ്റു പല സഭകളിലും അങ്ങനെയാണ്.വിവാഹജീവിതം കൂടി ഓപ്ഷൻ ആയി സ്വീകരിച്ചവർക്ക് തുടർപ്രൊമോഷനുകൾ ആയ മെത്രാൻ/ബിഷപ്പ് തുടങ്ങിയവ ലഭ്യമാകില്ല.....അതല്ലാതെ , ശ്രഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം , അനുവദിച്ചുനൽകിയ കാമം / പ്രണയം എന്ന മഹനീയ വികാരത്തെ നിഷേധിക്കുന്നതിലൂടെ സ്വയം ദൈവനിഷേധികളായി പുരോഹിതവർഗ്ഗത്തെ മാറ്റരുത്...സുഖലോലുപമായ ഒരന്തരീക്ഷത്തിൽ ആ ആസക്തിയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ പോലും ഇല്ലാതാക്കാൻ സാധ്യമല്ല എന്ന സത്യം ഇവർ മാത്രം എന്തേ തിരിച്ചറിയുന്നില്ല.....?

കോടികൾ മുടക്കി ഷോപ്പിങ് കോംപ്ലക്‌സുകൾ പോലെ പണിത ആഡംബരത്തിന്റെയും അഹന്തയുടേയുടെയും നെരുപ്പോടോടെ മതസരബുദ്ധിയാൽ നിർമ്മിക്കപ്പെട്ട പള്ളികളിൽ നിന്നും അമ്പലങ്ങളിൽ നിന്നും ദൈവങ്ങൾ പണ്ടേ ഇറങ്ങിയിരിക്കും. പെരുന്നാളുകളും ആഘോഷങ്ങളും, വെടിക്കെട്ടുകളും ഒരോ വർഷവും മുടക്കം കൂടാതെ നടക്കുമ്പോഴും ,വിശ്വാസികൾ സമൂഹത്തിൽ പരിഹസിക്കപ്പെടുന്നതിനുള്ള , തിരസ്‌കരിക്കപ്പെടുന്നതിനുള്ള കാരണം മറ്റൊന്നുമല്ല , ഈ ആഘോഷങ്ങളിലോ ദേവാലയങ്ങളിലോ ക്രിസ്തുവിന്റെയോ, ശിവന്റേയോ, പ്രവാചകന്റെയോ സാമീപ്യം അല്പം പോലും ആർക്കും അനുഭവപ്പെടാതെ എല്ലാം പ്രഹസനങ്ങൾ ആയി മാറിയിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയും ഭയവും ചൂഷണം ചെയ്താണിവർ അവരുടെ തന്നെ ചെലവിൽ തിന്നു കൊഴുക്കുന്നതും അവരെ തന്നെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും.പ്രിയപ്പെട്ട ദൈവമേ ഈ കുഞ്ഞാടുകളോട് പൊറുക്കണമേ.

കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റ ശേഷം ഫ്രാൻസിസ് മാർപ്പാപ്പ സഭയിലെ വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുത്തിരുന്നു. എന്നാൽ പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ നടന്ന സംഭവം പുറത്തുവരാതെ വൈദികനെ സംരക്ഷിക്കാൻ അറിഞ്ഞോ അറിയാതെയോ സഭയും സഭാ സംവിധാനങ്ങളും കൂട്ട് നിന്ന് എന്നത് നടന്ന പീഡനത്തെക്കാൾ ഏറെ ഭയപ്പാടോടുകൂടെ കാണേണ്ട ഒന്നാണ്. തെറ്റുകളും പുഴുക്കുത്തുകളും എത്രയും വേഗം കണ്ടെത്തി നടപടിയെടുക്കേണ്ടവർ തന്നെ അത് മറച്ചു വയ്ക്കുന്നത് ആത്മീയതയിൽ അഴുകി ഇപ്പോഴുണ്ടായതുപോലെയുള്ള അസഹനീയ ദുർഗന്ധവ്യാപനത്തിന് കാരണമാകുന്നു.

നാം പൊതുജനങ്ങൾ കരുതുപോലെ കഠിനമായ ശിക്ഷ നൽകി, ഇത്തരം വിശുദ്ധ കുറ്റവാളികളുടെ വലിയൊരു കൂട്ടത്തെ നേരെയാക്കുക വളരെ പ്രയാസമാണ്. കൂട്ടത്തിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഫലപ്രദമായ ശിക്ഷകൾ കൊണ്ടവരെ നേർവഴിക്കു തിരിച്ചുവിടാൻ നമുക്കു സാധിക്കും. ഒന്നാലോചിച്ചു നോക്കൂ, മൊല്ലാക്കയെന്നോ, പൂജാരിയെന്നോ പള്ളീലച്ഛനെന്നോ വ്യത്യാസമില്ലാതെ ഒരു സമൂഹത്തിൽ വലിയൊരു ശതമാനം ആളുകളും കുറ്റവാളികളാണെങ്കിൽ അവർക്കൊക്കെയും വധശിക്ഷ നൽകാനാകുമൊ? ഒരു പക്ഷെ, ഒരു ബലാംത്സംഗത്തേക്കാൾ ക്രൂരമായിരിക്കും ആ പ്രവൃത്ത.

ഇപ്പോൾ സംഭവിച്ചതുപോലുള്ള വിശുദ്ധ കുറ്റകൃത്യങ്ങൾ തടയാനേറ്റവും നല്ല പോംവഴി ശിക്ഷകൾ നടപ്പാക്കുകയാണെന്ന് സാമാന്യമായി വിശ്വസിച്ചു പോരുന്നു. ഒരു പരിധിവരെ അത് ശരിയുമായിരിക്കും. എന്നാൽ റോബിനെ പോലുള്ള കുറ്റവാളികളിൽ അധികം പേരും മറിച്ചാണ് ചിന്തിക്കുന്നത്. അവർ കൂടുതൽ ശ്രദ്ധാപൂർവം കുറ്റകൃത്യങ്ങൾ ചെയ്യാൻ തയ്യാറെടുക്കുന്നു. നിയമത്തിന്റെ കണ്ണിൽ പെടാതെ മറഞ്ഞു നിൽക്കാനുള്ള വഴികൾ കണ്ടെത്തുന്നു. അവസരങ്ങൾക്കു കാത്തിരിക്കുന്നതിനിടയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവു വന്നുവെന്നുവരാം. പക്ഷെ ആ പ്രവണത അപ്പോഴും കുറ്റവാളിയുടെ മനസ്സിൽതന്നെയുണ്ട്. ഒരു പഴുതു കിട്ടിയാൽ അത് പുറത്തേക്കു ചാടും.

ക്രൈസ്തവ പുരോഹിതർ നടത്തിയ ലൈംഗിക പീഡനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാപ്പപേക്ഷിക്കേണ്ടിവന്നത് നമ്മുടെ വിശ്വാസ സമൂഹത്തിനു വന്ന അപചയത്തിന്റെ മകുടോദാഹരനാവുമാണ്. കുട്ടികളുടെ സംഘടനയായ കാത്തലിക് ചൈൽഡ് ബ്യൂറോയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ മാപ്പ് ചോദിച്ചത്. ഫ്രാൻസിസ് പാപ്പയുടെ മുൻഗാമി ബെനഡിക്ട് പതിനാറാമനും പുരോഹിതരുടെ ബാല ലൈംഗികപീഡനത്തിന്റെ പേരിൽ മാപ്പ് അപേക്ഷിച്ചിരുന്നു എന്നത് ഈ സമൂഹത്തിനു തന്നെ അപമാനകരമാണെന്നു പറയാതെ വയ്യ. 1950 - 2015 കാലഘട്ടത്തിൽ ഇന്ത്യയിൽ ഉൾപ്പെടെ ലോകത്താകമാനം ലക്ഷക്കണക്കിന് പെൺകുട്ടികളും ആൺകുട്ടികളും വൈദികരുടെ പീഡനനങ്ങൾക്കു ഇരയായിട്ടുണ്ടെന്നുള്ള ഓസ്ട്രേലിയൻ റോയൽ കമ്മീഷൻ റിപ്പോർട്ട് നമുക്ക് മുൻപിലുണ്ട് എന്നത് സഭ ഒരു സമഗ്ര പുനർവിചിന്തനം നടത്തേണ്ടതിനുള്ള ഹേതുവായി ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.

കേരളത്തിൽ ഏറ്റവും സജീവമായി ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകമാണ് സിസ്റ്ററുടെ ആത്മകഥയായ 'ആമേൻ' ഇരുപതോളം പതിപ്പുകൾ പുറത്തിറങ്ങിയ ഒരു വിപ്ലവ രചന. ബ്രഹ്മചര്യം നടപ്പിലാക്കുക എന്നത് കഠിനമായ പ്രവൃത്തിയാണെന്ന് ആമേനിൽ പറയുന്നു. ബഹുഭൂരിപക്ഷം പേരും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് ലംഘിക്കുന്നവരാണ്. വൈദികരുടെ അസാന്മാർഗ്ഗിക പ്രവൃത്തിക്ക് പിഴയൊടുക്കിത്തന്നെ കത്തോലിക്കാസഭയുടെ സ്വത്ത് മുഴുവൻ തീർന്നു പോകും എന്ന് പറയാറുണ്ട്. ഇവരുടെ ലൈംഗിക പീഡനത്തിന് ഇരയായവരോട് നിരന്തരം ക്ഷമ ചോദിച്ചുകൊണ്ടിരിക്കുകയാണ് പോപ്പ്. ഇങ്ങനെയൊരു സാഹചര്യത്തിൽ വിവാഹം കഴിച്ചുകൊണ്ടുള്ള പൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയോ സഭാചട്ടങ്ങൾ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടത് ആവശ്യമല്ലേ എന്ന ഏതൊരു സാധാരണ വിശ്വാസിയുടെയും ചോദ്യത്തിന് സിസ്റ്റർ മറുപടി നല്കുന്നതിങ്ങനെയാണ്.

'എനിക്ക് മാർപാപ്പയോട് ഉന്നയിക്കാനുള്ള രണ്ട് ആവശ്യങ്ങളിൽ ഒന്ന് വൈദികരേയും കന്യാസ്ത്രീകളേയും വിവാഹം കഴിക്കാനനുവദിക്കുക എന്നതാണ്. രണ്ടാമത്തേത് മൂന്നാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടുക എന്നതും. 

ഇന്ന് കന്യാസ്ത്രീകളും വൈദികരും സദാചാരപരമായി ഏറ്റവും മോശമായാണ് ജീവിക്കുന്നത്. ഞങ്ങളുടെ ഇടയിൽ പറയാറുണ്ട് പുരുഷന്മാരായി ജനിക്കുകയാണെങ്കിൽ വൈദികരായി ജീവിക്കണം എന്ന്. അസാന്മ്മാർഗ്ഗിക ജീവിതമാണ് ഇതിൽ ഭൂരിപക്ഷം പേരും നയിക്കുന്നത്. വ്യത്യസ്തരായ സ്ത്രീകൾ, എന്നാൽ ഒരു ഉത്തരവാദിത്തവും ഏൽക്കുകയും വേണ്ട. ഭർത്താവ് നാട്ടിൽ ഇല്ലാത്തതും ഉള്ളതുമായി ഏത് തരത്തിലുള്ള പെണ്ണിനേയും കിട്ടും. അഥവാ അവൾ ഗർഭിണിയായാൽ ഭർത്താവിന്റെ കുട്ടിയായി പ്രസവിച്ചുകൊള്ളും. അച്ഛന് ഒരു കുഴപ്പവും വരില്ല. പോരെങ്കിൽ കന്യാസ്ത്രീകൾ വേറെയും. കന്യാസ്ത്രീ മഠത്തിൽ സ്വവർഗ്ഗരതി വ്യാപകമാണ്. ഇതിന്റെ പേരിൽ അക്രമവും കൊലപാതകവും വരെ നടക്കുന്നു. ഞങ്ങൾ മഠത്തിൽ ഇത്തരം സ്വവർഗ്ഗരതിയെ 'പ്രത്യേകസ്നേഹം' എന്നാണ് വിളിക്കാറുള്ളത്. ഈ അടുത്തകാലത്ത് പത്രങ്ങളിൽ വാർത്തയായി വന്ന കന്യാസ്ത്രീ മഠങ്ങളിൽ നടന്ന പല സംഭവങ്ങളുടേയും പിന്നിൽ സ്വവർഗ്ഗരതിയും അതിനോടനുബന്ധമായ പ്രശ്നങ്ങളുമാണ്. തിളച്ച വെളിച്ചണ്ണ എടുത്തൊഴിക്കുക എന്നൊക്കെ പറഞ്ഞാൽ. കഴിഞ്ഞ ദിവസം മാർപാപ്പ പറഞ്ഞു, രണ്ട് ശതമാനം പുരോഹിതർ കുട്ടികളെ പീഡിപ്പിക്കുന്നവരാണെന്ന്. എന്താ അതിനർത്ഥം? അമ്പതു പേരിൽ ഒരാൾ പീഡിപ്പിക്കുന്നവരാണെന്ന്. പെണ്ണുങ്ങളെ പിടിക്കൽ പോകട്ടെ. കുട്ടികളേയും അൾത്താരബാനമാരെയുമാണ് പീഡിപ്പിക്കുന്നത്. അതാണ് സങ്കടം. ആലോചിച്ചു നോക്കൂ എത്ര വലിയ സംഖ്യയായെന്ന്, ലക്ഷക്കണക്കിന് വൈദികരുണ്ട് സഭയിൽ. കേരളത്തിൽ മാത്രം 35000 കന്യാസ്ത്രീകൾ ഉണ്ടെന്നാണ് ഇതിനിടെ മാർപവ്വത്തിൽ പിതാവ് പറഞ്ഞത്.

എത്രകൊല്ലമായി പോപ്പ് ക്ഷമ ചോദിക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ മാർപാപ്പയുടെ 'മഹാത്യാഗം' ഉണ്ടായില്ലേ. എപ്പൊഴാ ഈ 'സ്ഥാനത്യാഗം' ഉണ്ടായേ? അയാളെ ജയിലിൽ പിടിച്ചിടും എന്ന ഘട്ടം വന്നപ്പോഴാണ് ത്യാഗം ഉണ്ടായത്. ഇതിനെയൊക്കെ ഈ മാർപാപ്പ അപലപിക്കുന്നത് എന്തുകൊണ്ടാ? അല്ലെങ്കിൽ നാളെ ഈ മാർപാപ്പയുടെ പേരിലാണ് പല കേസുകളും വരിക. വ്യക്തിമാറിയതു കൊണ്ട് പലതും തൽക്കാലം ഒതുങ്ങി. എന്നിട്ടും ബ്രഹ്മചര്യം ബ്രഹ്മചര്യം എന്നു പറഞ്ഞിരിക്കുന്നതിൽ എന്താ അർത്ഥം?

പുതിയ മാർപാപ്പ പുരോഗമന ചിന്താഗതിക്കാരനാണ്. അദ്ദേഹം മൂന്നാം വത്തിക്കാൻ കൗൺസിൽ വിളിച്ചു കൂട്ടട്ടെ. രണ്ടാം വത്തിക്കാൻ കൗൺസിലിലാണ് മതത്തിൽ കുറച്ച് മാറ്റം വന്നത്. ജനലുകൾ തുറന്നിടൂ എന്ന ആഹ്വാനം അതിലാണ് ഉണ്ടായത്. കുറേ അച്ചന്മാരും സിസ്റ്റമാരും സഭ വിട്ട് പോയി. കാറ്റും വെളിച്ചവും കടക്കുമ്പോൾ പോകുന്നതെല്ലാം പോകട്ടെ. അന്ന് നിൽക്കാനുള്ളവർ നിന്നു. 21-ാം നൂറ്റാണ്ടിൽ കാര്യങ്ങൾ പുനർവ്യാഖ്യാനം ചെയ്യണം. വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഒരു മാർപ്പാപ്പയും പറയാത്ത വാക്ക്. അത്രയെങ്കിലുമാകട്ടെ.'

സഭ പീഡിപ്പിക്കുന്നവരുടേയും ചൂഷണം ചെയ്യുന്നവരുടേയും ഭാഗത്താണ് നിൽക്കുന്നത് എന്നാണല്ലോ സിസ്റ്റർ അഭയയുടെ കാര്യത്തിലായാലും പ്രൊഫ. ജോസഫിന്റെ കാര്യത്തിലായാലും സിസ്റ്റർ ജസ്മിയുടെ കാര്യത്തിലായാലും, ഇപ്പോൾ ഇതാ റോബിൻ മെത്രാന്റെ കാര്യത്തിലായാലും നമ്മൾ മനസിലാക്കേണ്ടത് ?

സിസ്റ്റർ ജെസ്മി പറയുന്നു:

'സഭയ്ക്കുള്ളിൽ അവർ വേറൊരു ലോകം സൃഷ്ടിച്ചുവച്ചിരിക്കുകയാണ്. ഒരു കൃത്രിമലോകം. അതു പറയാനാണ് ഞാൻ അതിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. നിങ്ങളൊന്നും കാണുന്ന കാഴ്ചയല്ല അവർ കാണുന്നത്. ഒരു പത്രം വായിക്കുമ്പോൾ അവർ മനസ്സിലാക്കുന്നത് നമ്മളൊന്നും മനസ്സിലാക്കുന്നതല്ല. അടിമുടി വ്യത്യസ്തമാണ്. അഭയകേസിൽ അഭയയാണ് തെറ്റ് ചെയ്തതെന്നും അവർ കിണറ്റിൽ ചാടിയതാണെന്നും അതിലെ 99 ശതമാനം ആൾക്കാരും ഇന്നും വിശ്വസിക്കുന്നു. അമേരിക്കയിൽ നിന്നും ഒരു വയസ്സനച്ചൻ ഒരിക്കൽ എന്നെ ഫോൺ വിളിച്ച് പറഞ്ഞു. 'സിസ്റ്ററേ, അവൾ ചീത്ത പെണ്ണാണ്. അവൾ പരപുരുഷന്മാരുമായി ബന്ധപ്പെട്ട് ഗർഭിണിയായി കിണറ്റിൽ ചാടിയതാണ്. സിസ്റ്റർ മറ്റുള്ളവർ പറയുന്ന കഥയൊന്നും വിശ്വസിക്കരുത്.' ഇതാണ് അവസ്ഥ.

അവർക്കാർക്കും പുറത്തെ വെളിച്ചം കിട്ടിയിട്ടില്ല. എനിക്ക് എങ്ങനെ കിട്ടി എന്നു വച്ചാൽ, ഇംഗ്ലീഷ് അദ്ധ്യാപികയായതുകൊണ്ട് നിരവധി തവണ എനിക്ക് പുറത്ത് ചർച്ചയ്ക്കും മറ്റും പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരിക്കൽ ധാർവാർഡിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടുന്ന് ഒരു സ്ത്രീ ചോദിച്ചു, സിസ്റ്ററേ, കുന്തിയും നമ്മുടെ മാതാവും (യേശുവിന്റെ അമ്മ) തമ്മിൽ എന്താണ് വ്യത്യാസം? ഞാൻ ചിന്തിച്ചു, കുന്തിദേവി വെറുമൊരു സാധാരണ കഥാപാത്രം. ഒരു ഫിക്ഷണൽ ക്യാരക്ടർ. എന്നാൽ മാതാവ്....! ഹൊ- നമ്മുടെ മാതാവ്....! അവർ വീണ്ടും പറഞ്ഞു, കുന്തിദേവി സൂര്യനെക്കൊണ്ട് ചെവിയിലൂടെ ഗർഭം ധരിച്ചു. മാതാവ് പരിശുദ്ധാത്മാവിൽ നിന്ന് ഗർഭം ധരിച്ച് ജീസസിനെ പ്രസവിച്ചു. എന്താണ് വ്യത്യാസം? 'എനിക്ക് ഒന്നും പറയാനില്ല, ഞാൻ വിശദീകരിക്കാൻ ആളല്ല' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാൽ അത് എന്നെ ചിന്തിപ്പിച്ചു. ഞാൻ എങ്ങനെ പറയും മാതാവാണ് ശരി കുന്തിദേവി ശരിയല്ലെന്ന്?

കുറച്ചുനാൾ മുമ്പ് കോട്ടയത്തു നിന്ന് ഒരു അച്ചൻ പറഞ്ഞു. യേശുക്രിസ്തു ദൈവമല്ല വെറും മനുഷ്യനാണെന്ന്. അതൊരു ഷോക്കായിരുന്നു. ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടു സംസാരിച്ചു. ക്രിസ്റ്റോളജിയിൽ ഡോക്ടറേറ്റ് എടുത്ത ഫാദർ ജയിംസ് ഗുരുദാസ് സി.എം.ഐ. ആയിരുന്നു ആ വ്യക്തി. അദ്ദേഹം കുർബാന ചൊല്ലാറില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'എന്റെ സിസ്റ്ററേ, കുർബാനയൊക്കെ ഞങ്ങൾ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു ജാടയല്ലേ' ഞാൻ അതിശയപ്പെട്ടു. അദ്ദേഹത്തെ എന്തുകൊണ്ട് മേലധികാരികൾ ചോദ്യം ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് 'അവർക്കൊക്കെ ഇതറിയാം. ഞാൻ ക്രിസ്റ്റോളജിയിൽ ഡോക്ടറേറ്റ് എടുത്ത ആളാ. എന്നെ പഠിപ്പിക്കാൻ അവർക്കു പറ്റുമോ?' ഇതാണ് സത്യം.

നമ്മുടെ മനസ്സിലുള്ള ഓരോ വിഗ്രഹങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു. ഒരു ബിഷപ്പ് എന്നെക്കുറിച്ച് പറഞ്ഞുവത്രെ, എന്റെ കല്ല്യാണം കഴിഞ്ഞൂന്ന്. അയാളുടെ കയ്യിൽ വ്യക്തമായ തെളിവ് ഉണ്ടത്രെ. മറ്റൊരു ബിഷപ്പ് പറഞ്ഞതായി അറിഞ്ഞു, ഞാൻ അന്യപുരുഷന്മാരുമായി ലൈംഗികബന്ധം ആസ്വദിക്കുകയാണ്; അതുകൊണ്ടാണ് കല്ല്യാണം കഴിക്കാത്തത് എന്ന്. ഒരു ബിഷപ്പാണ് പറയുന്നതെന്നോർക്കണം. ആ ബിഷപ്പിന് ചിന്തിക്കാൻ സാധിക്കുന്നുണ്ടാവില്ല ലൈംഗികബന്ധം ഇല്ലാതെയും ജീവിക്കാൻ പറ്റും എന്നത്. വൈദികർക്കും ബിഷപ്പിനും അത് സാധിക്കുന്നുണ്ടാകില്ല. എനിക്ക് സാധിക്കും. അതിലവർക്ക് അസൂയയുണ്ടാകും. ഞാൻ അദ്ദേഹത്തോട് പറയാൻ പറഞ്ഞു, അകത്തുള്ള കന്യാസ്ത്രീകളിൽ എത്രപേർക്ക് കന്യകാത്വം ഉണ്ടെന്ന് നോക്കാൻ. അവരോടെങ്കിലും ബ്രഹ്മചര്യം അനുഷ്ഠിക്കാൻ പറയൂ. എന്നിട്ട് മതി എന്റെ കാര്യം നോക്കാൻ. അതിന്നവർക്ക് സാധിക്കില്ല.

പ്രൊഫസർ ജോസഫിന്റെ കാര്യം നോക്കൂ. ആരാണ് യഥാർത്ഥ തീവ്രവാദികൾ? കൈവെട്ടിയവരോ, കൈവെട്ടപ്പെട്ട ജോസഫിന്റെ ജോലി കളഞ്ഞവരോ? രണ്ടാമത്തെവിഭാഗമാണ് ഭീകരർ എന്ന് ഞാൻ പറയും. വേദനിക്കുന്നവരെ വീണ്ടും വേദനിപ്പിക്കുന്നവർ.'

ആഡംബര പള്ളികളിൽ നിന്നും എപ്പോഴോ ദൈവം ഇറങ്ങിപ്പോയി. എല്ലാ അഴിമതിയും തോന്ന്യവാസങ്ങളും നടക്കുന്ന കേന്ദ്രമായി അത് മാറി. എന്നാണ് ആത്യന്തിക ലക്ഷ്യമെന്നും എന്തിനുവേണ്ടിയാണ് ഇതൊക്കെ തുടങ്ങിയതെന്നും മറന്നുപോയി. എല്ലായിടത്തും ഇരുട്ട് പടരുന്നുണ്ടെങ്കിലും മനസ്സു പറയുന്നു, എവിടെയൊക്കെയോ വിളക്കുകൾ കത്തുന്നുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ആയാലും അത് വെട്ടം തന്നെയാണ്.

പൊലീസ്, അറസ്റ്റ്, ജയിൽ, സഭയിൽ നിന്നും പുറത്താക്കൽ അങ്ങനെ അങ്ങനെ വെറുതെ ഒരു തടയണ കെട്ടിയതുകൊണ്ടുമാത്രം പ്രയോജനമില്ല. മനുഷ്യ മനസ്സിന്റെ സമഗ്രമായ പരിവർത്തനം മാത്രമാണ് ഇതിനൊരു പോംവഴി. ലോകത്തിൽ മാറ്റം വരുത്തണമെങ്കിൽ ആദ്യം വേണ്ടത്, അവനവന്റെ മനസ്സിൽ തക്കതായ മാറ്റങ്ങൾ വരുത്തുകയാണ്. വ്യക്തിയുടെ മനസ്സിൽ പരിവർത്തനം വരാത്തിടത്തോളം കാലം, സമൂഹത്തിനോ ലോകത്തിനോ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. വ്യക്തിയുടെ മനസ്സിന് മാറ്റം വന്നില്ലെങ്കിൽ, അതായത് നമ്മൾ വെറും അന്ധമായ വിശ്വാസം നിയലനിർത്തുന്ന വിഡ്ഢികളായ വിശ്വാസികളാകാതിരിക്കുക ഈ ലോകം കുറ്റവാളികളുടെ വലിയൊരു സമൂഹമായി കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും. ബലാംത്സഗം വീട്ടിലായാലും തെരുവിലായാലും, പള്ളിയിലായാലും, സെമിത്തേരിയിലായാലും അതിന്റെ അർത്ഥത്തിനു മാറ്റമില്ല, സംഗതി ഒന്നു തന്നെ.

ഈ ലേഖനം ഒരു അടച്ചാക്ഷേപിക്കലല്ല, യഥാർത്ഥ ഇടയന്മാരായി ശാരീരിക വ്യക്തി ചിന്തകളിൽ നിന്നും ആധ്യാത്മിക ചിന്തകളിലേക്ക് ജീവിതത്തെ പറിച്ചു നട്ട ത്യാഗ ജീവിതങ്ങളെ ഏറ്റവും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഓർക്കുന്നൂ ഇ അവസരത്തിൽ.

പ്രിയപ്പെട്ട ദൈവമേ ഈ കുഞ്ഞാടുകളോട് പൊറുക്കണമേ.